January 28, 2023 Saturday

വെല്ലുവിളിയെ നേരിടാൻ ഒരുമിച്ച് നിൽക്കുക

Janayugom Webdesk
April 5, 2020 3:10 am

ഇത് തികച്ചും നിർണായകമായ സമയമാണ്. മഹാമാരി വ്യാപനം ഗണ്യമായി തുടരുന്ന ഈ ഘട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. രോഗ വ്യാപനത്തിന്റെ അപകടങ്ങൾ സംബന്ധിച്ച് നേരത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു ദേശീയ ദുരന്തമാണ് രാജ്യത്തെ തുറിച്ചുനോക്കുന്നത്. ഇതിന് ഇന്ത്യയുടെ ഭാവിയുടെമേലുള്ള സ്വാധീനം പ്രവചനങ്ങൾക്ക് അതീതമാണ്. ഒരു കാര്യം തീർച്ചയാണ്. സമകാലിന ചരിത്രം കൊറോണയ്ക്ക് മുമ്പും ശേഷവും എന്ന രീതിയിൽ വിഭജിക്കപ്പെടും. കൊറോണ വൈറസിനെ പ്രതിരോധിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും അനിവാര്യമായത്.

കൊറോണ വൈറസ് സൃഷ്ടിക്കുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിന് കെല്പുള്ള ഒരു സർക്കാരാണ് രാജ്യത്തിന് ഇപ്പോൾ ആവശ്യം. എന്നാൽ ദൗർഭാഗ്യവശാൽ അത്തരത്തിലുള്ള ഒരു സർക്കാർ ഇപ്പോൾ രാജ്യത്തില്ല. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ തങ്ങൾക്ക് കഴിയില്ലെന്ന് മോഡി സർക്കാർ ഇതിനകം തെളിയിച്ചുകഴിഞ്ഞു. മിന്നലാക്രമണം എന്ന ആശയത്തിൽ മോഡി- അമിത്ഷാ ദ്വയം ഏറെ ഉന്മാദ ചിത്തരായി. നോട്ട് പിൻവലിക്കാൻ തീരുമാനം നടപ്പാക്കിയതുമുതൽ രാജ്യം ഇത് കണ്ടതാണ്. ഇപ്പോഴത്തെ കൊറോണ മഹാമാരിയെ ചെറുക്കുന്നതിന് സമ്പർക്ക അകലം നിർബന്ധമാണെന്ന കാര്യത്തിൽ തർക്കമില്ല. വ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കുന്നതിന് ഇത് അനിവാര്യമാണ്. ഇത്തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ രാജ്യത്തിന്റെ യാഥാർഥ്യം സർക്കാർ ഉൾക്കൊള്ളണം. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ലോക്ഡൗൺ അർത്ഥവത്തായി നടപ്പാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വീടിന് മുന്നിൽ ലക്ഷ്മണ രേഖ വരച്ച് ലോക്ഡൗൺ പ്രാവർത്തികമാക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

നമ്മുടെ രാജ്യത്തെ പത്ത് ശതമാനം ജനങ്ങൾ ചേരികളിലാണ് താമസിക്കുന്നത്. ദശലക്ഷക്കണക്കിന് പേർ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്. ഇപ്പോഴത്തെ മഹാമാരി ചെറുക്കുന്നതിന് സ്വസ്ഥമായി കിടക്കാൻ ഒരു കിടപ്പാടമില്ല. ഇന്ത്യയുടെ തൊഴിലാളികളിൽ 93 ശതമാനവും അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. ഇതിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്. ഇവരെ സംബന്ധിച്ചിടത്തോളം 21 ദിവസം വീട്ടിലിരിക്കുക എന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. വിശപ്പാണ് അവരുടെ പ്രശ്നം. ഈ പ്രശ്നങ്ങൾ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചവർ തിരിച്ചറിയണം. പാവപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നം തിരിച്ചറിയാനുള്ള കഴിവില്ലായ്മയാണ് മോഡി സർക്കാരിന്റെ മുഖമുദ്ര. ഇത് കൊറോണ വ്യാപനം കൈകാര്യം ചെയ്ത രീതിയിലൂടെ വ്യക്തമാണ്. നൂറുകണക്കിന് കിലോമീറ്റർ താണ്ടിയുള്ള ഈ അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം ഒരു ഇന്ത്യൻ യാഥാർഥ്യമാണ്. ഈ പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ ക്രൂരമായ വെറുപ്പോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം റേഡിയോ പ്രക്ഷേപണത്തിലൂടെ മാപ്പ് പറയുന്നത് എല്ലാ പേരുടെയും വികസനം പറയുന്ന ഒരു സർക്കാരിന് ചേർന്നതല്ല. രാജ്യത്ത് സമ്പത്ത് നിർമ്മിക്കുന്ന ഒരു ജനവിഭാഗത്തോടുള്ള ഈ അവഗണനയ്ക്ക് സർക്കാർ മറുപടി പറയണം.

