September 28, 2022 Wednesday

ശ്രീധരന്‍പിള്ളയുടെ ഉള്ളിലിരുപ്പ് അപ്പം പങ്കുവച്ച കുരങ്ങന്റേത്

Editorial
December 21, 2020 4:11 am

കേരളത്തിൽ ക്രെെസ്തവ സഭയിലെ തര്‍ക്കങ്ങളും ആ ന്യൂനപക്ഷ സമുദായം അനുഭവിക്കുന്ന വിവേചനങ്ങളും നേരിടുന്ന വെല്ലുവിളികളും പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് ഇടപെടുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ഈ വാര്‍ത്ത വായിച്ച ഏതൊരു മുതിര്‍ന്ന മലയാളിക്കും പെട്ടെന്ന് ഓര്‍മ്മവരിക തങ്ങള്‍ സ്കൂളില്‍ പഠിച്ച പാണ്ടന്‍ പൂച്ചയും മണിയന്‍ പൂച്ചയും തങ്ങള്‍ക്ക് ലഭിച്ച അപ്പം പങ്കുവയ്ക്കാന്‍ കുരങ്ങച്ചനെ സമീപിച്ച കഥയായിരിക്കും, തര്‍ക്കം പരിഹരിക്കാന്‍ തന്നെ സമീപിച്ച പൂച്ചകളെ കബളിപ്പിച്ച് അപ്പം അകത്താക്കിയ കുരങ്ങന്റെ കഥ. ക്രെെസ്തവരുടെ പ്രശ്നപരിഹാരത്തിന് മുതിര്‍ന്നിരിക്കുന്ന ശ്രീധരന്‍പിള്ളയുടെയും ബിജെപിയുടെയും ഉള്ളിലിരിപ്പ് എന്താണെന്ന് നന്നായി അറിയാവുന്നവരാണ് അരിയാഹാരം കഴിക്കുന്ന കേരളീയര്‍. 2018 നവംബറില്‍, ശബരിമല സ്ത്രീപ്രവേശന പ്രശ്നം കത്തിനില്‍ക്കുമ്പോള്‍, യുവമോര്‍ച്ചയുടെ ഒരു നേതൃയോഗത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവന ആരും മറന്നിട്ടുണ്ടാവില്ല. ശ്രീധരന്‍പിള്ളയ്ക്ക് ശബരിമല വിഷയം വിശ്വാസത്തിന്റെയൊ ആചാരാനുഷ്ഠാനത്തിന്റെയൊ പ്രശ്നമായിരുന്നില്ല. മറിച്ച് തങ്ങള്‍ക്ക് വീണുകിട്ടിയ ‘സുവര്‍ണാവസരം’ ആയിരുന്നു. ‘നമ്മള്‍ മുന്നോട്ടുവച്ച അജണ്ടയില്‍ മറ്റുള്ളവര്‍ ഓരോരുത്തരായി അണിനിരന്നു. അവസാനം ബിജെപിയും എതിര്‍കക്ഷിയായ എല്‍ഡിഎഫ് സര്‍ക്കാരും മാത്രം അവശേഷിക്കും,’ അതായിരുന്നു അന്ന് അദ്ദേഹം കണ്ട മനോരാജ്യം. അത്തരം നിന്ദ്യവും ഹീനവും വഞ്ചനാപരവുമായ ഗൂഢ അജണ്ടകളുടെ പരിണിതഫലം എന്തെന്ന് ഇനിയും ശ്രീധരന്‍പിള്ളക്കും ബിജെപിക്കും തിരിച്ചറിയാനായിട്ടില്ലെങ്കില്‍ അത് അവരുടെ രാഷ്ട്രീയ അന്ധതയെയാണ് തുറന്നുകാട്ടുന്നത്. എന്നാല്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും നിഗൂഢ അജണ്ടകള്‍ തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധതയും ഉള്‍ക്കാഴ്ചയും കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടെന്നത് അവര്‍ വിസ്മരിക്കരുത്.

