ശ്രീലക്ഷ്മി… ആത്മവിശ്വാസത്തിന്റെ ആള്‍രൂപം

Web Desk
Posted on September 12, 2019, 4:40 pm

വി മായാദേവി

ഫെയ്‌സ്ബുക്കിലെ മിന്നും താരമാണ് ശ്രീലക്ഷ്മി സതീഷ്. വെറുതെ ഫെയ്‌സ്ബുക്കില്‍ കുത്തിക്കൊണ്ടിരിക്കുകയല്ല ഈ യുവതി. തന്റെ സംരംഭകത്വത്തിന് വിപണി കണ്ടെത്താനാണ് ഇവര്‍ ഫെയ്‌സ്ബുക്ക് എന്ന ശക്തമായ മാധ്യമത്തെ ഉപയോഗിക്കുന്നത്.
അഭ്യസ്തവിദ്യയായ ശ്രീലക്ഷ്മി അധ്യാപികയായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ആയി മാറി. അപ്പോഴും ഫെയ്‌സ്ബുക്കിനെയും ടെലിവിഷന്‍ അടക്കമുള്ള മറ്റ് മാധ്യമങ്ങളെയും ശ്രീലക്ഷ്മി ഫലപ്രദമായി വിനിയോഗിച്ചിരുന്നു. ധാരാളം കുട്ടികള്‍ക്ക് ഭാവികണ്ടെത്താന്‍ ശ്രീലക്ഷ്മി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചില വീഡിയോകള്‍ സഹായമായിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാനാകില്ല.
പിന്നെ ശ്രീലക്ഷ്മിയെ കണ്ടത് സാമൂഹ്യ വിമര്‍ശകയായി ആണ്. ഇതിനും തെരഞ്ഞെടുത്തത് ഫെയ്‌സ്ബുക്ക് തന്നെ. നിരവധി സാമൂഹ്യ ആക്ഷേപഹാസ്യ വീഡിയോകളാണ് ശ്രീലക്ഷ്മി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് വലിയൊരു മാറ്റമാണ് ശ്രീലക്ഷ്മിയില്‍ കണ്ടത്. തികച്ചും വ്യത്യസ്തമായ, എന്നാല്‍ ദൈനംദിന ജീവിതത്തില്‍ നമുക്ക് ഒഴിച്ച് കൂട്ടാനാകാത്ത ഒരു മേഖലയിലേക്ക് ശ്രീലക്ഷ്മി തിരിഞ്ഞു. ശ്രീലക്ഷ്മിയുടെ ജീവിതം ആകെ മാറ്റിമറിച്ച ഒരു സംരംഭം. അച്ചാറുണ്ടാക്കി വില്‍പ്പന.

ഒരു കൂട്ടുകാരിയുടെ പ്രതിശ്രുത വരന് ഗള്‍ഫില്‍ കൊണ്ടുപോകാനായി ഒരു കുപ്പി അച്ചാര്‍ ഉണ്ടാക്കിക്കൊണ്ടാണ് ശ്രീലക്ഷ്മി ഈ രംഗത്തേക്ക് കടന്നത്. ഇതൊരു വ്യവസായമാക്കണമെന്നോ തന്റെ ജീവിതം തന്നെ മാറ്റി മറിക്കണമെന്നോ യാതൊരു ഉദ്ദേശ്യവുമില്ലാതെ കൂട്ടുകാരിക്ക് ചെയ്ത് കൊടുത്ത ഒരു സഹായം ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നത് കലവറ ഫുഡ് പ്രൊഡക്ട്‌സ് എന്ന സംരംഭത്തിന്റെ അമരക്കാരി എന്ന പദവിയിലേക്കാണ്.

ഗള്‍ഫില്‍ പോയ അച്ചാര്‍ ആ സൗഹൃദക്കൂട്ടത്തില്‍ മുഴുവന്‍ ചര്‍ച്ചയാകുകയും വീണ്ടും അച്ചാറുണ്ടാക്കാന്‍ അവര്‍ തന്നെ പ്രേരിപ്പിക്കുകയുമായിരുന്നെന്ന് ശ്രീലക്ഷ്മി പറയുന്നു. അങ്ങനെ ഒരു കുപ്പി അച്ചാര്‍ ആഴ്ചയില്‍ മൂന്ന് കുപ്പി അച്ചാറിലേക്കും പതിനഞ്ചിലേക്കും അറുപതിലേക്കും ഒക്കെയായി വളര്‍ന്നു. ഇപ്പോള്‍ നിത്യവും നൂറോളം കുപ്പി അച്ചാറാണ് ശ്രീലക്ഷ്മി തനിച്ച് പാകംചെയ്ത് കുപ്പികളിലാക്കി പായ്ക്കുചെയ്ത് പോസ്റ്റ് ഓഫീസിലെത്തിച്ച് കേരളത്തിനകത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലേക്കും അടക്കം അയക്കുന്നത്.

