Friday
06 Dec 2019

ചെലവ് കുറഞ്ഞ ശ്രവണ സഹായിക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു

By: Web Desk | Thursday 1 August 2019 2:04 PM IST


കെല്‍ട്രോണിന്റെ സേവനം ഇനി ആരോഗ്യമേഖലക്കും സ്വന്തം

ആര്‍ ബാലചന്ദ്രന്‍

ആലപ്പുഴ: വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ സേവനം ഇനി ആരോഗ്യ മേഖലയിലേക്കുകൂടി സ്വന്തമാകുന്നു.കേള്‍വി ശക്തിക്ക് തകരാറുള്ള നിര്‍ദ്ധന രോഗികള്‍ക്കുള്ള ശ്രവണ സഹായി ആയ ഡിജിറ്റല്‍ പ്രോഗ്രാമബിള്‍ ഹിയറിംങ് എയ്ഡ എന്ന ഉപകരണം വികസിപ്പിച്ചെടുത്തതോടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.അതീവ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തികൊണ്ട് ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഉപകരണം വികസിപ്പിച്ചെടുത്തത്.നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കെല്‍ട്രോണ്‍ തീരുമാനിച്ചത്.

‘ശ്രവണ്‍’ എന്ന പേരിലുള്ള ഉപകരണം കോഴിക്കോട് മൂടാടിയിലുള്ള കെല്‍ട്രോണ്‍ യൂണിറ്റിലാണ് നിര്‍മിക്കുന്നത്. കേള്‍വിക്കുറവുള്ള നിര്‍ദ്ധനരോഗികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഉല്‍പ്പന്നം കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് കെല്‍ട്രോണ്‍. ഇലട്രോണിക് സാങ്കേതിക വിദ്യ ആരോഗ്യരംഗത്ത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന്റെ ആദ്യ ചുവടാണ് ശ്രാവണ്‍ എന്ന ഉല്‍പ്പന്നമെന്ന് അധികൃതര്‍ പറഞ്ഞു. ഇനിയും ആരോഗ്യ രംഗത്ത് ഇത്തരം ഇലട്രോണികസ് സാങ്കേതിക വിദ്യ കൂട്ടിയോജിപ്പിച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കരുത്താണ് കെല്‍ട്രോണ്‍ വിജയകരമായി ആര്‍ജ്ജിച്ചെടുത്തിരിക്കുന്നത്. വിപണിയിലുള്ള വമ്പന്‍ കുത്തക കമ്പനികളുടെ ശ്രവണ സഹായികള്‍ക്ക് 22,000 മുതലാണ് വില. എന്നാല്‍ കെല്‍ട്രോണിന്റെ ഈ ഉപകരണത്തിന് വില എണ്ണായിരത്തില്‍ താഴെയാണ്. ഹിയറിങ്ങ് എയ്ഡ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനംകൂടിയാണ് കെല്‍ട്രോണ്‍ മാറികഴിഞ്ഞു. ഉപയോഗിക്കുന്ന വ്യക്തിയുടെ ആവശ്യാനുസരണം പ്രോഗ്രാം ക്രമീകരിക്കാവുന്ന രീതിയിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഉന്നതനിലവാരമുള്ള ശ്രവണിന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങിന്റെ അംഗീകാരമുണ്ട്. അംഗപരിമിതര്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ലിംബ് മാനുഫാക്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (അലിംകോ) കെല്‍ട്രോണ്‍ ഹിയറിങ് എയ്ഡുകള്‍ നല്‍കിവരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതു വരെ 10.5 കോടി രൂപയുടെ ഓര്‍ഡര്‍ അലിംകോയില്‍ നിന്ന് ലഭിച്ചു. 7.5 കോടി രൂപയുടെ ഓര്‍ഡര്‍ ഇക്കൊല്ലം ലഭിച്ചതാണ്.

ആവശ്യക്കാര്‍ക്ക് മൂടാടിയില്‍നിന്നും കെല്‍ട്രോണിന്റെ തിരുവനന്തപുരം വെള്ളയമ്പലത്തെ ഓഫീസില്‍നിന്നും ശ്രവണ സഹായി നേരിട്ടു വാങ്ങാം. ഭാവിയില്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ ഹിയറിങ് എയ്ഡുകള്‍ നിര്‍മിച്ച് നല്‍കാന്‍ കെല്‍ട്രോണിന് കഴിയും .ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ഹിയറിങ്ങ് എയ്ഡ് ഉല്‍പ്പാദനം വിപുലീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. ഇതിനായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ രണ്ടര കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.

2017-18 ല്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് മൂടാടിയില്‍ അത്യാധുനിക യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചു. ഇതിലൂടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ഓര്‍ഡറുകള്‍ സമയബന്ധിതമായി തീര്‍ക്കാനും കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു. ഇപ്പോള്‍ ദിവസം 200 ഹിയറിങ്ങ് എയ്ഡാണ് മൂടാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ആകെ എഴുപതിനായിരത്തിലധികം ഹിയറിങ്ങ് എയ്ഡുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ശ്രവണ സഹായികളുടെ ഗുണപരിശോധന ഉറപ്പുവരുത്താന്‍ ഓഡിയോ അനലൈസര്‍ സംവിധാനം സ്ഥാപിക്കാനുള്ള നടപടികള്‍ മൂടാടിയില്‍ പുരോഗമിക്കുന്നു. കുടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വ്യവസായ വകുപ്പ് 1.10 കോടി രൂപയ്ക്ക് 201920 സാമ്പത്തിക വര്‍ഷം ഭരണാനുമതി നല്‍കി. കെല്‍ട്രോണിന്റെ ശ്രവണ സഹായി, എല്‍ ഇ ഡി ലൈറ്റ് എന്നിവ ടെന്‍ഡര്‍ ഇല്ലാതെ വാങ്ങാന്‍ സഹായകമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.

YOU MAY LIKE THIS VIDEO