ഇതു ശ്രുതി പൊരുതിനേടിയ എംബിബിഎസ്‌ സീറ്റ്

Web Desk
Posted on September 16, 2018, 8:40 pm

മനു പോരുവഴി 
ശൂരനാട്: നിര്‍ഭാഗ്യത്തെ പൊരുതി തോല്‍പ്പിച്ച് കശുഅണ്ടി തൊഴിലാളിയുടെ മകള്‍ എം ബി ബി എസിനു പ്രവേശനം നേടി. മൈനാഗപ്പള്ളി കല്ലുകടവ് വിഎല്‍സി കാഷ്യു ഫാക്ടറിയിലെ ജീവനക്കാരി ശോഭന തന്റെ മകളെ ഡോക്ടര്‍ എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചതിന്റെ സന്തോഷത്തിലാണ്. ഇഎസ്‌ഐ ക്വാട്ടയിലാണ് മകള്‍ ശ്രുതിക്ക് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചത്. രണ്ടായിരത്തി പതിനെട്ടിലെ നീറ്റ് പരീക്ഷയില്‍ 26,432 ഉം കേരള റാങ്കിങ്ങില്‍ 988 മായിരുന്നു ശ്രുതിയ്ക്ക് ലഭിച്ചത്. രണ്ടായിരത്തി പതിനേഴിലെ നീറ്റ് പരീക്ഷയിലും ഉന്നത റാങ്കില്‍ ശ്രുതി വന്നെങ്കിലും കശുഅണ്ടി തൊഴിലാളിയായ അമ്മയ്ക്ക് 78 ശതമാനം ഹാജര്‍ ഇല്ലാത്ത കാരണത്താല്‍ ഇഎസ്‌ഐ ക്വാട്ടയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചൂണ്ടിക്കാട്ടി കശുഅണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ കോടതിയില്‍ പോയി സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി നേടിയെടുകയായിരുന്നു.
കശുഅണ്ടിയുടെ ഈറ്റില്ലമായ കൊല്ലത്ത് രാവന്തിയോളം തൊഴില്‍ ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തന്റെ മക്കളെ കൂടുതല്‍ വിദ്യാഭ്യാസത്തിന്റെ ഉയരങ്ങളിലേക്ക് എത്തിക്കാമെന്ന വിശ്വാസം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് നല്‍കുന്നു. അത്തരം ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ശ്രുതിയും കുടുംബവും. സുഭാഷ് അച്ഛനും എട്ടാം ക്ലാസ് വിദ്യാര്‍ഥി സൂരജ് സഹോദരനുമാണ്.