കളിയിക്കാവിളയിൽ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എസ്ഐയെ വെടിവച്ച് കൊന്ന പ്രതികൾ കേരളത്തിൽ തന്നെ ഒളിവിലുണ്ടെന്ന സംശയത്തിൽ തമിഴ്നാട് പൊലീസ്. തമിഴ്നാട് ക്യൂ ബ്രാഞ്ചും കേരളത്തിലെ ഭീകരവിരുദ്ധ സ്ക്വാഡും പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇരുവർക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പാലക്കാട് നിന്നും രണ്ടും തിരുവനന്തപുരം നഗരത്തിൽ നിന്ന് ഒരാളെയും ഇഞ്ചിവിളയിൽ നിന്നും രണ്ട് പേരെയുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. തമിഴ്നാട് ക്യുബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇഞ്ചിവിളയിൽ നിന്നും പിടിയിലായ രണ്ട് പേർക്കും പ്രതികളുമായി അടുത്തബന്ധമുണ്ടെന്നാണ് അന്വേഷണവിഭാഗം നൽകുന്ന വിവരം. പ്രതികളിൽ ഒരാളായ തൗഫിക്കുമായി ഇവർ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വിട്ടയച്ച മറ്റൊരു വ്യക്തിയെയാണ് തമിഴ്നാട് ക്യുബ്രാഞ്ച്കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പ്രതികൾക്ക് തിരുവനന്തപുരവുമായി നല്ല ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചെക്ക്പോസ്റ്റിന് മുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന വിൽസനെ തറയിലേക്കു വലിച്ചിട്ടശേഷം കുത്തുകയായിരുന്നു. നെഞ്ചിലും കാലിലും വയറിലുമായി അഞ്ച് കുത്തേറ്റു. നാല് തവണ പ്രതികൾ വെടിയുതിർത്തു. ഒരു വെടിയുണ്ട ശരീരത്തിൽ തട്ടി പുറത്തേക്ക് പോയി. രണ്ടെണ്ണം ശരീരം തുളച്ച് പുറത്തേക്ക് പോയി. ഒരെണ്ണം കാലിൽ തുളച്ചുവെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. വെടിവയ്പ്പിന് ശേഷം കേരള ഭാഗത്തേക്ക് പോയ പ്രതികൾ തിരുവനന്തപുരം, കൊല്ലം ജില്ലകൾ വിട്ടുപോകാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. കേരള പൊലീസിന്റെ സഹായത്തോടെ തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചാണ് പരിശോധന നടത്തുന്നത്. തിരിച്ചറിഞ്ഞ രണ്ട് പേർ ഉൾപ്പടെ നാലംഗ സംഘമാണ് ഈ കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ നിഗമനം. ബാക്കി രണ്ട് പേരുടെ ചിത്രങ്ങളുടെ തമിഴ്നാട് പൊലീസ് കേരളാപൊലീസിന് കൈമാറിയിട്ടുണ്ട്.
English summary: SSI Murder: DefendantsTamil Nadu police on suspicion
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.