ഹിന്ദ്യയല്ല, ഇത് ഇന്ത്യയെന്ന് സ്റ്റാലിന്‍; മറ്റുള്ളവപോലെ ഹിന്ദി ഒരു ഭാഷ മാത്രമെന്ന് സിദ്ദരാമയ്യ

Web Desk
Posted on September 14, 2019, 3:01 pm

ചെന്നൈ: അമിത് ഷായുടെ ഹിന്ദി ഭാഷാ വാദത്തിനെതിരെ പ്രതിഷേധവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു.
ഇത് ഇന്ത്യാണെന്നും ഹിന്ദ്യയല്ലെന്നും ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന അമിത് ഷാ പിന്‍വലിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ചോദിച്ചു. അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്‌കാരവൈവിധ്യത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളും പ്രസ്താവനക്കെതിരെ രംഗത്തെത്തി.
എല്ലാ ഭാഷകളെയും ഒരു പോലെ ബഹുമാനിക്കണമെന്ന് മമത അമിത് ഷായെ ഓര്‍മിപ്പിച്ചു. എല്ലാ ഭാഷകളും പഠിക്കണം. എന്നാല്‍, മാതൃഭാഷ മറക്കാനാവില്ലെന്നും മമത പറഞ്ഞു.
വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദിയേക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വത്തിനെക്കാളും വലുതാണ് ഇന്ത്യയെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
2019ലെ കരട് വിദ്യഭ്യാസ നയത്തില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കരട് നയത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.