 

പൂര്‍ണമായും പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് അച്ചാര്‍ എത്തിക്കുന്നത്. തികച്ചും ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളില്‍ പോലും തന്റെ ഇടപാടുകാരുണ്ടെന്നതാണ് ഇതിന് കാരണം. കൊറിയര്‍ സര്‍വീസുകള്‍ വഴി ഇവ അയച്ചാല്‍ ഇത്തരം പ്രദേശങ്ങളിലേക്ക് ഇവ എത്തില്ല. പലപ്പോഴും അവര്‍ നേരിട്ട് വന്ന് വാങ്ങേണ്ടി വരും. പ്രായമുള്ള ഏറെ പേര്‍ തന്റെ അച്ചാറിന്റെ ഉപഭോക്താക്കളായത് കൊണ്ട് തന്നെ അവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടാകും എന്ന തിരിച്ചറിവാണ് പോസ്റ്റ്ഓഫീസിനെ തന്നെ ആശ്രയിക്കാന്‍ ശ്രീലക്ഷ്മിയെ പ്രേരിപ്പിച്ചത്. അച്ചാറു കുപ്പികളുടെ എണ്ണം കൂടിയതോടെ പോസ്റ്റ് ഓഫീസില്‍ നിന്ന് ചില എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഭരണതലത്തിലെ ഇടപെടലിലൂടെ അതിനെ മറികടക്കാന്‍ ശ്രീലക്ഷ്മിക്കായി.

 

ഇപ്പോള്‍ അച്ചാറിന് പുറമെ വസ്ത്ര വിപണന രംഗത്തേക്കും കാറ്ററിംഗ് സര്‍വീസിലേക്കും കലവറ തിരിഞ്ഞിട്ടുണ്ട്. ഇവയുടെ വിപണി കണ്ടെത്താനും സാമൂഹ്യമാധ്യമങ്ങള്‍ തന്നെയാണ് ആശ്രയം. വീട്ടമ്മമാരുടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ വസ്ത്ര വിപണനം നടത്തുന്നുണ്ട്. അങ്ങനെ വീട്ടില്‍ വെറുതെ ഇരിക്കുന്ന സ്ത്രീകള്‍ക്കും ചെറിയൊരു വരുമാനം നേടിക്കൊടുക്കാന്‍ ശ്രീലക്ഷ്മിക്ക് കഴിയുന്നു.
ഇക്കുറി ഓണസദ്യ രംഗത്തും ഒരു കൈ പയറ്റി നോക്കി. സംഭവം വിജയകരമാണെന്നാണ് ശ്രീലക്ഷ്മിയുടെ പക്ഷം. നൂറ് പേര്‍ വരെയുള്ള ഓഫീസുകളിലേക്കുള്ള സദ്യയാണ് ശ്രീലക്ഷ്മി ഒരുക്കിയത്. ഒപ്പം അച്ചാറും ഓണക്കോടികളും നല്ല രീതിയില്‍ തന്നെ ഇത്തവണ വിറ്റിട്ടുണ്ട്.

മായമില്ലാതെ തികച്ചും നാടന്‍ രീതിയില്‍ തന്നെയാണ് ശ്രീലക്ഷ്മി അച്ചാറും സദ്യയും എല്ലാം ഒരുക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. അത് തന്നെയാണ് ഇവയുടെ സ്വീകാര്യതയ്ക്ക് കാരണവും. മാങ്ങ, നാരങ്ങ, ഇഞ്ചി, ക്വാളിഫഌര്‍, കൂണ്‍, ഈന്തപ്പഴം, മിക്‌സഡ് വെജ് തുടങ്ങി, പച്ചമഞ്ഞള്‍, പുതിന, കൂവളത്തില തുടങ്ങിയ വൈവിധ്യമാര്‍ന്ന നിരവധി അച്ചാറുകളാണ് ശ്രീലക്ഷ്മി ഒരുക്കുന്നത്. ഇതിന് പുറമെ മാംസാഹാരപ്രിയര്‍ക്കായി മീന്‍, ചെമ്മീന്‍, കക്ക, ബീഫ്, തുടങ്ങിവയുടെ അച്ചാറുകളും ശ്രീലക്ഷ്മി തയാറാക്കുന്നുണ്ട.് അച്ചാറുണ്ടാക്കുന്നതിന്റെ ലൈവ് ഫെയ്‌സ്ബുക്കില്‍ സംപ്രേഷണം ചെയ്യുന്നുമുണ്ട്. അത് കൊണ്ട് തന്നെ അച്ചാറുണ്ടാക്കി തീരുമ്പോഴേക്കും മുഴുവന്‍ അച്ചാറിന്റെയും ഓര്‍ഡറിംഗും കഴിയും.

