ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജവിരാജിത മന്ദഗതീ
ഘന സാരസുഗന്ധി വിലാസിനി നീ
കനകാംഗി വികാര സമുദ്രസുതേ…
ചന്ദ്രനെപ്പോലെ മുഖമുള്ളവളും സിംഹത്തെപ്പോലെ അരക്കെട്ടുള്ളവളും ആനയെപ്പോലെ നടക്കുന്നവളും കടുത്ത മണമുള്ളവളും വിലാസിനിയും ആയ നീ സ്വര്‍ണ്ണവര്‍ണമുള്ള അവയവങ്ങളോടു കൂടി വികാരത്തിന്റെ കടലില്‍ നിന്നുണ്ടായവളാകുന്നു. പെണ്ണഴകിനെപ്പറ്റി കാലങ്ങളായി പറഞ്ഞുകേള്‍ക്കുന്ന ഒരു ശ്ലോകവും അതിന്റെ ഏകദേശ അര്‍ത്ഥവുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ പെണ്ണഴകിന്റെ ഈ ചട്ടക്കൂടുകള്‍ എല്ലാം മാറി. നവീന സങ്കല്പങ്ങളിലേക്ക് ശരീര അഴകും വസ്ത്രധാരണരീതികളും മാറിയപ്പോള്‍ പെണ്ണിന്റെ സൗന്ദര്യ സങ്കല്പങ്ങളും മാറിത്തുടങ്ങി. അതിനൊരു മികച്ച ഉദാഹരണമാണ് കേരളത്തിലെ അറിയപ്പെടുന്ന ബോഡിബില്‍ഡറും ടി വി അവതാരകയുമായ ശ്രീയ അയ്യര്‍. മാറുന്ന സ്ത്രീ ഫിറ്റ്നസ് സങ്കൽപ്പങ്ങളും ബോഡി ബിൽഡിംഗ് വിശേഷങ്ങളും സ്ത്രീയുഗത്തിലൂടെ പങ്കുവയ്ക്കുകയാണ് ശ്രീയ.
കേരളത്തിലെ പെണ്‍കുട്ടികളും മസിലിനുവേണ്ടി തന്നെ ബോഡി ബില്‍ഡിംഗിലേക്ക് ഇറങ്ങിത്തുടങ്ങി എന്നാണ് ശ്രീയ പറയുന്നത്. നോര്‍ത്തിന്ത്യയിലെ പോലെ അത്രയും ആളുകൾ ഇല്ലെങ്കിലും പത്തില്‍ രണ്ടുപേരെങ്കിലും ഫിറ്റ്നസിലൂടെ ബോഡിബില്ഡിംഗിലേക്കും കഠിനമായ വര്ക്കൗട്ടുകളിലേക്കും ഇറങ്ങുന്നുണ്ട്. തുടക്കത്തില്‍ ജിം എക്സര്‍സൈസ് എന്ന രീതിയില്‍ വരുന്നവര്‍ ഇതിന്റെ സാധ്യതകള്‍ മനസിലാക്കി താല്പര്യത്തോടുകൂടിത്തന്നെ ബോഡി ബില്‍ഡിംഗ് തുടങ്ങുന്നു. താനും അങ്ങനെ തന്നെ ആയിരുന്നു എന്നു പറയുന്ന ശ്രീയ 65 കിലോയില്‍ അധികം ഭാരമുണ്ടായിരുന്ന തനിക്ക് അല്പം മെലിയണം എന്ന ആഗ്രഹത്തോടു കൂടിയാണ് ജിമ്മില്‍ എത്തപ്പെട്ടത്. അവിടെ എത്തിയപ്പോഴാണ് ചില ഫിറ്റ്നസ് മത്സരങ്ങള്‍ കണ്ടതും ഇന്റര്‍നാഷണല്‍ അത്ലറ്റുകളെ കാണുന്നതും ഒപ്പം ചില പ്രചോദനങ്ങളും കൂടി ആയപ്പോള്‍ ആവേശമായി. അങ്ങനെ കുറച്ചുകൂടി സ്ട്രോംഗ് ആവണമെന്ന് തോന്നിയപ്പോള്‍ സ്വാഭാവികമായും മസില്‍സ് വന്നു തുടങ്ങി. അങ്ങനെ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി.
