Web Desk

കൊച്ചി

December 24, 2020, 5:00 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫി : 7 വർഷങ്ങൾക്ക് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്

Janayugom Online

ഏഴ് വര്‍ഷം നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ശേഷം എസ് ശ്രീശാന്ത് നാളെ കേരള ടീമിനൊപ്പം ചേരും. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയ്ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ശ്രീശാന്ത് കേരള ടീമിനൊപ്പം ചേരുന്നത്. നേരത്തെ കേരളം പ്രഖ്യാപിച്ച ടൂര്‍ണമെന്റിനായുള്ള സാധ്യതാ ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്തായാലും ടൂര്‍ണമെന്റില്‍ ശ്രീശാന്ത് കളിക്കുമെന്ന് തന്നെയാണ് റിപോർട്ടുകൾ. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി കളിച്ച്‌ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്താനാണ് ശ്രീശാന്ത് ആലോചിച്ചിരുന്നതെങ്കിലും ടി20 ടൂര്‍ണമെന്റാണ് ഇത്തവണ ആദ്യം നടത്തുന്നത്. കൊറോണയുടെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ ആഭ്യന്തര ടൂര്‍ണമെന്റ് കൂടിയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി.

പ്രായം 37 പിന്നിട്ടതും നീണ്ട ഇടവേളയും ശ്രീശാന്തിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് 7 വിക്കറ്റും 73 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 211 വിക്കറ്റും 86 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 111 വിക്കറ്റും 60 ടി20കളില്‍ നിന്ന് 50 വിക്കറ്റും ശ്രീശാന്തിന്റെ പേരിലുണ്ട്.

 

Eng­lish Sum­ma­ry: Sreesanth returns to the field after 7 years

You May Also Like This Video