9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 24, 2024
November 23, 2024
November 23, 2024
November 13, 2024
November 9, 2024
November 6, 2024
November 4, 2024
November 2, 2024
November 2, 2024

പഴകിയ ഭക്ഷ്യക്കിറ്റ് ; മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വിതരണം നിർത്താന്‍ കളക്ടറുടെ നിര്‍ദേശം

Janayugom Webdesk
മേപ്പാടി
November 9, 2024 5:20 pm

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ സോയാബീൻ കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് ഒരു കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
മേപ്പാടി കുന്നമ്പറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് കുട്ടികൾക്കും ഇതിലൊരാളുടെ ബന്ധുവായ കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്തിൽ നിന്ന് നല്‍കിയ കിറ്റിൽ അടങ്ങിയ സോയാബീൻ ഇവർ കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് കരുതുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ച മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ചയാണ് കിറ്റ് വാങ്ങിയതെന്നും വ്യാഴാഴ്ചയാണ് ഭക്ഷണം കഴിച്ചതെന്നും വൈകുന്നേരം മുതലാണ് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് ആശുപത്രിയിലെത്തി. പഴകിയ ഭക്ഷ്യവസ്തുക്കൾ നൽകിയതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. 

കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ മേപ്പാടി പഞ്ചായത്തിന് നിര്‍ദേശം നൽകി. ഭക്ഷ്യവിഷബാധയടക്കം പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് നിര്‍ദേശം നൽകി. മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും പഞ്ചായത്ത് സെക്രട്ടറിക്ക് എഡിഎം നിർദേശം നൽകി.
നിർമ്മാൺ എന്ന സംഘടന നൽകിയ കിറ്റുകളിലെ വസ്തുക്കളിലാണ് പുഴുവരിച്ചത്. കിറ്റുകൾ ലഭിച്ചത് സെപ്റ്റംബറിലാണ്. ഓണത്തിന് മുമ്പ് നൽകിയ കിറ്റുകൾ വിതരണം ചെയ്യാത്ത സാഹചര്യവും അന്വേഷിച്ചുവരികയാണ്. 

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നിന്നും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായി. പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ(എം) പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എഐവൈഎഫ്, ഡിവൈഎഫ്ഐ തുടങ്ങി യുവജനസംഘടനകള്‍ മേപ്പാടി പ‍ഞ്ചായത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. മേപ്പാടി കുന്നംമ്പറ്റയില്‍ താമസിക്കുന്ന അഞ്ച് കുടുംബങ്ങൾക്ക് കിട്ടിയ കിറ്റിലാണ് പുഴുക്കൾ കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.