Web Desk

കൊളംബോ

June 18, 2020, 5:35 pm

ശ്രീലങ്ക 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ വിറ്റതായി കായിക മന്ത്രി

Janayugom Online

ശ്രീലങ്ക 2011ലെ ലോകകപ്പ് ഫൈനൽ ഇന്ത്യയ്ക്ക് വിറ്റതായി മുൻ കായികമന്ത്രി. ഇതോടെ ക്രിക്കറ്റിലെ മറ്റൊരു മാച്ച് ഫിക്സിങ് വിവാദം കൂടി മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

ഫൈനൽ മാച്ച് ഫിംക്സിങിനെ കുറിച്ചുള്ള രണ്ടാമത്തെ വിവാദ വെളിപ്പെടുത്തലാണ് ഇത്. ഇക്കുറി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് അന്നത്തെ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അൽതുഗാമാഗെ.

1996ൽ അന്നത്തെ ലോകകപ്പ് വിന്നിംഗ് സ്കിപ്പർ അർജുന രണതുംഗയായിരുന്നു ആദ്യ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.

2011ൽ അതേക്കുറിച്ച് വെളിപ്പെടുത്താൻ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് ഇപ്പോഴത്തെ പുനരുപയോഗിക്കാവുന്ന ഊർജ്ജമന്ത്രി അലുതഗമഗെ പറഞ്ഞു. തങ്ങളാണ് അന്ന് ജയിക്കേണ്ടിയിരുന്നത്. എന്നാൽ അത് തങ്ങൾ വിൽക്കുകയായിരുന്നു. ഇപ്പോളിതേക്കുറിച്ച് വെളിപ്പെടുത്താനാകുമെന്നാണ് താൻ കരുതുന്നത്. താൻ കളിക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. എന്നാൽ ചിലയിടങ്ങളിൽ നിന്ന് ഇടപെടലുകളുണ്ടായി.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ശ്രീലങ്ക തോറ്റത്. എന്നാൽ യാതൊരു കള്ളത്തരങ്ങളും സംഭവിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ കളിക്കാർ ശക്തമായി വാദിക്കുന്നത്.

പരാജയത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അന്ന് കമന്റേറ്ററായിരുന്ന രണതുംഗ ആവശ്യപ്പെട്ടിരുന്നു. പരാജയപ്പെട്ടപ്പോൾ തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് 2017 ജൂലൈയിൽ ആണ് അദ്ദേഹം പറഞ്ഞത്. 2011 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മോശം കാര്യങ്ങൾ എന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ കളിക്കാർക്ക് അത് മറച്ച് വയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയാണ് ആദ്യം ബാറ്റ് ചെയ്തത്. അൻപത് ഓവറിൽ 274റൺ നേടുകയും ചെയ്തു. ഇവർ ശക്തമായി നിലയുറപ്പിച്ചിരുന്നു. ഇന്ത്യൻ താരം സച്ചിൻ ടെൻഡുൽക്കർ 18 റൺസിൽ ഔട്ടായി. എന്നാൽ നാടകീയമായി പിന്നെ ഇന്ത്യ തിരിച്ച് വരുന്ന കാഴ്ചയാണ് സ്റ്റേഡിയത്തിൽ നടന്നത്. കുമാർ സംഗക്കാരയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മോശം ഫീൽഡിംഗും ബൗളിംഗുമാണ് ഇന്ത്യയെ തുണച്ചത് എന്നാണ് വിലയിരുത്തിയിരുന്നത്.

ശ്രീലങ്കൻ ക്രിക്കറ്റ് എന്നും അഴിമതിയുടെയും വിവാദങ്ങളുടെയും കൂത്തരങ്ങാണ്.

രാജ്യാന്തര ക്രിക്കറ്റ് സമിതി മൂന്ന് മുൻ കളിക്കാർക്കെതിരെ അന്വേഷണം തുടങ്ങിയതായി ശ്രീലങ്കൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിരുന്നു. മാച്ച് ഫിക്സിങ്ങിനെതിരെ ശ്രീലങ്ക വൻ പിഴ ചുമത്തിയിരുന്നു.

ശ്രീലങ്കൻ ക്രിക്കറ്റ് അടിമുടി അഴിമതിയിൽ കുളിച്ചിരിക്കുകയാണെന്ന് മറ്റൊരു മുൻ കായികമന്ത്രി ഹരിൻ ഫെർണാണ്ടോ പറഞ്ഞിരുന്നു. ശ്രീലങ്ക ഏറ്റവും അഴിമതിക്കാരായ രാഷ്ട്രമായാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വിലയിരുത്തുന്നത്.

മൂന്ന് കളിക്കാർക്കെതിരെ ഇതുവരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നടപടി എടുത്തിട്ടുണ്ട്. സനത് ജയസൂര്യ, ന്യൂവാൻ സോയ്സ, ദിൽഹാര ലോകുഹെറ്റിഗെ തുടങ്ങിയവരെയാണ് ഇതുവരെ ശിക്ഷിച്ചിട്ടുള്ളത്.

അതേ സമയം ആരോപണങ്ങൾ അന്നത്തെ ക്യാപ്റ്റൻ മഹേല ജയവർദ്ധനെ നിഷേധിച്ചു. മാച്ച് ഫിക്സിങ് നടന്നിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഗൗതം ഗംഭീറിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും മികവിലാണ് ഇന്ത്യയ്ക്ക് കപ്പ് ഉയർത്താനായതെന്ന് ഇന്ത്യയും പ്രതികരിച്ചിട്ടുണ്ട്.

eng­lish summary:Sri Lan­ka “Sold” 2011 Crick­et World Cup Final, Says For­mer Sports Minister
you may also like this videO: