Janayugom Online
Sri Ram Sene (SRS) president Pramod Muthalik

ഗൗരി ലങ്കേഷിന്‍റേത് ‘നായയുടെ മരണ’ത്തോട് ഉപമിച്ച് ശ്രീ രാംസേന പ്രസിഡന്‍റ്

Web Desk
Posted on June 18, 2018, 12:36 pm

ബാംഗ്ലൂർ: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ‘നായയുടെ മരണ’ത്തോട് ഉപമിച്ച് ശ്രീരാംസേന പ്രസിഡന്‍റ്  പ്രമോദ് മുത്തലിക്. “ഗൗരി ലങ്കേഷിന്റെ മരണത്തെക്കുറിച്ചു പ്രധാനമന്ത്രി മോഡി മൗനം പാലിച്ചുവെന്ന് പലരും ആക്ഷേപിക്കുന്നു. കർണാടകത്തിൽ ഒരു നായ  മരിച്ചാൽ എന്തിനു മോഡി പ്രതികരിക്കണം?” മുത്തലിക് ചോദിച്ചു.

“മതത്തെ രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്ന് അവർ എന്നോട് പറഞ്ഞു” വെന്നു ഗൗരി ലങ്കേഷ് വധത്തിൽ കുറ്റസമ്മതം നടത്തിയ പരശുറാം വാഗ് മറെ രാംസേന പ്രവർത്തകനല്ലെന്നു മുത്തലിക് ആവർത്തിച്ചു. വാഗ് മറെയും മുത്തലിക്കും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ പുറത്തു വന്നത് രാംസേനയ്ക്കെതിരെ വലിയ ജനരോഷത്തിനിടയാക്കിയിരുന്നു.

“ശ്രീരാംസേനയ്ക്ക് പരശുറാം വാഗ് മറെയുമായി ഒരു ബന്ധവുമില്ല. അയാൾ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. ഒട്ടേറെ പേർ എന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. ഒരു ഫോട്ടോ എടുത്തതുകൊണ്ടു ഒരാൾ ശ്രീ രാംസേനാംഗം ആകില്ല” മുത്തലിക് പറഞ്ഞു.

എസ്  ഐ ടി ശ്രീ രാംസേനയുടെ വിജയപുരം ജില്ലാ പ്രസിഡന്റ് രാകേഷ് മഠിനെയും ചോദ്യം ചെയ്തിരുന്നു. “എല്ലാവരും ഗൗരി ലങ്കേഷിനെ ഹിന്ദുത്വ കൊലപ്പെടുത്തിയെന്ന പറയുന്നു,

മഹാരാഷ്ട്രയിൽ രണ്ടു പേരെയും കർണാടകത്തിൽ രണ്ടു പേരെയും മുൻ കോൺഗ്രസ് ഭരണകാലത്തു കൊലപ്പെടുത്തി,”  നരേന്ദ്ര ധാബോൽക്കർ,  ഗോവിന്ദ് പൻസാരെ, കന്നഡ എഴുത്തുകാരൻ എം എം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ പരാമർശിച്ചുകൊണ്ട്  മുത്തലിക് പറഞ്ഞു.

അതിനിടെ, ഗൗരി ലങ്കേഷ് വധം സംബന്ധിച്ച് അന്വേഷണം പൂർത്തിയായാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ഉപ മുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. “അന്വേഷണം തുടരുന്നതിനാൽ, അതിനെ ബാധിക്കുമെന്നതിനാൽ, ഞാൻ ഒന്നും ഇക്കാര്യത്തിൽ പറയുന്നില്ല” അദ്ദേഹം പറഞ്ഞു.

കർണാടകയിലെ സിന്ദഗി നഗരത്തിൽ നിന്നും ജൂൺ 12 നാണു എസ്  ഐ ടി വാഗ് മറെയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അഞ്ചു പേരെ — കെ ടി നവീൻ കുമാർ എന്ന ഹോട്ടെ മഞ്ച , അമോൽ കലെ, മനോഹർ എഡ്‌വേ, സുജീത്കുമാർ എന്ന പ്രവീൺ, അമിത് ദെഗ്വേക്കര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.  2017 സെപ്തംബർ 5 നാണു ബാംഗ്ലൂരിലെ വീട്ടിൽ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.