ഐഎസ് ബന്ധം: കൊച്ചിയില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്തു

Web Desk
Posted on April 29, 2019, 9:37 pm

കൊച്ചി: ഐഎസ് ബന്ധമുള്ള ഒരാളെ കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ റിയാസിനെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ വ്യക്തമാക്കി. സര്‍ഹാന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു ഇയാളെന്നും എന്‍ഐഎ പറഞ്ഞു. കാസര്‍കോഡ് സ്വദേശികളായ രണ്ടുപേരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ ) കസ്റ്റഡിയിലെടുത്തവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് സ്വദേശി റിയാസിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് നടന്ന ഐഎസ് റിക്രൂട്ട്‌മെന്റുമായാണ് ഇവര്‍ക്ക് ബന്ധമുള്ളതെന്നാണ് ചോദ്യം ചെയ്യലില്‍ നിന്നും എന്‍ഐഎക്ക് ലഭിച്ചിട്ടുള്ള വിവരം. ശ്രീലങ്കയിലെ സ്‌ഫോടനവുമായി ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയില്ല. എന്നാല്‍ ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളില്‍ ഇവര്‍ ആകൃഷ്ടരായിരുന്നുവെന്നാണ് എന്‍ഐഎ പറയുന്നത്. മുസ്‌ലിം തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള രണ്ട് പേരെകൂടി എന്‍ഐഎ കസ്റ്റഡിയിലെടുത്തു. റിയാസിന് പുറമേ കാസര്‍കോട് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്, നായന്മാര്‍മൂലയിലെ അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ക്കാണ് ഐഎസ് ബന്ധം കണ്ടെത്തിയത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തിലെ വിവിധ ഇടങ്ങളില്‍ പലവട്ടം സന്ദര്‍ശനം നടത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കേരളത്തില്‍ സഹ്രാന്‍ ഹാഷീമുമായി സാമൂഹ്യ മാധ്യമങ്ങളിലുടെ ബന്ധപ്പെടുന്നവരെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് അഞ്ച് പേരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഐഎസില്‍ പ്രവര്‍ത്തിക്കുന്ന റാഷിദ് അബ്ദുള്ളയുമായി അഹമ്മദ് അരാഫത്ത്, അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ ബന്ധപ്പെട്ടിരുന്നുവെന്നുള്ള വിവരം ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിച്ചാണ് ഇവര്‍ക്ക് റാഷിദുമായുള്ള ബന്ധം തിരിച്ചറിഞ്ഞത്. ഞായറാഴ്ച കാസര്‍കോടും പാലക്കാടും നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടാണ് ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്.
2016ല്‍ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് കാസര്‍കോട് നിന്നും 15 പേര്‍ ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. ഇവര്‍ക്ക് ഐ എസ് ബന്ധമുണ്ടെന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ നിരീക്ഷിച്ചതും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതും.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ കൊച്ചിയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധനകളും അന്വേഷണവും ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ ഹോട്ടലുകളിലും ഹോം സ്‌റ്റേകളിലും താമസിക്കുന്നവരുടെ പൂര്‍ണ്ണ വിവരം എല്ലാ ദിവസവും രാവിലെ ഒമ്പതുമണിക്കുമുമ്പായി പൊലീസില്‍ അറിയിക്കണമെന്ന് ഹോട്ടലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും തീരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളും ഹോം സ്‌റ്റേകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും താമസക്കാരുടെ വിവരങ്ങള്‍ ഫോര്‍ട്ടുകൊച്ചി പൊലീസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് . വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകളിലും ഹോം സ്‌റ്റേകളിലും പൊലീസ് റെയ്ഡ് നടത്തുമെന്നും അറിയിച്ചു. നഗരത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകളിലും മാളുകളിലും സുരക്ഷ ജോലി നോക്കുന്ന ജീവനക്കാര്‍ക്ക് പൊലീസ് സുരക്ഷാ പരിശീലനം നല്‍കി. ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം പഠിക്കുന്നതിനുമായാണ് പരിശീലനം നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ് സുരേന്ദ്രന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കൊച്ചി സിറ്റി പൊലീസിന്റെ ബോംബ് ഡിറ്റക്ടിങ് സ്‌ക്വാഡാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയത്. സുരക്ഷ കര്‍ശനമാക്കുന്നതിനായി കൊച്ചിയില്‍ പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും. നഗരത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.