വെല്ലുവിളികളെ മുറിച്ചുകടക്കാന്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍

Web Desk
Posted on September 13, 2019, 8:50 am

ബാബു കെ പന്മന

നവോത്ഥാന ശില്‍പ്പിയും സാമൂഹികപരിഷ്‌കര്‍ത്താവും ആത്മീയാചാര്യനുമായ ശ്രീനാരായണഗുരുവിന്റെ 165-ാമത് ജയന്തി നാടൊട്ടുക്കും ആഘോഷിക്കുകയാണിന്ന്. വൈവിധ്യമാര്‍ന്ന കൈവഴികളിലൂടെ സഞ്ചരിച്ച് വളര്‍ന്നുവന്ന കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ജീവവായുവായ അദ്ദേഹം, സവിശേഷമായ ഒരു കാലഘട്ടത്തെയാണ് ചരിത്രത്തില്‍ പ്രതിനിധാനം ചെയ്തത്. ഇരുണ്ട ഒരു കാലഘട്ടത്തെയും ജനങ്ങളെയും നവോത്ഥാനത്തിന്റെ പ്രകാശപൂരിതമായ വഴിയിലൂടെ അദ്ദേഹം നയിച്ചു. അത്യന്തം ജീര്‍ണിച്ച ഒരു സാമൂഹ്യവ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ് ഒരു നവ മാനവസമുദായത്തെ സൃഷ്ടിക്കാനാണ് ഗുരു നേതൃത്വം നല്‍കിയത്. ഇത് മാനവികതയുടെ പുത്തനുണര്‍വുകളും തുരുത്തുകളും രൂപംകൊടുക്കാന്‍ മറ്റ് നവോത്ഥാന നായകര്‍ക്ക് പ്രചോദനമായതായി കാണാം. സമത്വവും സാഹോദര്യവും അനുകമ്പയും മതേതരബോധവും മനുഷ്യരില്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ’ എന്ന പ്രഖ്യാപനം വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. മുമ്പെന്നത്തേക്കാളും കേരളീയ സാമൂഹ്യജീവിതത്തിലും രാജ്യത്തെ ഇതര പ്രദേശങ്ങളിലെന്നപോലെ ജാതി മത വര്‍ഗീയ ശക്തികള്‍ ആധിപത്യം പുലര്‍ത്താന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രാധാന്യം ഏറുകയാണ്.
ജാതി മേധാവിത്വത്തിന്റെയും മേല്‍ക്കോയ്മകളുടെയും ഉരുക്കു കവചങ്ങളാല്‍ സുരക്ഷിതമാക്കപ്പെട്ടിരുന്ന ഒരു ഹൈന്ദവ നാട്ടുരാജ്യമായിരുന്നു അക്കാലത്ത് തിരുവിതാംകൂര്‍. അന്നത്തെ സാമൂഹ്യ ജീവിതത്തിലും ഭരണക്രമത്തിലും പ്രബലമായിരുന്ന സവര്‍ണ ആധിപത്യത്തെ തന്റെ മുപ്പത്തിരണ്ടാമത് വയസിലാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ വഴി ശ്രീനാരായണന്‍ വെല്ലുവിളിച്ചത്. അതൊരു കൊടുങ്കാറ്റുപോലെ തിരുവിതാംകൂറിലെ യാഥാസ്ഥിതികത്വത്തിന്റെ അടിത്തറ പിടിച്ചുലച്ചു. ജാത്യാചാരങ്ങളെ പുണര്‍ന്നിരുന്ന സാമൂഹ്യ ശരീരത്തിലേക്ക് വിക്ഷേപിച്ച ഉഗ്രശേഷിയുള്ള ഒരു സ്‌ഫോടക വസ്തുവായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. തിരുവിതാംകൂറിലെ ഭൂരിപക്ഷമായിരുന്ന ഹൈന്ദവ സമൂഹത്തിലെ ഭൂരിപക്ഷമായ അവര്‍ണരിലും അയിത്തജാതിക്കാരിലും അരുവിപ്പുറം പ്രതിഷ്ഠ സൃഷ്ടിച്ച അനുരണനങ്ങള്‍ വ്യാപകമായിരുന്നു. അവര്‍ണരായി മുദ്രകുത്തപ്പെട്ടവരിലും പിന്നാക്ക ജാതിക്കാരിലും അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തപ്പെട്ടവരിലും ഒരേപോലെ ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് കഴിഞ്ഞുവെന്ന് നവോത്ഥാന ചരിത്രത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാകുന്നതാണ്.