അച്ചാറുണ്ടാക്കുന്നതിനാവശ്യമായ എല്ലാ വസ്തുക്കളും നേരിട്ട് ചന്തയില്‍ പോയി നല്ലത് തിരഞ്ഞ് വാങ്ങുകയാണ് ശ്രീലക്ഷ്മി ചെയ്യുന്നത്. എണ്ണയും ഉപ്പും ഒക്കെ മിതമായാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇവ ഉണ്ടാക്കാനായി അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കാറില്ലെന്നതും ശ്രദ്ധേയമാണ്. കേടുകൂടാതിരിക്കാനായി യാതൊരു രാസവസ്തുക്കളും ചേര്‍ക്കാറുമില്ല. എങ്കിലും ഒന്നരമാസം വരെ ഇത് കേടുകൂടാതെ ഇരിക്കും. സീല്‍ പൊട്ടിക്കാതിരുന്നാല്‍ മൂന്ന് മാസം വരെ ഇരുന്നേക്കാമെന്നും ശ്രീലക്ഷ്മി പറയുന്നു. തിരുവനന്തപുരം സ്വദേശിയാണെങ്കിലും എറണാകുളം മരട് ആസ്ഥാനമാക്കിയാണ് ശ്രീലക്ഷ്മിയുടെ സംരംഭം. ശ്രീലക്ഷ്മിക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി സഹോദരന്‍ ശ്രീരാജ് മേനോനും ഒപ്പമുണ്ട്.

കലവറയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി ഓര്‍ഡര്‍ നല്‍കുകയേ വേണ്ടൂ ദിവസങ്ങള്‍ക്കകം നിങ്ങളുടെ വീട്ടില്‍ അച്ചാറെത്തും. നിങ്ങളുടെ കൃത്യമായ വിലാസവും ഫോണ്‍ നമ്പരും നല്‍കുക, ശ്രീലക്ഷ്മി നല്‍കുന്ന അക്കൗണ്ട് നമ്പരിലേക്ക് പണം നല്‍കുക ഇത്രയേ വേണ്ടൂ.

വടക്കേ ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളും ശ്രീലക്ഷ്മി ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് അല്‍പ്പം കൂടി വിപുലമായ കയറ്റുമതിയിലേക്ക് തിരിയാന്‍ ശ്രീലക്ഷ്മി ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ആ വഴിക്കുള്ള ചില ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്കയിലെയും ലണ്ടനിലെയുമൊക്കെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കലവറ അച്ചാറുകള്‍ നിരന്നിരിക്കുന്ന കാഴ്ചയ്ക്ക് ഏറെ കാത്തിരിക്കേണ്ടി വരില്ല. ഇതിന് പുറമെ മായമില്ലാത്ത മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സാമ്പാര്‍പ്പൊടി എന്നിവയും ഉടന്‍ വിപണിയിലെത്തിക്കുമെന്ന് ശ്രീലക്ഷ്മി വാഗ്ദാനം ചെയ്യുന്നു.

ഇതിനിടെ തന്റെ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നുമുണ്ട്. അച്ചാര്‍ വിറ്റുകിട്ടിയ കാശുകൊണ്ട് ഒരു കൊച്ചു കാറുവാങ്ങി ശ്രീലക്ഷ്മി. ഇനി സ്വന്തമായി ഒരു വീടെന്നതാണ് സ്വപ്‌നം. അതും വൈകാതെ സഫലമാകുമെന്ന ആത്മവിശ്വാസം ശ്രീലക്ഷ്മി ജനയുഗത്തോട് പങ്കുവച്ചു. തന്റെ സൗഹൃദ വൃത്തങ്ങള്‍ അതിന് തന്നെ അച്ചാര്‍ വാങ്ങി സഹായിക്കുമെന്ന് ശ്രീലക്ഷ്മി വിശ്വസിക്കുന്നു. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയമാണ് ശ്രീലക്ഷ്മിയുടെ ജീവിതം. സംരംഭകയും തൊഴില്‍ദാതാവുമൊക്കെയായി ശ്രീലക്ഷ്മി ശുഭപ്രതീക്ഷകളോടെ മുന്നോട്ട് മെല്ലെനീങ്ങുകയാണ്.