18 July 2024, Thursday
KSFE Galaxy Chits Banner 2

പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് കൊയ്ത് ശ്രീകുമാര്‍

Janayugom Webdesk
അമ്പലപ്പുഴ
June 4, 2022 2:46 pm

പ്രവാസ ലോകത്ത് വിയർപ്പൊഴുക്കിയ ശ്രീകുമാർ ഇന്ന് പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് കൊയ്യുകയാണ്. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് നീർക്കുന്നം എസ് എൻ കവല ജംഗ്ഷന് കിഴക്ക് ശ്രീ ചിത്തിരയിൽ ബി ശ്രീകുമാറാ(58) ണ് വിവിധയിനം പച്ചക്കറികൾ സ്വന്തം അധ്വാനത്തിലൂടെ വിളയിക്കുന്നത്. നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ ശ്രീകുമാർ വീടിന് സമീപം സ്റ്റേഷനറിക്കട നടത്തി വന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ഇത് ഉപേക്ഷിച്ചു. അപ്പോഴാണ് പച്ചക്കറി കൃഷി ചെയ്യാമെന്ന തോന്നലുണ്ടായത്. വീട്ടിൽ ചെറിയ രീതിയിൽ പച്ചക്കറി കൃഷി ചെയ്തിരുന്ന ശ്രീകുമാർ വീടിന് സമീപം ഒഴിഞ്ഞുകിടന്ന 17 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് വിശാലമായ രീതിയിൽ മൂന്ന് മാസം മുൻപ് പച്ചക്കറി കൃഷിക്ക് തുടക്കമിടുകയായിരുന്നു.

പയർ, പടവലം, ചീര, കപ്പ, ചേന, തക്കാളി, വെണ്ട, പാവൽ കോവൽ, ഏത്ത വാഴ, കാച്ചിൽ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ശ്രീകുമാറിന്റെ അധ്വാനത്തിൽ നൂറുമേനി വിളവിലാണ്. അമ്പലപ്പുഴ വടക്ക് കൃഷി ഭവനിൽ നിന്നാണ് കൃഷിക്കാവശ്യമായ വിത്തുകളും ചെടികളും ലഭിക്കുന്നത്. അമ്പലപ്പുഴ ബ്ലോക്ക് ആഗ്രോ സർവ്വീസിന്റെ നിർദേശ പ്രകാരമാണ് കൃഷി ചെയ്യുന്നത്. ചാണകം, ചാരം, എള്ളിൻ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങി പൂർണമായും ജൈവ വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ സമീപത്തെ കടകളിൽ വിൽക്കും. അയൽവാസികളടക്കം നിരവധി പേരും ഇവിടെ നിന്ന് പച്ചക്കറികൾ വാങ്ങുന്നുണ്ട്. മഴയിൽ 30 കിലോയിലധികം പാവൽ നശിച്ചു. എങ്കിലും പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ശ്രീകുമാർ കൃഷിയുമായി മുന്നോട്ടു പോകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.