ഈശ്വരാരാധനയിലും വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും നിലനിന്നിരുന്ന വിവേചനങ്ങളെയും അതിന് അടിസ്ഥാനമായ ബ്രാഹ്മണാധികാര വ്യവസ്ഥയെ വെല്ലുവിളിക്കുകയും ആരാധനാ സ്വാതന്ത്ര്യത്തെ ജനകീയമാക്കുകയുമാണ് വാസ്തവത്തില്‍ ഗുരു ചെയ്തത്. നിരവധി പ്രതിഷ്ഠകള്‍ നടത്തുകയും ആരാധനയിലൂടെ സാധാരണ ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്ത ഗുരു ക്ഷേത്ര മതില്‍ക്കെട്ടുകള്‍ ഭേദിച്ച് മനുഷ്യഹൃദയങ്ങളെ ഭേദചിന്തകള്‍ക്കതീതമായി ബന്ധിപ്പിക്കുകയും യഥാര്‍ഥ ഈശ്വരന്‍ അവരവര്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന പ്രഖ്യാപനത്തോളം ആഴവും പരപ്പും ഓളങ്ങളും കേരളീയ സാമൂഹ്യഘടനയില്‍ സൃഷ്ടിച്ച മറ്റൊരു മുദ്രാവാക്യവും ഉണ്ടായിട്ടില്ലെന്ന് കാണാം. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയും അതിനെത്തുടര്‍ന്നുള്ള വര്‍ഷങ്ങളും കേരള ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകളെ സൂചിപ്പിക്കുന്നവയാണ്. 1888ലാണ് പരിമിതമായിട്ടാണെങ്കിലും ആദ്യമായി ഒരു നിയമസഭ രൂപം കൊള്ളുന്നത്. 1889ലാണ് ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവല്‍ പുറത്തുവരുന്നത്. 1890 ലാണ് കണ്ടത്തില്‍ വറുഗ്ഗീസ് മാപ്പിളയുടെ മലയാള മനോരമയുടെ ആരംഭം. 1891ലാണ് നായര്‍, ഈഴവ, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട 10,037 പേര്‍ ഒപ്പിട്ട മലയാളി മെമ്മോറിയല്‍ എന്ന ഭീമഹര്‍ജി മഹാരാജാവിന് സമര്‍പ്പിക്കുന്നത്. 1893ലാണ് സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി യാത്ര. 1896 ലാണ് ഈഴവ സമുദായത്തില്‍പ്പെട്ട 13,716 പേര്‍ ഒപ്പിട്ട ഈഴവ മെമ്മോറിയല്‍ എന്ന നിവേദനം ഡോക്ടര്‍ പല്‍പ്പുവിന്റെ നേതൃത്വത്തില്‍ വിശാഖം തിരുനാളിന് സമര്‍പ്പിക്കുന്നത്. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും രൂപംകൊണ്ട നവോത്ഥാന പരിഷ്‌കരണ പ്രസ്ഥാനങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറയിട്ടത്. അതില്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ പല തലങ്ങളില്‍ വഹിച്ച പങ്ക് ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്.
ജാതി മത വര്‍ഗീയ സംഘടനകളും സവര്‍ണ ഫാസിസ്റ്റ് ആശയങ്ങളും കേരളീയ പൊതുബോധത്തെ വല്ലാതെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭം ആണിത്. കേരളത്തിന് പുറത്തുമാത്രം കണ്ടുവന്നിരുന്നതും കേട്ടുകേള്‍വി മാത്രമായിരുന്നതുമായ ദുരഭിമാനക്കൊലകള്‍ക്ക് കെവിന്റെ ദാരുണ കൊലപാതകത്തോടെ മലയാളി സമൂഹവും പാകപ്പെടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജാതിബോധത്തെ വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുന്ന സാംസ്‌കാരിക ചിഹ്നങ്ങളും അടയാളങ്ങളും ആശയങ്ങളും നാമറിയാതെ തന്നെ നമ്മുടെ പൊതുബോധത്തില്‍ ആഴത്തില്‍ ഇറങ്ങുകയാണ്. നമ്മുടെ സംവേദന ശീലങ്ങളെ പുതുക്കി പണിഞ്ഞുകൊണ്ടു ശ്രീനാരായണഗുരുവിനെയും മറ്റ് നവോത്ഥാന നായകരുടെ ജീവിത ദര്‍ശനങ്ങളെയും ആശയങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടും മാത്രമേ ഈ വെല്ലുവിളികളെ മുറിച്ചുകടക്കാന്‍ കഴിയൂ.