ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചു

Web Desk
Posted on August 06, 2019, 4:05 pm

തിരുവനന്തപുരം: പൊലീസിന്റെ ഒത്തുകളികള്‍ക്കൊടുവില്‍ കൊലക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സാധ്യമായ എല്ലാ നിയമവഴികളും തേടാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാന്‍ കേസിന്റെ ആദ്യഘട്ടം മുതല്‍ പൊലീസിന്റെ ഒത്തുകളി ആരംഭിച്ചിരുന്നു. തെളിവുകള്‍ ഒന്നൊന്നായി നശിപ്പിച്ചും രക്തപരിശോധന ഒന്‍പത് മണിക്കൂറോളം വൈകിപ്പിച്ചും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാതെയും ഫോറന്‍സിക് പരിശോധനയില്‍ കാലതാമസം വരുത്തിയും നടത്തിയ ഒത്തുകളികള്‍ക്കൊടുവിലാണ് ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ അനീസയാണ് ജാമ്യം അനുവദിച്ചത്.

പ്രതി മദ്യലഹരിയിലായിരുന്നുവെന്നും അമിത വേഗതയില്‍ വാഹനം ഓടിച്ചതായുമുള്ള ശാസ്ത്രീയതെളിവുകള്‍ കോടതിയില്‍ പൊലീസ് ഹാജരാക്കിയില്ല. തെളിവ് ശേഖരണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യവും കോടതി തള്ളി. ചികില്‍സയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
രക്തപരിശോധനാ ഫലത്തിന്റെ പകര്‍പ്പ് പോലും ഇല്ലാതെയും അമിതവേഗം തെളിയിക്കാന്‍ ഒരു സിസിടിവി ദൃശ്യം പോലും ഹാജരാക്കാതെയുമാണ് രാവിലെ പ്രോസിക്യൂഷന്‍ കോടതിയിലെത്തിയത്. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണ് കണ്ടെത്തിയതെന്നു കോടതി ചോദിച്ചു. രക്ത പരിശോധനാഫലവും കേസ് ഡയറിയും ഉച്ചയ്ക്ക്‌ശേഷം ഹാജരാക്കാന്‍ നിര്‍ദേശിച്ചു.

വീണ്ടും പരിഗണിച്ചപ്പോള്‍ കേസ് ഡയറിയും രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന രക്തപരിശോധനാഫലവും അപകടമുണ്ടാക്കിയ കാറിന്റെ ഭാഗങ്ങളും പൊലിസ് ഹാജരാക്കി. സമൂഹത്തിന് മാതൃകയാവേണ്ട ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല. അപകട സമയത്ത് ലഹരി മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിന് പ്രതിയെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് സിറാജ് മാനേജ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. ശ്രീറാമിനെ ഇല്ലാതാക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് പ്രതിഭാഗം വാദിച്ചു.

35,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും കോടതിയില്‍ ബോണ്ടായി ഹാജരാക്കണം. കോടതിയുടെ അനുവാദമില്ലാതെ ശ്രീറാം കേരളത്തിന് വെളിയില്‍ പോകരുത്. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യരുതെന്നാണ് ജാമ്യവ്യവസ്ഥ. ജാമ്യം ലഭിച്ചെങ്കിലും പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസ് സുരക്ഷയില്‍ മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ തുടരുകയാണ്.

കൊലക്കേസ് പ്രതിക്ക് ജാമ്യം നല്‍കാന്‍ പഴുതുണ്ടാക്കിയ പൊലീസിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിന്റെ ഒത്തുകളിക്കെതിരെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് തലസ്ഥാനത്തെ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.