20 April 2024, Saturday

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി: നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
November 25, 2022 1:19 pm

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യാ കുറ്റം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചായിരുന്നു തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ശ്രീറാമിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയത്. ഇതോടെ കെ എം ബഷീറിന്റെ മരണം വാഹനാപകട കേസായി മാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

വസ്തുതകള്‍ പരിശോധിക്കാതെയാണ് കീഴ്‌ക്കോടതി നരഹത്യാ കുറ്റം ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ വാദിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകട കാരണമെന്നും ശ്രീറാമിനെതിരെ സാക്ഷിമൊഴികളും ഡോക്ടറുടെ മൊഴിയുമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വാദം പരിഗണിച്ചാണ് കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി നരഹത്യാക്കുറ്റം നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കീഴ്‌ക്കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. നരഹത്യാ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ഹൈക്കാടതി പിന്നീട് അന്തിമ തീര്‍പ്പ് കല്‍പിക്കും. ശ്രീറാം വെങ്കിട്ടരാമന് കോടതി നോട്ടീസയച്ചു. കേസ് ഈ മാസം 30 ന് കേസ് വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: Sri­ram Venkit­tara­man gets set­back in K M Basheer death case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.