Web Desk

തിരുവനതപുരം

April 16, 2020, 5:37 pm

ശ്രീചിത്ര കോവിഡ്19 സ്ഥിരീകരിക്കാൻ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു

Janayugom Online

തിരുവനന്തപുരം: കോവിഡ്19 കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് കിറ്റ് (ചിത്ര ജീൻലാംപ്) ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി വികസിപ്പിച്ചെടുത്തു. റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേഴ്സ് ലൂപ്- മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ ഓഫ് വൈറൽ ന്യൂക്ലിക് ആസിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടെസ്റ്റ് കിറ്റ് സാർസ് കോവ് 2 വൈറസിലെ എൻ ജീനിനെ കണ്ടെത്തും. അതുകൊണ്ടുതന്നെ കിറ്റിന് കൃത്യത ഉറപ്പാക്കാൻ കഴിയും. ആർടി ലാംപ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാർസ് കോവ്2ലെ എൻ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റുകളിൽ ഒന്നെന്ന സവിശേഷതയും ഇതിനുണ്ട്. സാർസ് കോവ്2ലെ എൻ ജീനിനെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ടെസ്റ്റ് കിറ്റിന് എൻ ജീനിന്റെ രണ്ട് മേഖലകൾ കണ്ടെത്താനാകും. വൈറസിലെ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതകവ്യതിയാനം ഉണ്ടായാലും ഫലം തെറ്റാതിരിക്കാൻ ഇത് സഹായിക്കുന്നു.

ചിത്ര ജീൻലാംപിന്റെ കൃത്യത പരിശോധിക്കുന്നതിന് ഐസിഎംആർ ആലപ്പുഴയിലെ എൻഐവിയെ ചുമതലപ്പെടുത്തി. അവിടെ നടന്ന പരിശോധനയിൽ ഇതിന് 100 ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ്19 പരിശോധനയ്ക്കായി ചിത്ര ജീൻലാംപ്എന്നിന് ഐസിഎംആറിന്റെ അനുമതി കിട്ടുകയും ഉല്പാദനത്തിന് സിഡിഎസ്സിഒ ലൈസൻസ് ലഭ്യമാവുകയുമാണ് അടുത്ത ഘട്ടം. ഏതെങ്കിലും ജീൻ അംപ്ലിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് എൻ ജീനിന്റെ രണ്ട് മേഖലകൾ കണ്ടെത്തുന്ന ടെസ്റ്റുകളാണ് അമേരിക്കയിലെ ദ സെന്റർ ഫോർ ഡിസീസ് കൺട്രോൾ കോവിഡ്19 പരിശോധനയ്ക്ക് ശുപാർശ ചെയ്യുന്നത്. അമേരിക്കയിൽ ടെസ്റ്റ് കിറ്റുകൾക്ക് എഫ്ഡിഎ അംഗീകാരം ലഭിക്കണമെങ്കിൽ ഈ നിബന്ധനകൾ കൃത്യമായി പാലിക്കണം. രോഗബാധയുണ്ടോയെന്ന് അറിയുന്നതിനുള്ള പ്രാഥമിക പരിശോധന ഒഴിവാക്കി, കുറഞ്ഞ ചെലവിൽ, ഒരു പരിശോധനയിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കാൻ ചിത്ര ജീൻലാംപ്-എൻ പരിശോധനയിലൂടെ കഴിയും.

ചിത്ര ജീൻലാംപ്-എൻ ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ ജീൻ കണ്ടെത്താനാകും. സാമ്പിൾ ശേഖരണം മുതൽ ഫലം വരുന്നത് വരെയുള്ള സമയം രണ്ട് മണിക്കൂറിൽ താഴെയാണ്. ഒരു മെഷീനിൽ ഒരു ബാച്ചിൽ 30 സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. അതുകൊണ്ട് തന്നെ വിവിധ ഷിഫ്റ്റുകളിലായി ഒരു മെഷീൻ ഉപയോഗിച്ച് തന്നെ വൻതോതിൽ പരിശോധന നടത്താം. ജില്ലാ ആശുപത്രികളിലെ ലാബുകളിൽ പോലും വളരെ എളുപ്പത്തിൽ ടെസ്റ്റിംഗ് സൗകര്യം സജ്ജീകരിക്കാൻ കഴിയും. ഫ്ളൂറസെൻസിൽ വരുന്ന മാറ്റം വിലയിരുത്തി മെഷീനിൽ നിന്ന് തന്നെ ഫലം അറിയാം. ലാംപ് പരിശോധനയ്ക്കുള്ള ഉപകരണത്തിന്റെ ചെലവും (2.5 ലക്ഷം രൂപ) എൻ ജീനിന്റെ രണ്ട് മേഖലയ്ക്കുള്ള ടെസ്റ്റ് കിറ്റിന്റെ വിലയും അടക്കം ഒരു ടെസ്റ്റിന്റെ ചെലവ് ആയിരം രൂപയിൽ താഴെയാണ്. ജീൻലാംപ്എൻ ടെസ്റ്റ് കിറ്റ്, ഉപകരണം എന്നിവയ്ക്കൊപ്പം ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റും ശ്രീചിത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും അപ്ലൈഡ് ബയോളജി വിഭാഗത്തിന് കീഴിലെ മോളിക്യുലാർ മെഡിസിൻ വിഭാഗത്തിലെ സയന്റിസ്റ്റ്ഇൻചാർജ്ജുമായ ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ആഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.

ചിത്ര ജീൻലാംപ്എൻ വികസിപ്പിച്ചെടുത്തിരിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായം പൂർണ്ണമായും നൽകിയത് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിനായി സാങ്കേതികവിദ്യ എറണാകുളത്തെ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന് കൈമാറി. എൻഐവിയിൽ നിന്നുള്ള ഫലങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയാലുടൻ ചിത്ര ജീൻലാംപ് കിറ്റുകൾ നിർമ്മിക്കുന്നതിനുള്ള ലൈസൻസിനായി അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് സിഡിഎസ്സിഒയിൽ അപേക്ഷ സമർപ്പിക്കും. ഉല്പാദനം നടത്തുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി കമ്പനി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ടെക്നോളജി ഡെവലപ്പ്മെന്റ് ബോർഡിനെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിനായി മുന്നോട്ടുവരുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി റോയൽറ്റി ഫീസ് ഒഴിവാക്കും.