നൂറുമേനി; സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കണ്ണൂര്‍ ജില്ലയ്ക്ക്

Web Desk
Posted on May 04, 2018, 5:19 pm

ഗിരീഷ് അത്തിലാട്ട്

കണ്ണൂര്‍: എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നതോടെ നൂറ് ശതമാനം വിജയം നേടിയ ഗവണ്‍മെന്റ് സ്‌കൂളില്‍ പ്രധാന നേട്ടങ്ങള്‍ കൈവരിച്ച് കണ്ണൂര്‍ ജില്ല അഭിമാനത്തിന്റെ നിറവില്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും എയ്ഡഡ് സ്‌കൂളുകളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകളാണ് നേടിയത്.
ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ 589 കുട്ടികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച് സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച അഭിമാന മുഹൂര്‍ത്തത്തിലാണ് മയ്യില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളാണ് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ പരീക്ഷയെഴുതിയ 505 കുട്ടികളും വിജയം കൈവരിച്ചു.
എയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയെഴുതിച്ച് നൂറുമേനി കൊയ്തത് മലപ്പുറം ജില്ലയിലെ എകെഎം എച്ച്എസ്എസ് കോട്ടൂര്‍ ആണ്. ഇവിടെ പരീക്ഷയെഴുതിയ 1023 കുട്ടികളും വിജയം കൈവരിച്ചു.
എയ്ഡഡ് സ്‌കൂളുകളില്‍ തൊട്ടുപിന്നാലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളാണ്. ഇവിടെ 950 പേരെ പരീക്ഷക്കിരുത്തിയതില്‍ മുഴുവന്‍ പേരും വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ തന്നെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എന്‍എഎംഎച്ച്എസ്എസ് പെരിങ്ങത്തൂര്‍ 859 കുട്ടികളുടെ വിജയവുമായി നൂറ് മേനി കൊയ്ത് സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി.
എയ്ഡഡ് സ്‌കൂളുകളില്‍ മലപ്പുറം ജില്ലയിലെ പറപ്പൂര്‍ ഐയുഎച്ച്എസ്എസ് 839 കുട്ടികളെയും കോഴിക്കോട് ജില്ലയിലെ മേമുണ്ട എച്ച്എസ്എസ് 758 കുട്ടികളെയും തിരുവങ്ങൂര്‍ എച്ച്എസ്എസ് 732 കുട്ടികളെയും വിജയിപ്പിച്ച് നൂറുമേനി കൊയ്ത സ്‌കൂളുകളില്‍ മുന്നിലെത്തി. കോഴിക്കോട് ജില്ലയിലെ പിടിഎംഎച്ച്എസ് കൊടിയത്തൂര്‍(697), തിരുവനന്തപുരം ജില്ലയിലെ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം എച്ച് എസ് ഫോര്‍ ഗേള്‍സ്(475), മലപ്പുറം ജില്ലയിലെ എഎംഎംഎച്ച്എസ് പുളിക്കല്‍(466), കണ്ണൂര്‍ ജില്ലയിലെ കെപിസിഎച്ച്എസ്എസ് പട്ടാന്നൂര്‍(450) എന്നിവയാണ് നൂറുമേനി കൊയ്ത ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് സ്‌കൂളുകള്‍.
ഗവണ്‍മെന്റ് സ്‌കൂളുകളില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി ജിജിഎച്ച്എസ്എസ്(469 കുട്ടികള്‍), ജിഎച്ച്എസ്എസ് കവനൂര്‍(402 കുട്ടികള്‍) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. കോഴിക്കോട് ജില്ലയിലെ ജിജിഎച്ച്എസ്എസ് കൊയിലാണ്ടി 395 കുട്ടികളെയും കൊല്ലം ജില്ലയിലെ ജിഎച്ച്എസ്എസ് ചാത്തന്നൂര്‍ 331 കുട്ടികളെയും കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ജിജിഎച്ച്എസ്എസ് 328 കുട്ടികളെയും കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ഗവ. വിഎച്ച്എസ്എസ് 296 കുട്ടികളെയും പരീക്ഷക്കിരുത്തി മുഴുവന്‍ പേരെയും വിജയിപ്പിച്ച് നൂറുമേനി കൊയ്തു. 291 കുട്ടികളെ വിജയിപ്പിച്ച തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ജിജിഎച്ച്എസ്എസ്, 276 കുട്ടികളെ വിജയിപ്പിച്ച കാസര്‍കോട് ജില്ലയിലെ ജിഎച്ച്എസ്എസ് ചായോത്ത് എന്നിവയാണ് സംസ്ഥാനതലത്തില്‍ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍.
കൊല്ലം ജില്ലയിലെ തൃപ്പിലാഴിക്കം ലിറ്റില്‍ ഫ്‌ളവര്‍ എച്ച്എസ് 307 കുട്ടികളെ പരീക്ഷക്കിരുത്തി നൂറുമേനി കൊയ്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം ബേത്തനി സെന്റ് ജോണ്‍സ് ഇഎംഎച്ച്എസ്എസ് 223 കുട്ടികളെയും, എറണാകുളം ജില്ലയിലെ മുവാറ്റുപുഴ നിര്‍മ്മല എച്ച്എസ് 216 കുട്ടികളെയും വിജയിപ്പിച്ച് നൂറുമേനി കൊയ്ത സ്‌കൂളുകളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.