എനിക്കു മാത്രം പ്രത്യേക നിയമമോ: ശ്രീശാന്ത്

Web Desk
Posted on October 18, 2017, 12:24 am

കൊച്ചി:ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ കനത്ത നിരാശ പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തനിക്കായി മാത്രം പ്രത്യേകനിയമമോ? എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാനും ഇതൊന്നും ബാധകമല്ലെന്ന് ശ്രീശാന്ത് പറയുന്നു. വിധി കഠിനമാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.ഇതുവരെ തന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കു നന്ദി .ഇനിയും ഒന്നും ഉപേക്ഷിക്കാനും പോരാട്ടത്തില്‍ നിന്ന് പിന്മാറാനും തയ്യാറല്ല. കുടുംബവും ഒത്തിരി പ്രിയപെട്ടവരും ഇപ്പോഴും എന്നില്‍ വിശ്വാസം പ്രകടിപ്പിക്കുന്നത് തനിക്ക് ആത്മവിശ്വാസം തരുന്നുവെന്നും ശ്രീശാന്ത് പ്രതികരിച്ചു.
വിധി ബിസിസിഐയ്ക്ക് താല്‍ക്കാലിക നേട്ടമായെങ്കിലും ശ്രീശാന്ത് മേല്‍ക്കോടതികളിലേക്ക് പോവാനാണ് സാധ്യത. എന്നാല്‍ ഈ കേസില്‍ വ്യക്തമായ നിലപാടാണ് ഇന്നലെ ഹൈക്കോടതി പ്രകടിപ്പിച്ചത്.
ഒരേ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍ക്കും വകുപ്പു തല നടപടിയെടുക്കുന്ന സമിതിക്കും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാനാവും. ചിലപ്പോള്‍ അവ വിപരീത നടപടികളുമാവാം. മാത്രമല്ല, ഈ കേസില്‍ പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെതിരെ പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നതും കണക്കിലെടുക്കണം. 2013 മേയ് ഒമ്പതിന് പഞ്ചാബ് കിംഗ്‌സ് ഇലവണും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ മൊഹാലിയില്‍ നടന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി പന്തെറിഞ്ഞ ശ്രീശാന്ത് ഒരോവറില്‍ 14 റണ്‍സ് വിട്ടു കൊടുക്കുമെന്ന് വാതുവെച്ചെന്നും ഇതിനു സൂചനയായി അരയില്‍ ടവല്‍ തിരുകിയെന്നുമാണ് ആരോപണം. ഈ ഓവറില്‍ ശ്രീശാന്ത് 13 റണ്‍സാണ് നല്‍കിയത്.
ശ്രീശാന്ത് ഒരു നോബോള്‍ എറിയാന്‍ ശ്രമിച്ചെങ്കിലും ഇത് അമ്പയറുടെ ശ്രദ്ധയില്‍പെട്ടില്ലെന്നും ഒരു റണ്‍കൂടി ഇതുവഴി വിട്ടു കൊടുക്കാന്‍ കഴിയുമായിരുന്നെന്നും ബിസിസിഐയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇതും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു.