23 April 2024, Tuesday

ശ്രീകൃഷ്ണനും കുചേലനും ഹെെദരാലിയും

ദേവിക
വാതിൽപ്പഴുതിലൂടെ
January 31, 2022 4:46 am

പാലക്കാട്ടെ വനഗഹ്വരങ്ങളില്‍ നിന്ന് കഴിഞ്ഞ നാല് വര്‍ഷമായി ഒരു നിലവിളി അശരീരിയായി കേള്‍ക്കുന്നു, ‘നിങ്ങളെന്തിന് എന്നെ കൊന്നു തിന്നു, നിങ്ങളെന്തിനെന്റെ കുഴിഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുത്തു, നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്ന കടമ്മനിട്ട കവിതപോലുള്ള രോഷാശരീരി. വിശന്നുവലഞ്ഞപ്പോള്‍ ഒരു കഷണം ഉള്ളിയും ഒരു പിടി അരിയും മോഷ്ടിച്ചെന്ന കുറ്റം ചാര്‍ത്തി അട്ടപ്പാടി മുക്കാലിയില്‍ മധു എന്ന ഗോത്ര യുവാവിനെ ആള്‍ക്കൂട്ടം ചേര്‍ന്ന് കെട്ടിയിട്ട് തല്ലിക്കൊന്നിട്ട് വരുന്ന ഫെബ്രുവരി 22ന് നാല് വര്‍ഷമാകുന്നു. പ്രതികളായത് 16 പേര്‍. മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ കോടതിയില്‍ നിലവിലുള്ള ഈ അരുംകൊലക്കേസില്‍ ഇനിയും വിചാരണപോലുമായില്ല. തന്നെ തല്ലിക്കൊല്ലാന്‍ പോകുന്ന ജനക്കൂട്ടത്തെ നോക്കി ബന്ധനസ്ഥനായി നില്‍ക്കുന്ന മധുവിന്റെ കണ്ണുകളിലെ നിസഹായതയുടെ ചിത്രം മലയാളിമനസില്‍ തീക്കൊള്ളികൊണ്ടെഴുതിയ ചോദ്യചിഹ്നംപോലെ. വര്‍ഷം നാലായിട്ടും വിചാരണപോലും തുടങ്ങാത്ത കേസില്‍ ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിനെ പഴിചാരുന്നു. കേസ് പഠിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂട്ടര്‍ രഘുനാഥന്റെ വിചിത്രവാദം. കേസില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി പ്രതിയുടെ ഗുണ്ടകള്‍ മധുവിന്റെ സഹോദരി സരസുവിന്റെ വീടുകയറി വധോദ്യമം നടത്തുന്നു. പ്രതികളെ തിരയുന്നുവെന്ന് പൊലീസ്. ഇതെല്ലാം നടക്കുമ്പോള്‍ ഉള്‍വനങ്ങളില്‍ നിന്ന് മധുവിനെ ആശ്വാസ അശരീരി, ‘മരണത്തെക്കാള്‍ ഭയാനകമല്ലേ പട്ടിണി. ഞാന്‍ സവര്‍ണനല്ലല്ലോ, പാവം ആദിവാസിയായ ഒരു മനുഷ്യപ്പുഴു… നീതിപീഠത്തിനു മുന്നിലും മധുവിന്റെ അനാഥ ആത്മാവ്.


ഇതുകൂടി വായിക്കൂ: മധുരമനോഹര മനോജ്ഞ മര്‍ദ്ദനം!


പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരനായ ഡോ. ജോണ്‍സനെക്കുറിച്ച് ഒരു കഥയുണ്ട്. ഇംഗ്ലീഷ് ശബ്ദകോശത്തിന്റെ പിതാവ് (ബ്രിട്ടനിലെ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള). എപ്പോഴും വെടിപ്പായി വസ്ത്രധാരണം ചെയ്യുന്ന അദ്ദേഹത്തിന് ചില വിചിത്ര സ്വഭാവങ്ങളുണ്ടായിരുന്നു. ചിലപ്പോള്‍ മുഷിഞ്ഞ വേഷത്തിലാവും സഞ്ചാരം. ഒരിക്കല്‍ ഈ കൂതറ വേഷവുമായി ഒരു പ്രമുഖ വിവാഹച്ചടങ്ങിനെത്തി. മുഷിഞ്ഞു നാറുന്ന കോട്ടിലാകെ സിഗററ്റു വലിച്ച് കനല്‍വീണ തുളകള്‍. മൂക്കുപൊടി വലിച്ചു തുമ്മിയതിന്റെ അടയാളങ്ങള്‍കൊണ്ട് കോട്ടാകെ നാശക്കോട്ട. കല്യാണനടത്തിപ്പുകാര്‍ക്ക് ആളെ പിടികിട്ടിയില്ല. യാചകനെന്നു കരുതി അദ്ദേഹത്തെ തള്ളിപ്പുറത്താക്കി. ഒട്ടും വെെകാതെ അദ്ദേഹം രാജകീയ വേഷത്തില്‍ വിവാഹഹാളില്‍ പ്രവേശിച്ചു. ആളെ പിന്നെയും തിരിച്ചറിയാത്തവര്‍ ഡോ. ജോണ്‍സണ് ഉപചാരപൂര്‍വം വീഞ്ഞും ഭക്ഷണവും വിളമ്പി. അദ്ദേഹം അതെല്ലാം തന്റെ വസ്ത്രങ്ങളില്‍ വാരിത്തേച്ചു. വീഞ്ഞും മദ്യവും കോട്ടില്‍ വാരിയൊഴിച്ചു. ജനം അന്ധാളിച്ചു നില്‍ക്കെ അദ്ദേഹം ശാന്തനായി പറഞ്ഞു; നിങ്ങള്‍ ഇതെല്ലാം വിളമ്പിയത് എനിക്കല്ലല്ലോ, എന്റെ പ്രൗഢവസ്ത്രങ്ങള്‍ക്കല്ലേ.

നമ്മുടെ പ്രധാനമന്ത്രി മോഡിയും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പ്രമാണിച്ച് പാളിപ്പോകാന്‍ സര്‍വസാധ്യതയുമുള്ള ഈ വസ്ത്ര ടെക്നിക് പുറത്തെടുത്തിരിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍ഖണ്ഡിലെ തൊപ്പിയും മണിപ്പൂരി കോട്ടും ധരിച്ചായിരുന്നു മോഡിജിയുടെ അവതാരം. ഇനി പഞ്ചാബില്‍ ചെല്ലുമ്പോള്‍ സര്‍ദാര്‍ജിയുടെ ലങ്കോട്ടിയണിഞ്ഞാവും പൊതുയോഗങ്ങളില്‍ പ്രത്യക്ഷപ്പെടുക. ലങ്കോട്ടി പഞ്ചാബിയാണെന്നു കാണിക്കാന്‍ പെെജാമ ഒഴിവാക്കുമായിരിക്കും. ഗോവയിലെത്തിയാല്‍ കശുമാങ്ങയില്‍ നിന്നു വാറ്റിയെടുക്കുന്ന ഗോവന്‍ ബ്രാന്‍ഡ് കാശുഫെനി മദ്യക്കുപ്പിയും പൊക്കിയായിരിക്കും പ്രകടനം. യുപിയില്‍ മോഡി വരുന്നതു കാണാന്‍ എന്തൊരു ചന്തമായിരിക്കും. മുഖ്യന്‍ ആദിത്യനാഥ് ഈയിടെ ഒരു വെളിപ്പെടുത്തല്‍ നടത്തി. യുപിയിലെ പിലിഫിത്തില്‍ നിര്‍മ്മിച്ച ഓടക്കുഴലാണ് അയ്യായിരം വര്‍ഷം മുമ്പ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ വായിച്ചിരുന്നതെന്ന്. പിലിഫിത്ത് ഓടക്കുഴലുകള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറി തന്നെ അവിടെ ആരംഭിക്കുമെന്ന പ്രഖ്യാപനവും ആദിത്യനാഥ് നടത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു റാലികളില്‍ പിലിഫിത്ത് ഓടക്കുഴലൂതുന്ന മോഡിയുടെ ചിത്രം ഒന്നോര്‍ത്തു നോക്കു. എന്തു രസമായിരിക്കും. കലികാല കണ്ണനും ഓടക്കുഴലും. ഹായ് ഓര്‍ക്കാന്‍ പോലും വയ്യെന്റെ ശ്രീകൃഷ്ണ ഭഗവാനേ!


ഇതുകൂടി വായിക്കൂ: റിപ്പബ്ലിക് ദിന പരേഡിലും തെരഞ്ഞെടുപ്പ് തന്ത്രം; ഉത്തരാഖണ്ഡ് തൊപ്പി ധരിച്ച് മോഡി


കുചേലവൃത്തം കഥകളിപദങ്ങള്‍ ഈയിടെ കേള്‍ക്കാനിടയായി. കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ ദ്വാരകാപുരിയില്‍ എത്തുന്നതാണ് കഥാസന്ദര്‍ഭം. ‘യാദവാധിപാ നിന്നെ ഹൃദിചിന്ത നിദാനേന, മോദം മേ വളരുന്നു കരുണ വരണ സരുണംസദാ മേദനാ, അജിതാഹരേ ജയ മാധവാ വിഷ്ണോ അജമുഖദേവാ നതാ..’ എന്നിങ്ങനെ ഹൃദയത്തെ സാന്ദ്രമാക്കുന്ന കഥകളിസംഗീതം. ശ്രീകൃഷ്ണനാണെങ്കില്‍ കുചേലന്റെ സതീര്‍ത്ഥ്യന്‍. അഥവാ ക്ലാസ്‌മേറ്റ്. കുചേലന്റെ ജാതിയെന്താ? തനി ബ്രാഹ്മണന്‍. ശ്രീകൃഷ്ണനോ അസല്‍ പിന്നാക്കക്കാരനായ യാദവന്‍. ദ്വാപരയുഗത്തിന്റെ മനഃസാക്ഷിയായ ഗോപാലകൃഷ്ണന്‍. ബ്രാഹ്മണനോടൊപ്പം വിദ്യയും ശസ്ത്രശാസ്ത്രങ്ങളും അഭ്യസിച്ചുവെന്നു കേള്‍ക്കുമ്പോള്‍ ആ മഹാപുണ്യകാലത്ത് ജാതിവര്‍ണചിന്തകളില്ലായിരുന്നതില്‍ നാം അഭിമാനരോമാഞ്ചമണിയുക. പിന്നീട് യുഗങ്ങള്‍ പിന്നിട്ട് കലിയുഗത്തില്‍ കുചേലവൃത്തം കഥകളിപദങ്ങള്‍ ആലപിച്ചത് തനി മുസ്‌ലിമായ ഹെെദരാലിയും ജാതിയുടെയും മതത്തിന്റെയും കറുപ്പണിയാത്ത ഹൃദ്സംഗമം. മലയാളി പിന്നെയങ്ങു വളര്‍ന്നു. വിവേകാനന്ദന്‍ ഊശിയടിച്ച ഭ്രാന്താലയത്തില്‍ പുതിയ അന്തേവാസികളായി. ഈ പുതിയ പൊറുതിക്കാരെ വാഴ്ത്തിപ്പാടാന്‍ നമ്മള്‍ നവോത്ഥാനമതിലുകള്‍ പണിതും മതില്‍ക്കല്ലുകളായ മലയാളിമനുഷര്‍ പാടി; ‘അജിതാ ഹരേ ജയ മാധവാ വിഷ്ണോ..’


ഇതുകൂടി വായിക്കൂ: തത്വമസി പക്ഷേ അതു നീയല്ല


ഗുരു പവനപുരമായ ഗുരുവായൂരിലെ പ്രതിഷ്ഠ യാദവനായ ശ്രീകൃഷ്ണദേവനാണ്. ക്ഷേത്രത്തില്‍ കുചേല ബ്രാഹ്മണന്റെ വിഗ്രഹവും കാണാം. പക്ഷെ ഗുരുവായൂര്‍ ദേവസ്വത്തിന് ഒരു മനുചിന്ത കത്തുന്നു. ഗുരുവായൂരപ്പന്റെ പ്രസാദം തയാറാക്കാന്‍ ദേഹണ്ഡക്കാരായി ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന പത്രപരസ്യവും നല്കി. ബ്രാഹ്മണനായ കുചേലന്‍ സമ്മാനിച്ച അവലാണല്ലൊ ദളിതനായ ശ്രീകൃഷ്ണന്‍ പണ്ടു ഭക്ഷിച്ചത്. അപ്പോള്‍ യുഗങ്ങള്‍ക്കിപ്പുറത്തും ബ്രാഹ്മണനെക്കൊണ്ടല്ലേ ഗുരുവായൂരപ്പന് പ്രസാദമുണ്ടാക്കേണ്ടതെന്ന ദേവസ്വത്തിന്റെ ‘യുക്തിഭദ്രമായ ചിന്ത’യില്‍ മനുവാദം കാണരുത്. ദേവസ്വത്തിന്റെ ഈ മനുവാദത്തെ ദേവസ്വം മന്ത്രി രാധാകൃഷ്ണന്‍ തന്നെ തള്ളിക്കളഞ്ഞുവെങ്കിലും ഈ ജാതിഭദ്രതാ വാദത്തെ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയില്ലല്ലോ എന്നു ദേവസ്വത്തിന് ആശ്വസിക്കാം. കലിയുഗവരദനായ ശബരിമല ശ്രീധര്‍മ്മശാസ്താവാകട്ടെ തികഞ്ഞ മതേതരവാദിയായ ദെെവമെന്നാണ് സങ്കല്പം. അരികത്ത് മുസ്‌ലിമായ വാവരു സ്വാമിയുമായി കഴിയുന്ന പൊന്നയ്യപ്പന്‍. പക്ഷെ ശബരിമലയില്‍ ഭൂലോകനാഥനും ഭൂമിപ്രപഞ്ചനുമായ അയ്യപ്പനെ പൂജിക്കാന്‍ മലയാള ബ്രാഹ്മണര്‍ക്കു മാത്രമെ അവകാശമുള്ളു എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവ് ഇപ്പോഴും റദ്ദാക്കാതെ പ്രാബല്യത്തിലുണ്ട്. കാണിക്കാരും മലമ്പണ്ടാരങ്ങളും പോകട്ടെ തമിഴ് അയ്യങ്കാര്‍മാരും അയ്യര്‍മാരും തുളുനാടന്‍ പോറ്റിമാരും വരെ അയ്യപ്പന് അയിത്തജാതിക്കാര്‍. ഇതെല്ലാം നടക്കുന്നത് യുപിയിലൊ ബിഹാറിലൊ അല്ല പ്രബുദ്ധ കേരളത്തിലാണെന്നോര്‍ത്ത് ഗുരുവായൂരപ്പനും ധര്‍മ്മശാസ്താവും തലകുമ്പിട്ടിരിപ്പാണോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.