ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു

Web Desk
Posted on August 04, 2018, 4:15 pm

കൊല്ലം: കൊട്ടാരക്കയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ ഒരു മാള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു ദുല്‍ഖര്‍ എത്തിയത്. ദുല്‍ഖര്‍ വരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ മാളിന് മുന്നിലും തൊട്ടടുത്ത കെട്ടിട ങ്ങളിലും തടിച്ചു കൂടിയിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ അദ്ദേഹത്ത കാണാന്‍ ആളുകള്‍ തിക്കിതിരക്കി. ഇതിനിടെ തിരക്ക് നിയന്ത്രണാതീതമാകുകയും ഹരി ഇതിനിടയില്‍പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഹരിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെ ഹൃദയാഘാതം വന്നിട്ടുള്ളയാളാണ് ഹരിയെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മാള്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗതാഗതതടസ്സം സൃഷ്ടിച്ചതിനും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെ റോഡില്‍ വച്ചു പരിപാടി നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.