സർക്കാരിന്റെ ചിന്തകളും പ്രവൃത്തികളും ധനികരെ ചുറ്റിപ്പറ്റിയാണ്. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജ് തികച്ചും അപര്യാപ്തമാണ്. കോർപ്പറേറ്റുകളോട് എന്നും മഹാമനസ്കതയോടെയാണ് സർക്കാർ പെരുമാറുന്നത്. 2.4 ലക്ഷം കോടിയുടെ സഹായങ്ങളാണ് ഇവർക്കായി സർക്കാർ നൽകിയത്. ചരിത്രത്തിൽ തികച്ചും ഒരു അസാധാരണ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എല്ലാവരും ഒന്നുചേർന്ന് ഇപ്പോഴത്തെ ഗുരുതരമായ വെല്ലുവിളികൾ നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം. ഈ പോരാട്ടത്തിൽ ധാർമ്മികതയും നയരൂപീകരണത്തിലെ രാഷ്ട്രീയവും അന്തർധാരയായി ഉണ്ടാകണം. എല്ലാവിധ സാമ്പത്തിക സംരക്ഷണവും ലഭിക്കുന്നത് പത്ത് ശതമാനത്തിൽ കുറവ് മാത്രമുള്ള വിഭാഗങ്ങൾക്കാണ്. ലാഭം ലാക്കാക്കിയുള്ള വികസന പ്രവർത്തനങ്ങൾ, തത്ഫലമായുള്ള ആഗോള താപനം എന്നിവയാണ് മഹാമാരികൾ പടർന്നുപിടിക്കാനുള്ള കാരണം.

ആഗോള നഗരമായ ന്യുയോർക്കിൽ കൊറോണ ബാധിച്ചവർ ഒരു മാസ്കോ മറ്റ് ആരോഗ്യ സംരക്ഷണമോ ലഭിക്കാതെ മരിക്കുന്നു. രോഗം ബാധിച്ച ചൈനയിലെ വുഹാൻ ക്രമേണ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെയത്തുന്നു. സോഷ്യലിസം നിലനിൽക്കുന്ന കൊച്ചു ക്യൂബ മഹാമരിയെ പ്രതിരോധിക്കാൻ ഇറ്റലി ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിലേക്ക് മെഡിക്കൽ സംഘങ്ങളെ അയക്കുന്നു. ഈ മഹാമാരിയെ ഇന്ത്യയും തരണം ചെയ്യണം. ഇതിന് അനിവാര്യമായത് ജനങ്ങളെ ഐക്യത്തോടെ നിലനിർത്തുക എന്നതാണ്. ജനങ്ങൾക്കുവേണ്ടിയുള്ള സർക്കാർ എന്ന നിലയിലാകണം സർക്കാരിന്റെ പ്രവർത്തനങ്ങൾ. ഇത് നേതൃത്വത്തിലും പ്രകടമാകണം. കേരളത്തിലെ സർക്കാർ സ്വീകരിക്കുന്നതുപോലെ ജനങ്ങളിൽ ആത്മവിശ്വാസം നിലനിർത്തുന്ന പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്. ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ആത്മഹത്യക്ക് തുല്യമാണ്. ഭരിക്കുന്ന പാർട്ടിയോട് അടുത്ത് നിൽക്കുന്നവർ നിസാമുദ്ദീൻ സംഭവത്തെ ഇതിനായി ഉപയോഗിക്കുന്നു. ഇത് തികച്ചും പരിതാപകരമായ ഒന്നാണ്. വർഗീയ വിഷം വ്യാപിപ്പിക്കുന്ന ഇത്തരം വൈറസുകളുടെ വ്യാപനം സംബന്ധിച്ച് സർക്കാർ ജാഗരൂകരാകണം. അല്ലെങ്കിൽ ചരിത്രം ഇവർക്ക് മാപ്പ് കൊടുക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.