ആദ്യം ആണുങ്ങളെപ്പോലെ മസില് ഉരുട്ടി പെരുപ്പിക്കുന്നതിനു പകരം വുമണ്‍ ഫീസിക്കിനാണ് ശ്രദ്ധ കൊടുത്തത്. സ്പോട്ടീ അത്ലറ്റിക് ലുക്ക് വരുക എന്നതായിരുന്നു ലക്ഷ്യം. ലക്ഷ്യത്തിലേക്ക് എത്തുന്ന ഈ വേളയില്‍ കുറച്ച് മത്സരങ്ങളിലൊക്കെ ഇതിനോടകം വിജയിക്കാന്‍ കഴിഞ്ഞു. ആദ്യവര്‍ഷം തന്നെ സൗത്ത് ഇന്ത്യയില്‍ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം കേരള സില്‍വര്‍ വരെയെത്തി. ഈ വര്‍ഷം ഇതുവരെ തിരുവനന്തപുരം വിജയിച്ചു. ഈ വര്‍ഷം കുറച്ച് ഫിറ്റ്നസ് ഇവന്റ്സില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. അടുത്ത വര്‍ഷം ഇന്ത്യ നേടുക എന്ന ഒരു പ്രതീക്ഷയോടെയാണ് ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ആണിന് മാത്രമല്ല പെണ്ണുിനും ഇഷ്ടങ്ങള്‍ ഉണ്ടാകാം. മസില്‍സ് വേണ്ടെന്ന് ആഗ്രഹിക്കുന്ന ആണുങ്ങള് ഉണ്ടാകാം ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികളും ഉണ്ടാകാം. മുന്‍പ് പെൺകുട്ടികൾക്ക് അതിനുള്ള അവസരങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ പെണ്‍കുട്ടികളും മാറി ചിന്തിച്ചു തുടങ്ങി. സൗത്ത് ഇന്ത്യയില്‍ ഇതിനോടകം നിരവധി പെണ്‍കുട്ടികളാണ് ഫിറ്റ്നസ് ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ചെലവ് കൂടുതലാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്നം. അത്രയും ചെലവ് താങ്ങാനുള്ള വരുമാനമൊന്നും ചിലപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാവില്ല. അതുകൊണ്ടാവാം അവര്‍ പിന്മാറുന്നത്. എങ്കിലും ചിലരെങ്കിലും ബോഡി ഫിറ്റ് ആയിരിക്കണം എന്നാഗ്രഹമുള്ളവരാണ്. മറ്റു ചിലര്‍ ആകട്ടെ, ജിമ്മില്‍ പോയിക്കഴിഞ്ഞാൽ തങ്ങള്‍ക്ക് മസില്‍സ് വരും എന്നൊരു തെറ്റിധാരണ ഉള്ളവരാണ്. തന്റെ അനുഭവത്തില്‍ അത്ര പെട്ടെന്ന് ഒന്നും മസില് വരില്ല. കോമ്പറ്റീഷന് ട്രെയിനിംഗ് ഒരു പ്രത്യേക വിഭാഗമാണ്. അതിനു വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടിവരും.
ജിമ്മില്‍ പോയെന്നു കരുതി എളുപ്പത്തില്‍ മസില്‍സ് വരില്ല. കാരണം സ്ത്രീകളുടെ ഹോര്‍മോണ്‍ അങ്ങനെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മെലിഞ്ഞ് ഫിറ്റായി ഇരിക്കാന്‍ ജിമ്മിലെ വര്‍ക്കൗട്ട് സഹായിക്കും. അങ്ങനെ ആഗ്രഹമുള്ളവര്‍ വീട്ടില്‍ ഇരിക്കാതെ തീര്‍ച്ചയായും ജിമ്മില്‍ പോകണം എന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും ശ്രീയ പറയുന്നു. സ്ത്രീകള്‍ കൂടുതലായും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. പടികള്‍ കയറാന്‍ പാടുപെടുന്നവരും ഉയരത്തില്‍ എന്തെങ്കിലും എടുത്തുവയ്ക്കാനോ ഒരു സാധനം മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കാനോ ചിലപ്പോള്‍ സ്ത്രീകള്‍ക്ക് സാധിച്ചേക്കില്ല. എന്നാല്‍ വര്‍ക്കൗട്ടിലൂടെ ഇതെല്ലാം നിസാരമായി ചെയ്യാന്‍ സാധിക്കും. അത്രത്തോളം ആരോഗ്യത്തോടെ ഫിറ്റ് ആയി ഇരിക്കാന്‍ സാധിക്കും. നമുക്ക് വേണ്ടി ആയിരിക്കണം വര്‍ക്കൗട്ട് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാകരുത് ജിമ്മിലെ വര്‍ക്കൗട്ടുകള്‍ എന്നൊരഭിപ്രായം ശ്രീയയ്ക്കുണ്ട്.
ഇക്കാലത്ത് എന്തുകൊണ്ട് പെണ്‍കുട്ടികള്‍ ഫിറ്റ്നസിലേക്ക് വരണം എന്നു ചോദിച്ചാല്‍ ശ്രീയയുടെ പക്കല്‍ അതിനും ഉത്തരമുണ്ട്. പണ്ടൊക്കെ നമ്മുടെ അമ്മമാര്‍ നന്നായി ഭക്ഷണം കഴിക്കുകുയും അതിനോടൊപ്പം തന്നെ വീട്ടിലെ എല്ലാ ജോലികളും അവര്‍ തന്നെ സ്വയം ചെയ്യുകയും ചെയ്യും. ഇക്കാലത്ത് വാഷിംഗ് മെഷീനും ഗ്രൈന്‍ഡറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നന്നായി അധ്വാനിച്ചു തുടങ്ങി. എന്നാല്‍ സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്നത് അതുപോലെതന്നെ തുടരുന്നുമുണ്ട്. മൊബൈല്‍ ഫോണൊക്കെ വന്നതിനു ശേഷം ഷട്ടില്‍ പോലെയുള്ള കളികളില്‍പോലും പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നില്ല. ജിം സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാണോ എന്നാണ് മിക്കവരും ചോദിക്കുന്നത്. രക്ഷിതാക്കളെ പറഞ്ഞു മനസിലാക്കണം എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നു ഉണ്ടാകില്ല എന്നാണ് ശ്രീയ പറയുന്നത്. അതിനായി ആദ്യം അവരെക്കൂടി ജിമ്മില്‍ കൊണ്ടുവന്ന് കാണിച്ചുകൊടുത്ത് മനസിലാക്കുക. മിക്ക ജിമ്മുകളിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തന്നെയാവും വര്‍ക്കൗട്ടുകള്‍ ചെയ്യുക.
