ശ്രീനിവാസന് വധഭീഷണി

Web Desk
Posted on December 05, 2019, 3:53 pm

പല്ലിശേരി
മലയാള സിനിമയില്‍ ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ച സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചവയാണ്. കുടുംബസമേതം ധെെര്യപൂര്‍വം കാണാവുന്ന സിനിമകളായിരുന്നു ഇരുവരുടേതും. ഒരു നല്ല കൂട്ടുകെട്ട്. കൂട്ടുകെട്ടുകള്‍ക്കിടയിലും ദ്രോഹമില്ലാത്ത തമാശകള്‍ പറയുകയോ എഴുതുകയോ ചെയ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം കാണിച്ചിരുന്നു. നിര്‍ദോഷമായ ഫലിതങ്ങള്‍ എതിരാളികള്‍ പോലും ഏറ്റുവാങ്ങി. അങ്ങനെയാണ് സിനിമയ്ക്കുള്ളിലെ വേദനകളും മോഷണവും നിറഞ്ഞ ഒരു സിനിമ ഉണ്ടായത്. ‘ഉദയനാണ് താരം’. ഈ സിനിമ ഇരു കെെകളും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. ഉദയന്‍ എന്ന മിടുക്കനായ സഹസംവിധായകനും തിരക്കഥാകാരനുമായ ചെറുപ്പക്കാരനു അനുഭവിക്കേണ്ടി വന്ന പരീക്ഷണങ്ങള്‍ നിരവധിയായിരുന്നു. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഉദയനെ അവതരിപ്പിച്ചു. ഉദയന്റെ തിരക്കഥ മോഷ്ടിച്ച് സരോജ്കുമാര്‍ നായകനടനായി. ഉയരങ്ങളിലെത്തിയ സരോജ്കുമാര്‍ പിന്നീട് പല ബിസിനസുകളും ചെയ്യുന്നുണ്ട്. അവയില്‍ പലതും മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു പ്രതിപാദനം. എന്നാല്‍ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടെയാണ് മോഹന്‍ലാല്‍ എല്ലാം കണ്ടത്. സരോജ്കുമാറിനെ അവതരിപ്പിച്ച ശ്രീനിവാസന്‍ പ്രേക്ഷകരുടെ കയ്യടി വാങ്ങി. അതേസമയം മോഹന്‍ലാലിനെ അപമാനിച്ച സിനിമയെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ഒരു ശ്രമം നടത്തി. ലാലിനു കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടായില്ല. അതില്‍ നിരാശരായിരുന്നു ലാലിനു വേണ്ടി ബഹളം വയ്ക്കാന്‍ ശ്രമിച്ച ഒരു വിഭാഗം.
എന്നാല്‍ ഓര്‍ക്കാപ്പുറത്ത് അവര്‍ക്ക് മറ്റൊരു സിനിമ വീണുകിട്ടി. ‘പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍.’ ഈ സിനിമ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ‘ഉദയനാണ് താര’ത്തിലെ സരോജ്കുമാര്‍ വളര്‍ന്ന് പലതും നേടിയ സിനിമ. ഉയരങ്ങളിലെത്തിയ സരോജ്കുമാര്‍ എല്ലാറ്റിനോടും പുച്ഛമായ രീതിയിലാണ് സമീപിച്ചിരുന്നത്. സരോജ് കുമാറിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുക്കുന്നതും അപമാനിക്കപ്പെട്ടതും. എന്നാല്‍ തന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പാണ് കണ്ടെടുത്തതെന്നാണ് സരോജ് കുമാറിന്റെ ഭാഷ്യം. സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് കണ്ടെടുത്തെന്നുപറഞ്ഞ് മോശമാക്കരുത്. എന്റെ നിലയ്ക്കും വിലയ്ക്കും ആനക്കൊമ്പ് കണ്ടെടുത്തെന്ന് രേഖപ്പെടുത്തി, അക്കാര്യം പത്രക്കാരോട് വിളിച്ചുപറയണം.
ഈ സിനിമ വിവാദമായി. മോഹന്‍ലാലിനെ മനഃപൂര്‍വം അപമാനിക്കുകയാണ് ശ്രീനിവാസന്‍ ചെയ്തതെന്ന് ലാല്‍ അനുകൂലികള്‍ പറഞ്ഞുപരത്തുകയും ശ്രീനിവാസനെയും മകന്‍ വിനീതിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി വധഭീഷണിയില്‍ വരെ എത്തി. എല്ലാം കണ്ടുംകേട്ടും ശ്രീനിവാസന്‍ ചിരിക്കുകയായരിുന്നു. സരോജ് കമുാര്‍ എന്ന സൂപ്പര്‍സ്റ്റാറിനെ സൃഷ്ടിച്ചത് ‘ഉദയനാണ് താര’ത്തിലാണ്. അതിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ‘പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’. അല്ലാതെ മോഹന്‍ലാലിനെക്കുറിച്ചല്ല എഴുതിയത്. ബഹളമുണ്ടാക്കുന്നവര്‍ക്ക് അങ്ങനെയാകാം, അതിനവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കെെകടത്താനും വധഭീഷണി നടത്താനും ലെെസന്‍സ് ആര്‍ക്കും നല്‍കിയിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ എന്ന എഴുത്തുകാരന്‍ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ല.’ ശ്രീനിവാസന്‍ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും മോഹന്‍ലാലിനു വേദനിച്ചു. വേദനയില്ലെന്നു പറഞ്ഞെങ്കിലും കഴിഞ്ഞ ഏഴ് വര്‍ഷമായി ഇരുവരും ഒരുമിച്ചു സിനിമ ചെയ്തിട്ടില്ല.