ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പ് ഉല്പാദിപ്പിച്ച് കൊണ്ടാകരുതെന്ന് എസ്എസ്എഫ് പ്രതിനിധി സമ്മേളനം. രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സർക്കാരിന്റെ നയ നിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല. ഫാഷിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളോട് ഇസ്‌ലാമിന് യോജിക്കാനാവില്ല. ഭരണകൂടത്തോട് ശക്തമായ വിമർശങ്ങൾ ഉയർത്തിക്കൊണ്ട് തന്നെ രാഷ്ട്ര മൂല്യങ്ങൾക്കുവേണ്ടി വിട്ടു വീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാർഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്.
സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പ് ഉല്പാദിപ്പിച്ച് കൊണ്ടല്ലെന്ന് എസ്എസ്എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. ഭരണകൂടമല്ല രാജ്യം. രാജ്യത്തിനു അനുഗുണമായ നിലപാടുകളെ സർക്കാരിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്. പൗരാണിക കാലംമുതൽ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങൾക്കൊപ്പം പൗരസമൂഹവും ഇക്കാര്യത്തിൽ ജാഗരൂകാരാവണമെന്നും പ്രമേയം പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഡോ. അബൂബക്കർ പ്രമേയം അവതരിപ്പിച്ചു.
ഇന്ത്യ മതസ്വാതന്ത്ര്യമുള്ള രാജ്യമാണെന്നും ഇന്ത്യയെപ്പോലെ മതസ്വാതന്ത്ര്യം നടക്കുന്ന മറ്റൊരു രാജ്യവുമില്ലെന്നും കഴിഞ്ഞ ദിവസം നടന്ന പ്രതിനിധി സമ്മേളനത്തില്‍ സമസ്ത എപി വിഭാഗം നേതാവ് പൊന്മുള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കിയിരുന്നു. ലോക രാഷ്ട്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്‌ലാമിക മതപ്രവര്‍ത്തനം നടത്താന്‍ സ്വാതന്ത്ര്യമുള്ള മറ്റൊരു രാജ്യവും ഇല്ല. നമ്മുടെ രാജ്യത്ത് നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ മറ്റ് എവിടെയാണ് നടക്കുക. സൗദി ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍പോലും ഇന്ത്യയിലേതുപോലുള്ള മതസ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരള എസ്എസ്എഫിന്റെ പുതിയ ഭാരവാഹികളായി ടി കെ ഫിർദൗസ് സുറൈജി സഖാഫി (പ്രസിഡന്റ്), സി ആർ കുഞ്ഞുമുഹമ്മദ് (ജനറൽ സെക്രട്ടറി), സയ്യിദ് അഹ്‌മദ് മുനീർ അഹ്ദൽ അഹ്സനി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്എസ്എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റിയോടനുബന്ധിച്ചാണ് ദ്വിദിന സമ്മേളനം ചേര്‍ന്നത്. 7,000 വിദ്യാര്‍ത്ഥി പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
English Summary: ssf says correcting government is not about creating hatred for the country
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.