ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി ദരിദ്രരും ഇടത്തരം പൗരന്മാരും ഉൾക്കൊള്ളുന്ന കീഴാള സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ഇടതുപക്ഷ സഖ്യത്തിലേക്ക് രാഷ്ട്രീയ അധികാരം മാറി. കാലാകാലങ്ങളായി അഴിമതിയുടെയും ചൂഷണത്തിന്റെയും ഇരകളായിരുന്നു ലങ്കൻ ജനത. സ്വാതന്ത്ര്യലബ്ധി മുതൽ തെരഞ്ഞെടുപ്പിലൂടെയുള്ള രാഷ്ട്രീയ അധികാരം എല്ലായ്പ്പോഴും ഉന്നത സാമൂഹിക വിഭാഗങ്ങളുടെ കുത്തകാവകാശമായിരുന്നു. എന്നാൽ 2022ൽ സവർണ വിഭാഗത്തിലെ ഉന്നതർ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന രാഷ്ട്രീയക്രമത്തിനും എല്ലാ രാഷ്ട്രീയ ഛായകൾക്കുമെതിരെ സാധാരണ പൗരന്മാരുടെ പ്രതിഷേധം ഉയർന്നു. അതുവരെയുള്ള രാഷ്ട്രീയ നേതൃത്വത്തിലും രാഷ്ട്രീയ പാർട്ടികളിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ജനം ആവശ്യപ്പെട്ടത് സംവിധാനത്തിന്റെ തന്നെ മാറ്റമായിരുന്നു.
ജനകീയ മുന്നേറ്റത്തിന്റെ ഫലം വളരെ പ്രാധാന്യമർഹിക്കുന്നതും ദൂരവ്യാപകവുമായിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെയും സമീപകാല പാർലമെന്റ് തെരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ പൗരന്മാർ തന്നെ ആരംഭിച്ച ഈ മാറ്റ പ്രക്രിയയുടെ പരിസമാപ്തിയാണ്. ഏത് സാമൂഹിക വർഗമാണ് രാജ്യം ഭരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ, തെരഞ്ഞെടുപ്പുഫലം ആഴത്തിലുള്ളതും ക്രിയാത്മകവുമായ പരിവർത്തനത്തെ പ്രതിനിധീകരിക്കുന്നു.
ഈ പരിവർത്തനത്തിന്റെ ദൃഢീകരണത്തിനും നിലനില്പിനും അനുര കുമാര ദിസനായകെ പ്രസിഡന്റായ ഇടതുപക്ഷ ചേരിയുടെ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സർക്കാർ നിലനിൽക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോൾ ജനം വംശീയ അതിർത്തികൾ മറികടന്നതും വ്യക്തമാകും. സിംഹളർ ഭൂരിപക്ഷമായ തെക്കൻ പ്രദേശങ്ങളിലും വടക്കൻ തമിഴ് സമൂഹത്തിലും മുസ്ലിം സമൂഹത്തിലും സമാന്തരവും സമാനമായതുമായ രാഷ്ട്രീയ പരിവർത്തനം കാണാനാകും. പരമ്പരാഗത രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള ജനങ്ങളുടെ അകൽച്ചയാണ് പ്രകടം. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിലും നേതൃത്വത്തിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഇത് അടിവരയിടുന്നത്.