ആണ്‍കുട്ടികളെപ്പോലെ തന്നെ തുടക്കം തീര്‍ച്ചയായും പെണ്‍കുട്ടികള്‍ക്കും പ്രയാസമേറിയതാണ്. ശരീര വേദന വന്നാല്‍ വീട്ടില്‍ വിശ്രമിച്ചാല്‍ വീണ്ടും വേദന കൂടുകയേ ഉള്ളൂ. അതേസമയം ആ വേദനയോടെ തന്നെ വര്‍ക്കൗട്ട് തുടര്‍ന്നാല്‍ ആഴ്ചകള്‍ കൊണ്ടുതന്നെ ശരീരവേദനയൊക്കെ മാറിത്തുടങ്ങും. പിന്നീട് നമ്മള് ജിം ഇഷ്ടപ്പെട്ട് ആസ്വദിച്ച് തുടങ്ങും. മിക്ക ജിമ്മുകളും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. അതോടൊപ്പം സമയത്തിന്റെ കാര്യത്തിലും ക്രമീകരണങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. ശ്രീയ ഇപ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉള്‍പ്പെടെ ഫിറ്റ്നസ് ട്രെയിനിംഗ് നല്‍കുന്നുണ്ട്. വളരെ അപൂര്‍വമായി മാത്രം കാണുന്ന കോമ്പറ്റീഷന് ട്രെയിനിംഗ് ആണ് പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്നത്. അതിന് കാരണം താന്‍ പഠിച്ച കാര്യങ്ങള്‍ എങ്ങനെ ഒരു സ്ത്രീ എന്ന നിലയില്‍ മറ്റുള്ള പെണ്‍കുട്ടികള്‍ക്ക് കൃത്യമായി പറഞ്ഞുകൊടുക്കാന്‍ സാധിക്കും എന്ന് ഇതിനോടകം മനസിലാക്കിയിട്ടുണ്ട്. കോമ്പറ്റിഷന്‍ ട്രെയിനര്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് പരിശീലനം കൊടുക്കുന്നതില്‍ കുറേയേറെ പോരായ്മകള്‍ ഇന്നുണ്ട്. ആ പോരായ്മകള്‍ മറികടന്ന് മികച്ച ട്രെയിനിംഗ് കൊടുക്കാന്‍ സാധിക്കും എന്ന വിശ്വാസവുമുണ്ട് ശ്രീയ പറഞ്ഞു.
നമ്മള് എന്തുചെയ്യുന്നു എന്ന് നോക്കി കുറ്റം പറയുന്നവരാണ് ചുറ്റിലും. നീളം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതിരുന്ന താന്‍ ആദ്യമായിട്ടാണ് മത്സരവേദിയില്‍ ഒരു ഷോര്‍ട്ട് ധരിച്ചത്. അത് മറ്റുള്ളവരെ കാണിക്കാന്‍ ആയിരുന്നില്ല. മുന്നില്‍ അപ്പോള്‍ മത്സരമാണ്. വിജയിക്കണം എന്നൊരു ചിന്തയും ലക്ഷ്യവും മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന് സമൂഹമാധ്യമങ്ങളില്‍ ചില മോശം കമന്റുകള്‍ ലഭിച്ചത് അല്പം മാനസിക വിഷമം ഉണ്ടാക്കി. എന്നാല്‍ തിരുവനന്തപുരത്തിന്റെ അഭിമാനം എന്ന് പറഞ്ഞ് ഒരു വെബ്സൈറ്റ് പോസ്റ്റ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. അതോടെയാണ് ആത്മവിശ്വാസം വര്‍ധിച്ചത്. അതിനുശേഷമാണ് സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചിത്രം പോസ്റ്റ് ചെയ്തത്. അതിനും നല്ല പ്രതികരണം ലഭിച്ചു. എങ്കിലും ചിലര്‍ പറഞ്ഞത് ആണ്‍കുട്ടിയെപ്പോലെ തോന്നിക്കുന്നു എന്നാണ്. അവരോട് പറയാനുളളത് ഒന്നുമാത്രം. ഇത് എന്റെ ജീവിതമാണ്, എനിക്കിഷ്ടമാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങള്‍ക്ക് ഡിസ്ലൈക്ക് ചെയ്യാം. വേറെ പേജിലേക്ക് പോകാം അല്ലെങ്കില്‍ ശ്രദ്ധിക്കാതിരിക്കാം. എന്നെ ഇഷ്ടമുള്ളവര്‍ ഫോളോ ചെയ്യട്ടെ അല്ലാത്തവര്‍ ചെയ്യണ്ട. ആത്മവിശ്വാസത്തോടെ ശ്രിയ പറഞ്ഞു നിര്‍ത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.