ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ഓർഡിനൻസിന് ശുപാർശ ചെയ്യും

Web Desk

തിരുവനന്തപുരം

Posted on September 16, 2020, 9:33 pm

എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 100 ദിന പദ്ധതികളിൽ ഉൾപ്പെട്ട ‘ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുമാണ് കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്.

സർവകലാശാലയുടെ ഭാഗമായി മേഖലാ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഓർഡിനൻസ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് സർവകലാശാല നിലവിൽ വരും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ നിലവിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ അക്കാഡമിക് പ്രോഗ്രാം നടത്തുന്നുണ്ട്.

എംജി സർവകലാശാല 2015 മുതൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് 2019ൽ യുജിസി പുതിയ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരം നാക് അക്രഡിറ്റേഷൻ നാലിൽ 3.26 നു മുകളിൽ സ്കോർ ഉണ്ടെങ്കിലേ സർവകലാശാലയ്ക്ക് വിദൂര വിദ്യാഭ്യാസ പ്രോഗ്രോം നടത്താൻ കഴിയുകയുള്ളൂ. വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തുന്ന മൂന്ന് സർവകലാശാലകൾക്കും ഇപ്പോൾ ഈ സ്കോർ ഇല്ല. ഏകദേശം രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾ വിദൂര വിദ്യാഭ്യാസം തേടുന്നുണ്ട്. 2018–19ൽ 80, 552 വിദ്യാർത്ഥികളാണ് വിവിധ ബിരുദ കോഴ്സുകൾക്ക് ചേർന്നത്.

ഈ സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസം മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി സുഗമമായി നടപ്പിലാക്കുന്നതിനാണ് ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഡോ. ജെ പ്രഭാഷിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാർശകൾ പരിഗണിച്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴിൽ, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ ഉണ്ടായിരിക്കും.

ENGLISH SUMMARY:Sree Narayana Guru Open Uni­ver­si­ty; Will be rec­om­mend­ed for ordi­nance
You may also like this video