October 4, 2022 Tuesday

നാസിക്കിൽ അച്ചടി നിലച്ചു; മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം

Janayugom Webdesk
ആലപ്പുഴ
May 18, 2021 8:16 pm

കോവിഡും ലോക്ഡൗണും പ്രതിസന്ധിയായതോടെ സംസ്ഥാനത്ത് മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം. 100 രൂപയുടെ മുദ്രപത്രങ്ങൾ കിട്ടാനേയില്ല. 500 രൂപയിൽ താഴെയുള്ള മറ്റു മുദ്രപത്രങ്ങളുടെ കാര്യത്തിലും ക്ഷാമമുണ്ട്. നാസിക്കിലെ ലോക്ഡൗൺ കാരണം ഇവയുടെ അച്ചടി നിലച്ചതാണ് ക്ഷാമം നേരിടാൻ ഇടയാക്കുന്നത്. നാസിക്കിലെ നാഷണൽ സെക്യൂരിറ്റി പ്രസിലാണ് മുദ്രപത്രം അച്ചടിക്കുന്നത്. ബാങ്ക് ഇടപാടുകളെയും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള കരാറുകളെയും മറ്റും ഇതു സാരമായി ബാധിച്ചുതുടങ്ങിയെന്ന് ഉപഭോക്താക്കൾ പറയുന്നു.

ഇ‑സ്റ്റാമ്പ് വഴി കാര്യങ്ങൾ നടക്കുന്നതിനാൽ രജിസ്ട്രേഷൻ നടപടികളെ മുദ്രപ്പത്രക്ഷാമം കാര്യമായി ബാധിക്കുന്നില്ല. ഒരാഴ്ചകൂടി ഈ അവസ്ഥ തുടരുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥർ പറയുന്നത്. നോട്ട് നിരോധന സമയത്ത് പുതിയ നോട്ടുകളുടെ അച്ചടി നടന്നപ്പോഴും മുദ്രപ്പത്രത്തിന് പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. ഈ സമയം ഓൺലൈൻ പ്രിന്റ് എടുത്ത് 100 രൂപ സ്റ്റാമ്പൊട്ടിച്ചാണ് ട്രഷറി അധികൃതർ ക്ഷാമം പരിഹരിച്ചത്. എന്നാൽ ആധാരമെഴുത്തുകാരുടെ എതിർപ്പിനെ തുടർന്ന് നടപടി പിൻവലിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായാൽ 50 രൂപയുടെയും 500 രൂപയുടെയും പത്രങ്ങൾക്കും ക്ഷാമം നേരിടേണ്ടി വരും. പത്രങ്ങൾ കിട്ടാനില്ലാതായതോടെ 100 രൂപയുടെ മുദ്രപ്പത്രത്തിന്റെ ആവശ്യത്തിന് അഞ്ചിരട്ടി പണം മുടക്കി കാര്യങ്ങൾ നടത്തേണ്ട ഗതികേടിലായി ജനം. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഡിസംബറിലാണ് തിരുവനന്തപുരത്തേക്ക് നാസിക്കിൽ നിന്നു മുദ്രപ്പത്രങ്ങൾ എത്തിച്ചത്. വിവിധ ജില്ലകളിലേക്ക് വീതിച്ചു കൊടുത്തതോടെ ഇതിന്റെ സ്റ്റോക്ക് തീർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മുദ്രപ്പത്രങ്ങളുടെ സ്റ്റോക്ക് എത്തേണ്ടതായിരുന്നു. എന്നാൽ നാസിക്കിൽ സെക്യൂരിറ്റി പ്രസ് ഇരിക്കുന്ന മേഖലയടക്കം ലോക്ഡൗണിലായതോടെ ഇതുമുടങ്ങി. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കരാറുകൾ, സത്യവാങ്മൂലങ്ങൾ, വ്യക്തിഗത കരാറുകൾ തുടങ്ങിയവയ്ക്കെല്ലാം മുദ്രപ്പത്രം ആവശ്യമാണ്.

Eng­lish sum­ma­ry: Stamp paper Short­age in Kerala
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.