ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു

Web Desk
Posted on August 19, 2019, 5:54 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമോടിച്ച് കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് മോട്ടോര്‍വാഹന വകുപ്പ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മോട്ടോര്‍ വാഹനനിയമപ്രകാരം 15 ദിവസത്തെ സമയപരിധി വച്ച് നല്‍കിയ നോട്ടീസിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായും മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ശ്രീറാമിനും സഹയാത്രിക വഫ ഫിറോസിനും ലഭ്യമാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഈ മാസം മൂന്നിന് വൈകുന്നേരം സ്വകാര്യ ആശുപത്രിയില്‍ വച്ച് ശ്രീറാമിന്റെ സുഹൃത്ത് ഒപ്പിട്ടുവാങ്ങിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ നോട്ടീസ് വഫ നേരിട്ട് കൈപ്പറ്റിയിരുന്നില്ല. ഒന്നര ആഴ്ച മുമ്പ് വഫയുടെ പട്ടത്തെ വീട്ടില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ നോട്ടീസ് പതിക്കുകയായിരുന്നു. എന്നാല്‍ വഫ അമിത വേഗതക്ക് പിഴ അടച്ചതോടെ കുറ്റകൃത്യം അംഗീകരിച്ചതായി കണ്ട് ലൈസന്‍സ് റദ്ദാക്കുന്നതില്‍ വീണ്ടും നോട്ടീസ് അയക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. നോട്ടീസ് നല്‍കിയ ശേഷം നിയമം അനുശാസിക്കുന്ന വിധത്തില്‍ നിശ്ചിത ദിവസത്തിന് ശേഷമാകും ലൈസന്‍സ് റദ്ദാക്കുക. അമിത വേഗതക്കും കാറില്‍ കറുത്ത ഗ്ലാസ് ഒട്ടിച്ചിരുന്നതിനുമുള്‍പ്പെടെയായി വഫക്ക് മൂന്ന് നോട്ടീസുകളാണ് നല്‍കിയിരുന്നത്. ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.

അപകടമുണ്ടാക്കിയ കാര്‍ വിദഗ്ധര്‍ പരിശോധിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ വിദഗ്ധര്‍ പരിശോധിച്ചു.
പുനെയില്‍നിന്നുള്ള വോക്‌സ് വാഗണ്‍ സംഘം കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പരിശോധന നടത്തിയത്. മ്യൂസിയം പൊലീസ് സ്‌റ്റേഷന് സമീപമാണ് വാഹനം പാര്‍ക്ക് ചെയ്തിട്ടുള്ളത്.
ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സംഘം പരിശോധിച്ചു.
എന്നാല്‍ പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാര്‍ വോക്‌സ് വാഗണിന്റെ തിരുവനന്തപുരത്തുള്ള ഷോറൂമിലെത്തിച്ച് വിശദമായ പരിശോധന നടത്തുമെന്നാണ് വിവരം. എന്നാല്‍ ക്രാഷ്ഡാറ്റ സംവിധാനം കാറില്‍ ഇല്ലായെന്നും പറയപ്പെടുന്നു. അതേസമയം ദൃക്‌സാക്ഷികളില്‍ അഞ്ചുപേരില്‍ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

YOU MAY LIKE THIS VIDEO ALSO