നാലാം നമ്പർ പ്രതീക്ഷകൾ ശ്രേയസിലേക്ക്, വിമർശനങ്ങൾക്ക് നടുവിൽ റിഷഭ് പന്ത്, കളത്തിലിറങ്ങാൻ കഴിയാതെ സഞ്ജു

Visakh
Posted on November 12, 2019, 12:17 pm

നാഗ്പൂർ: നാലാം നമ്പരിൽ ഇന്ത്യൻ ടീമിന്റെ തലവേദന ഒഴിയുന്നുവെന്ന് വ്യക്തമാക്കി ശ്രേയസ് അയ്യരുടെ പ്രകടനം. ഇന്ത്യൻ ടീം നാളുകളായി നടത്തിവരുന്ന പരീക്ഷണങ്ങൾ ഒടുവിൽ ശ്രേയസിലേക്ക് എത്തിയിരിക്കകയാണ്. ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനമാണ് യുവരാജ് സിങിന് ശേഷം ഇന്ത്യൻ ടീമിന്റെ നാലാംനമ്പർ ബാറ്റ്സ്മാൻ എന്ന സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെ പ്രതിഷ്ഠിക്കുന്നത്.

റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, അമ്പാട്ടി റായുഡു, മഹേന്ദ്ര സിങ് ധോണി, വിജയ് ശങ്കര്‍ എന്നിങ്ങനെ നിരവധി താരങ്ങളെ രവി ശാസ്ത്രിയും വിരാട് കോലിയും ഇതുവരെ മാറി മാറി പരീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും ഫലം കണ്ടില്ല. പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ലോകകപ്പ് സെമിഫൈനൽ ഒരിക്കല്‍ക്കൂടി തെളിയിച്ചു. മുന്‍നിര തകര്‍ന്നതോടെ ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ ന്യൂസിലാന്‍ഡിന് മുന്നില്‍ വീഴുകയായിരുന്നു.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ നാലാം നമ്പറിന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്നാണ് ശ്രേയസ് അയ്യര്‍ കഴിഞ്ഞദിവസം തെളിയിച്ചത്. 33 പന്തില്‍ നിന്നും 62 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അഞ്ചു സിക്‌സും മൂന്നും ഫോറും ശ്രേയസിന്റെ ബാറ്റില്‍ നിന്നും പിറന്നു.ഇനിയിപ്പോള്‍ നാലാം നമ്പറിലെ പരീക്ഷണങ്ങള്‍ ശാസ്ത്രിക്ക് അവസാനിപ്പിക്കാമെന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ അഞ്ചാം നമ്പറിലാണ് ശ്രേയസ് ഇറങ്ങിയത്. അന്ന് രണ്ടുതവണ താരം അര്‍ധ സെഞ്ചുറി കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും പരാജയപ്പെട്ടാല്‍ മധ്യനിരയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രേയസിന് കഴിയുമെന്ന വിശ്വാസത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയിട്ടുണ്ട്.

അതേസമയം റിഷഭ് പന്ത് വീണ്ടുമൊരിക്കൽകൂടി വിമർശനങ്ങൾക്ക് നടുവിലാണ്. ടീമിന് വേണ്ടി ഇത്തവണയും കാര്യമായൊന്നും ചെയ്യാന്‍ പന്തിനായില്ല. വിക്കറ്റിനും മുന്നിലും പിന്നിലും നിരന്തരം പിഴവുകള്‍ വരുതത്തിയതും പന്തിന് തിരിച്ചടിയായിട്ടുണ്ട്. മൂന്നാം മത്സരത്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 26 പന്തുകളില്‍ നിന്ന് 27 റണ്‍സാണ് പന്ത് നേടിയത്. രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്തതുമില്ല. നാഗ്പൂര്‍ ടി20യില്‍ മുന്‍നിര മികച്ച തുടക്കം നല്‍കിയിട്ടും മധ്യനിരയില്‍ പന്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ഡിആർഎസ് ഫലപ്രദമായി ഉപയോഗിക്കുന്നതിനും പന്ത് പിഴവുവരുത്തുന്നുണ്ട്. രാജ്കോട്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ സ്റ്റംപിന് മുന്നില്‍ കയറി പന്ത് പിടിച്ച്‌ സ്റ്റംപിങ് ചെയ്തതും വിമർശനത്തിന് ഇടയാക്കുന്നുണ്ട്. പന്തിന് പകരം രാഹുലിനെയോ സഞ്ജുവിനെയോ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി പരിഗണിക്കണമെന്ന ആവശ്യവും ആരാധകർ ഉയർത്തുന്നുണ്ട്. എന്നാൽ അവസാനമത്സരത്തിലും മലയാളി താരം സഞ്ജു വി സാംസണ് അവസരം ലഭിച്ചതുമില്ല,

ഇത് മൂന്നാം തവണയാണ് സഞ്ജുവിന്റെ പേര് ടീമില്‍ ഉള്‍പ്പെടുന്നത്. അതില്‍ ഒരിക്കല്‍ മാത്രമാണ് സഞ്ജു കളിച്ചത്. മറ്റ് രണ്ട് തവണയും സഞ്ജുവിന് ലൈഡ് ബെഞ്ചിൽ മാത്രമായിരുന്നു സ്ഥാനം. ആഭ്യന്തരകിക്കറ്റില്‍ കാഴ്ച്ചവെച്ച മികച്ചപ്രകടനമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ കാരണമായത്. എന്നാൽ പരമ്പരയിലുടനീളം സഞ്ജുവിനെ തഴയുകയായിരുന്നു. മനീഷ് പാണ്ഡേയും റിഷഭ് പന്തും കെ എൽ രാഹുലും ഉൾപ്പെടെയുള്ളവർ നിരന്തരം പരാജയപ്പെട്ടിട്ടും വീണ്ടും അവസരം ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഞ്ജുവിനെപ്പോലെയുള്ള യുവതാരങ്ങൾ പുറത്തിരിക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.