വലതുപക്ഷ പാർട്ടികളും മധ്യ‑വലതുപക്ഷ പാർട്ടികളും ആധിപത്യം പുലർത്തുന്ന പരമ്പരാഗത രാഷ്ട്രീയ സംവിധാനം അതിവേഗം ശിഥിലമാകുകയാണ്. ഈ രാഷ്ട്രീയ ശൂന്യത ഇടതുപക്ഷ രാഷ്ട്രീയ രൂപീകരണത്തിനുള്ള പുതിയ ഇടമായി മാറുകയാണ്. ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ ഭാവിയിൽ അതൊരു മോശം സംഭവവികാസമാകരുത് എന്നതാണ് നിർണായകം. പുരോഗമനപരമായ അജണ്ടകളുടെയും രാജ്യത്തെ പുനർനിർമ്മിക്കുന്നതിനുള്ള പദ്ധതികളുടെയും മുന്നേറ്റം വികസിച്ചുകൊണ്ടിരിക്കുന്ന ജനപക്ഷ രാഷ്ട്രീയ സാഹചര്യങ്ങളിൽ സുസ്ഥിരമായ ജനാധിപത്യവൽക്കരണത്തിന് വഴിയൊരുക്കും. ശ്രീലങ്കയിൽ ഇപ്പോൾ ഈ സാഹചര്യം പ്രകടമാണ്. തങ്ങളെ ചൂഷണം ചെയ്ത രാഷ്ട്രീയ വർഗത്തെ ജനം വോട്ടുചെയ്ത് പുറത്താക്കി ശിക്ഷിച്ചിട്ടുണ്ട്. എന്നാൽ ആ ഫലത്തിൽ മാത്രം ആളുകൾ തൃപ്തരല്ല. അഴിമതിക്കാരെ പിടികൂടുകയും ശിക്ഷിക്കുകയും മോഷ്ടിച്ച സമ്പത്ത് വീണ്ടെടുക്കുകയും ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നു.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരും സമാന അവസ്ഥയിലാണ്. ശ്രീലങ്കയിലെ പുതിയ ഭരണകൂടത്തിന്റെ വ്യക്തമായ നയങ്ങൾ കണക്കിലെടുക്കുമ്പോൾ, ശ്രീലങ്കയിൽ ഇതിനകം ചുമത്തിയിരിക്കുന്ന ലോകബാങ്ക് വ്യവസ്ഥകൾ സ്വാഭാവികമായും പുനര്‍ചിന്തനത്തിന് വിധേയമാക്കും. ബംഗ്ലാദേശിലാകട്ടെ ഹസീന മാറി നൊബേൽ ജേതാവ് മുഹമ്മദ് യൂനസ് വന്നെങ്കിലും ഭരണക്രമത്തിലും സംവിധാനത്തിലും മാറ്റങ്ങളൊന്നുമില്ല. ഇസ്കോൺ ആത്മീയനേതാവ് ചിൻമോയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിന് പിന്നാലെ ന്യൂനപക്ഷ വേട്ടയെന്ന ആരോപണവും ശക്തമായി. ഇസ്കോൺ മതമൗലികവാദ സംഘടനയാണെന്നാണ് ബംഗ്ലാദേശ് ഭരണകൂടം കോടതിയെ അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ ജനജീവിതം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോവുന്നതിനുവേണ്ട ക്രിയാത്മകമായ ഇടപെടലുകളൊന്നും ഇടക്കാല സർക്കാരിനും നടത്താൻ സാധിക്കുന്നില്ല. കൃഷ്ണദാസിന്റെ അറസ്റ്റിനുശേഷം ചിറ്റഗോങ്ങിൽ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. അഭിഭാഷകനായ സെയ്ഫുൾ ഇസ്ലാം കൊല്ലപ്പെട്ടു. അദ്ദേഹത്തെ പ്രതിഷേധക്കാർ ചേംബറിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി കൊല്ലുകയായിരുന്നുവെന്ന് ചിറ്റഗോങ് ലോയേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. ഏതുവിധേനയും മതസൗഹാർദം നിലനിർത്താൻ ഇടക്കാല സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് മുഹമ്മദ് യൂനസിന്റെ പ്രതികരണം. എന്നാൽ വാക്കുകൾക്കപ്പുറത്ത് ഒന്നും തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
എന്നാല്‍ ബംഗ്ലാദേശിന്റെ വിദേശകാര്യനയത്തിൽ ചില മാറ്റങ്ങൾ പ്രകടമാണ്. 53 വർഷങ്ങൾക്ക് ശേഷം ആദ്യമായി ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിലേക്ക് ഒരു ചരക്കുകപ്പൽ പോയത് ഏതാനും ആഴ്ച മുമ്പാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ സമുദ്രത്തിലൂടെയുള്ള ചരക്കുഗതാഗതം പുനരാരംഭിച്ചിരിക്കുന്നു. സാമ്പത്തിക — വ്യാവസായിക മേഖലകളിൽ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ യൂനസും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ന്യൂയോർക്കിൽ വച്ച് ചർച്ച നടത്തിയിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘സാർക്’ പുനരുദ്ധരിക്കാനും ഇരുവരും തീരുമാനിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും പ്രതിഷേധങ്ങളും തുടരുമ്പോൾ പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. അക്രമോത്സുകമായ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം സാക്ഷ്യംവഹിച്ചത്. നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. തീവ്ര ഇസ്ലാമിക സംഘടനകൾക്ക് ബംഗ്ലാദേശിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ പ്രാമുഖ്യം ലഭിക്കുന്നതായും സൂചനയുണ്ട്. ആഭ്യന്തര സംഘർഷങ്ങളിലൂടെ കടന്നുപോവുന്നുവെങ്കിലും പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലാണ് സൗഹൃദം സ്ഥാപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.