ശ്രീനിവാസ രാമാനുജന്‍

Web Desk
Posted on December 18, 2017, 1:37 am

ഡോ. എം ആര്‍ സുദര്‍ശനകുമാര്‍
പ്രിന്‍സിപ്പല്‍, മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം

ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജനെന്ന് നിസംശയം പറയാം. തമിഴ്‌നാട്ടിലെ ഈറോഡില്‍ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിലാണ് 1887 ഡിസംബര്‍ 22ന് അദ്ദേഹം ജനിച്ചത്. അച്ഛനായ ശ്രീനിവാസ അയ്യങ്കാര്‍ തുണിക്കടയില്‍ കണക്കെഴുത്തുകാരനായിരുന്നു. കോമളത്തമ്മാളായിരുന്നു അമ്മ.
ശ്രീനിവാസ രാമാനുജത്തിന് ഗണിതത്തില്‍ വിദഗ്ധ ശിക്ഷണം ലഭിച്ചില്ല. പക്ഷേ സ്വന്തം പ്രയത്‌നത്തിലൂടെ സംഖ്യാ സിദ്ധാന്തം, ഗണിതവിശകലനം, അനന്തശ്രേണി എന്നീ ഗണിത മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികമായ 2012 ദേശീയ ഗണിതശാസ്ത്ര വര്‍ഷമായി ആചരിച്ചിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ ഗണിതമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. സ്‌കോളര്‍ഷിപ്പോടുകൂടി പഠനത്തിനായി 1904‑ല്‍ കുഭകോണം ഗവ.കോളജില്‍ ചേര്‍ന്നു. ഗണിതമൊഴിച്ച് മറ്റ് വിഷയങ്ങളിലെല്ലാം തോറ്റതുകൊണ്ട് സ്‌കോളര്‍ഷിപ്പ് മുടങ്ങി.
1909 ജൂലൈ 14ന് ശ്രീനിവാസ രാമാനുജന്‍ ജാനകിയെ വിവാഹം ചെയ്തു. വിവാഹത്തോടെ ജോലി അദ്ദേഹത്തിന് അത്യാവശ്യമായി.
പഠനം മുടങ്ങിയപ്പോഴും ഗണിതശാസ്ത്രപഠനം അദ്ദേഹം സ്വയം തുടര്‍ന്നു. ജി എസ് കാര്‍ രചിച്ച ‘സിനോപ്‌സിസ് ഓഫ് എലമെന്ററി റിസള്‍ട്ട്‌സ് ഇന്‍ പുവര്‍ മാത്തമാറ്റിക്‌സ്’ എന്ന പുസ്തകത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിച്ചുപോന്നു. ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണലില്‍ അദ്ദേഹത്തിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചു.
1912 ജനുവരി 12ന് മദ്രാസ് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഗുമസ്തനായി ജോലി കിട്ടി. അവിടെ വച്ച് രാമാനുജന്റെ പ്രതിഭ തിരിച്ചറിഞ്ഞ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഫ്രാന്‍സിസ് സ്പ്രിങും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മേധാവി ഡോഗില്‍ വാക്കറും ഉപരിപഠനത്തിന് സഹായിച്ചു. അവര്‍ പറഞ്ഞതനുസരിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജി എച്ച് ഹാര്‍ഡിക്ക് രാമാനുജനയച്ച കത്ത് വഴിത്തിരിവായി. രാമാനുജത്തെ കേംബ്രിഡ്ജിലേക്ക് ഹാര്‍ഡി ക്ഷണിച്ചു.
1914 ഏപ്രില്‍ 14ന് അദ്ദേഹം കേംബ്രിഡ്ജിലെത്തി. 1916 മാര്‍ച്ച് 16ന് ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദം നേടി. 1918 ഫെബ്രുവരി 18ന് റോയല്‍ സൊസൈറ്റി ഫെലോഷിപ്പ് നല്‍കി ആദരിച്ചു.
ഇംഗ്ലണ്ടിലെ പ്രതികൂല കാലാവസ്ഥ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. അതിനാല്‍ 1919 ഫെബ്രുവരി 27ന് ക്ഷയരോഗ ബാധിതനായി ഇന്ത്യയിലേയ്ക്ക് മടങ്ങി. 1920 ഏപ്രില്‍ 26ന് 32-ാം വയസില്‍ അദ്ദേഹം അന്തരിച്ചു. രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകള്‍ 12 വാള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിനുള്ള ഉത്തരം
2006ലെ രസതന്ത്ര നൊബേല്‍ സമ്മാനം ലഭിച്ച റോജര്‍ കോണ്‍ബര്‍ഗ്.

ഈ ലക്കത്തിലെ ചോദ്യം
ഏതു സംഖ്യയാണ് ‘രാമാനുജന്‍ സംഖ്യ’ എന്നറിയപ്പെടുന്നത്? എന്താണ് സംഖ്യയുടെ പ്രതേ്യകത?

ശ്രീനിവാസ രാമാനുജത്തിന്റെ ജന്മദിനമായ ഡിസംബര്‍ 22ന് സ്‌കൂളില്‍ അദ്ദേഹത്തിന്റെ ജീവിതത്തേയും സംഭാവനകളെയുംകുറിച്ചുള്ള പരിപാടി സംഘടിപ്പിക്കുമല്ലോ?