ഓര്‍ത്തഡോക്സ് യാക്കോബായ സഭാതര്‍ക്കം‍, ക്രെെസ്തവ സഭകള്‍ നേരിടുന്നുവെന്ന് പറയപ്പെടുന്ന ‘ലൗ ജിഹാദ്’ വെല്ലുവിളി, മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ആനുകൂല്യങ്ങളുടെ വിതരണത്തിലെ ന്യൂനതകള്‍ എന്നീ മൂന്ന് വിഷയങ്ങളിലാണ് പ്രധാനമന്ത്രി നേരിട്ട് ഇടപെടുമെന്ന് ശ്രീധരന്‍പിള്ള അവകാശപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ ക്രെെസ­്തവ സഭകളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും അവര്‍ നേരിടുന്നതായി പറയപ്പെടുന്ന വിവേചനങ്ങളും നേരിടുന്ന വെല്ലുവിളികളും തങ്ങളുടെ വര്‍ഗീയ രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കായി വിനിയോഗിക്കാനുള്ള സുവര്‍ണാവസരമായാണ് ശ്രീധരന്‍പിള്ളയും ബിജെപിയും നോക്കിക്കാണുന്നത്. ശബരിമലയടക്കം വിവാദവിഷയങ്ങളില്‍ ഇടപെട്ട് ഭൂരിപക്ഷ സമുദായത്തിന്റെ സമ്പൂര്‍ണപിന്തുണ ആര്‍ജിക്കാമെന്ന വ്യാമോഹം കൂമ്പെടുക്കാതെ വന്ന സാഹചര്യത്തിലാണ് ക്രെെസ്തവ സമുദായത്തിന്റെ പിന്തുണ ആര്‍ജിക്കാനും സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പു നടത്താമെന്ന കുടിലതന്ത്രവുമായി ബിജെപി രംഗപ്രവേശം ചെയ്തിരിക്കുന്നത്. സമൂഹത്തിലെവിടെയും ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും വിത്തുമാത്രം വിതച്ച് അധികാരം കൊയ്തെടുക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് മറനീക്കി പുറത്തുവരുന്നത്. സഭാതര്‍ക്കത്തില്‍ സമാധാനത്തിനും അനുരഞ്ജനത്തിനും ഊന്നല്‍ നല്‍കിയുള്ള പരിഹാരത്തിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുവരുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള പരാതികള്‍ക്ക് നീതിപൂര്‍വമായ പരിഹാരം കണ്ടെത്താനുള്ള ശ്രമവും നടന്നുവരുന്നു. അതേപ്പറ്റി പഠിക്കുന്നതിന് ഒരു സമിതിയെ ഇതിനകം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, ലൗ ജിഹാദില്‍ എന്നതുപോലെ താരതമ്യേന സൗഹൃദ, സാഹോദര്യ അന്തരീക്ഷം പുലര്‍ത്തുന്ന സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആയുധമായി ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളെയും മാറ്റിത്തീര്‍ക്കാനാണ് ശ്രമം. സംസ്ഥാന സര്‍ക്കാരും സമുദായങ്ങളും ഒരുപോലെ ജാഗ്രത പുലര്‍ത്തുകയും നീതിപൂര്‍വമായ പരിഹാരം കണ്ടെത്തേണ്ടതുമായ വിഷയമാണിത്. വസ്തുതകളുടെ പിന്‍ബലമില്ലാത്തതും സംഘപരിവാറിന്റെ ഭിന്നിപ്പിക്കല്‍ തന്ത്രത്തിന്റെ, ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന സാങ്കല്പിക പ്രശ്നമാണ് ലൗ ജിഹാദ്. പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് ലിംഗഭേദമന്യേപോലും ഒരുമിച്ചു ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം സുപ്രീം കോടതി‍ ഇതിനകം അടിവര ഇട്ടിട്ടുണ്ട്. പ്രശ്നം ഭീകരവാദമാണെങ്കില്‍ അതിനെ രാഷ്ട്രീയമായും ആശയപരമായും നിയമപരമായും നേരിടുകയാണ് വേണ്ടത്. അതിനുപകരം വിദ്വേഷ പ്രചരണത്തിനും വിഭജനത്തിനുമുള്ള ആയുധമാക്കി സ്വയം തിരഞ്ഞെടുപ്പിനുള്ള വ്യക്തികളുടെ അവകാശത്തിന്മേല്‍ കടന്നുകയറ്റം നടത്താനുള്ള ശ്രമം തീര്‍ത്തും രാഷ്ട്രീയ പ്രേരിതവും ദുരുപദിഷ്ടവുമാണ്. ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിലും അതിന് വിജയിക്കാനാവില്ല. അതിന്റെ പരാജയം അനിവാര്യവും ഉറപ്പുവരുത്തേണ്ടതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.