ലഹരിക്കേസില്‍ ബോളിവുഡ് യുവതാരങ്ങളായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ ചോദ്യം ചെയ്‌തേക്കും

Web Desk

മുംബൈ

Posted on September 21, 2020, 6:05 pm

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ ബോളിവുഡ് യുവതാരങ്ങളായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഈ ആഴ്ച തന്നെ ഇരുവരെയും നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. സുശാന്തിന് ലഹരി എത്തിച്ചു കൊടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ ബോളിവുഡിലെ യുവതാരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.

ഈ ആഴ്ച അവസാനത്തില്‍ എന്‍ബിസി ഇരുവര്‍ക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഭൂരിഭാഗം താരങ്ങളും ലഹരി ഉപയോഗിക്കുന്നവരാണെന്ന റിയയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തഞ്ചോളം പേരെയാണ് എന്‍ബിസി നിരീക്ഷിക്കുന്നത്. പലരേയും ചോദ്യം ചെയ്യുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി, റിയയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ ജോലിക്കാര്‍, ബോളിവുഡുമായി അടുത്ത ബന്ധമുള്ള ലഹരിക്കടത്തുകാര്‍ എന്നിവരുള്‍പ്പെടെ 11 പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. സെപ്റ്റംബര്‍ 9നാണ് റിയ ചക്രവര്‍ത്തിയും ഷോവിക് ചക്രവര്‍ത്തിയും അറസ്റ്റിലാകുന്നത്.

അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുമ്പ് മൂന്നു ദിവസം റിയയെ ചോദ്യം ചെയ്തിരുന്നു. മകന് ലഹരി എത്തിച്ചു നല്‍കിയത് റിയയാണെന്ന സുശാന്തിന്റെ അച്ഛന്റെ പരാതിയിന്മേലായിരുന്നു നടപടി. ചോദ്യം ചെയ്യലിനിടയില്‍ റിയ ബോളിവുഡിലെ പല താരങ്ങളുടെയും പേര് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish sum­ma­ry; srad­ha kapoor sara ali khan may be sum­moned by ncb in drug case

You may also like this video;