ബേബി ആലുവ

കൊച്ചി

January 31, 2020, 8:47 pm

പകുതിയിലധികം ജീവനക്കാർ പടിയിറങ്ങി: ബിഎസ്എൻഎൽ വൻ പ്രതിസന്ധിയിലേക്ക്

Janayugom Online

പകുതിയിലധികം ജീവനക്കാർ പടിയിറങ്ങിയതോടെ ബിഎസ്എൻഎല്ലിന്റെ പ്രവർത്തനം വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന 79,000 ത്തോളം ജീവനക്കാരാണ് സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ് ) പ്രകാരം ഇന്നലെ മുതൽ സ്ഥാപനത്തിന്റെ പടിയിറങ്ങിയത്. ഈ വൻ കൊഴിഞ്ഞുപോക്കിന്റെ ഫലമായി 30000‑ത്തോളം എക്സ്ചേഞ്ചുകളിലും ഓഫീസുകളിലും ജീവനക്കാരില്ലാത്ത സ്ഥിതി സംജാതമായിട്ടുണ്ട്. ഇതോടെ കേരളത്തിലെ പതിനായിരക്കണക്കിന് ബ്രോഡ്ബാൻഡ് ഉൾപ്പെടെ ലാൻറ് ലൈനുകളുടെ പ്രവർത്തനം അവതാളത്തിലാകും.

ബിഎസ്എൻഎല്ലിന്റെ ദൈനംദിന സേവനത്തിൽ പങ്കുവഹിച്ചവരും വൈദഗ്ധ്യം നേടിയവരുമായ ഉയർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെയുള്ളവരാണ് സ്വയം വിരമിച്ചിരിക്കുന്നത്. പ്രതിസന്ധിയുടെ ഫലമായി കൂടുതൽ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിനെ തഴയുമ്പോൾ അത് ടെലികോം രംഗത്തെ കോർപ്പറേറ്റ് ഭീമന്മാർക്ക് കാര്യങ്ങൾ എളുപ്പമാക്കിത്തീർക്കും.

വിവിധ വിഭാഗങ്ങളിലായി മൊത്തം 1,54,903 ജീവനക്കാരാണ് ബിഎസ്എൻഎല്ലിലുള്ളത്. ഇതിൽ 78,569 പേരാണ് ഇന്നലെ പിരിഞ്ഞത്. ഇതിൽ കേരള സർക്കിളിൽ നിന്നുള്ളവരാണ് കൂടുതൽ ജീവനക്കാർ. പിരിഞ്ഞു പോകുന്നവർക്ക് ആനുകൂല്യമായി നൽകേണ്ടത് 17,000 കോടി രൂപയാണ്.

മാനേജുമെന്റിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി 2000‑ൽ ബിഎസ്എൻഎല്ലിന് 32 ലക്ഷം ലാന്റ് ഫോൺ കണക്ഷനുണ്ടായിരുന്നത് ഈ വർഷമായപ്പോൾ 17 ലക്ഷമായാണ് കുറഞ്ഞിരിക്കുന്നത്. നഷ്ടം പടിപടിയായി ഉയർന്ന് 30000 കോടിയിലെത്തിയിരിക്കുകയാണ്. സ്വതവേ 4ജി ഇല്ലാത്തതിനാൽ വലയുന്ന ബിഎസ്എൻഎൽ മൊബൈൽ വരിക്കാർക്കും വിവിധ കാരണങ്ങളാൽ തകരാറുകൾ ഏറെ നേരിടുന്ന ലാന്റ് ഫോൺ വരിക്കാർക്കും ഏറെ ആശങ്കയുളവാക്കുന്നതാണ് വലിയ വിഭാഗം ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്.

Eng­lish Sum­ma­ry: staffs retire from BSNL

YOU MAY ALSO LIKE THIS VIDEO