Web Desk

അന്തിക്കാട്(തൃശ്ശൂര്‍)

March 03, 2020, 4:12 pm

വിവാഹം കഴിഞ്ഞ് പതിന്നാലാം ദിനം യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; സ്വാഭാവിക മരണമെന്ന് കരുതിയ സംഭവം ആസൂത്രിതമായ കൊലപാതകം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Janayugom Online

വിവാഹം കഴിഞ്ഞ് പതിന്നാലാം ദിവസം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പെരിങ്ങോട്ടുകര കിഴക്കുംമുറി കുരുവേലിവീട്ടില്‍ അരുണിന്റെ ഭാര്യ ശ്രുതി(26)യെയാണ് കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ആരും സംശയം പ്രകടിപ്പിക്കാത്തതിനെ തുടർന്ന് സ്വാഭാവികമെന്ന നിലയിലായിരുന്നു ശവസംസ്‌കാരനടപടികളും മറ്റും നടന്നത്. എന്നാൽ അസ്വാഭാവികമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ജനുവരി ആറിന് രാത്രി ഒമ്പതരയോടെ ഭർത്താവ് അരുണിന്റെ പെരിങ്ങോട്ടുകരയിലുള്ള വീട്ടില്‍ വെച്ചായിരുന്നു മരണം. കഴുത്തിന് ചുറ്റുമുള്ള നിര്‍ബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആസൂത്രിതമായ ഒരു കൊലപാതകമാണെന്ന് സംശയിക്കാവുന്ന രീതിയില്‍ കഴുത്തിലും മുഖത്തും തലയിലും മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുന്നത് വരെ മകളുടെ മരണത്തിൽ സംശയം ഒന്നും തോന്നിയിരുന്നില്ലാ എന്നും എന്നാൽ ഫെബ്രുവരി 13‑ന് റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് മരണത്തിൽ അസ്വഭാവികത ഉള്ളതായി തോന്നിയതെന്നും ശ്രുതിയുടെ പിതാവ് മുല്ലശ്ശേരി പറമ്പന്‍തളി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിന് അന്തിക്കാട് പാെലീസില്‍ പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ശ്രുതിയുടെ മരണം സംബന്ധിച്ച് ഭര്‍ത്തൃവീട്ടുകാര്‍ ആദ്യം നല്‍കിയ മൊഴിയും ഇപ്പോള്‍ ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥർ അറിയിച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

you may also like this video;