Saturday
23 Feb 2019

കേരളത്തിന്റെ പുനഃസൃഷ്ടിക്കായി കൈകോര്‍ക്കുക

By: Web Desk | Monday 27 August 2018 10:11 PM IST


flood janayugom

jalakam

ഇന്നത്തെ തലമുറ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ഭീകരവും ദുരിതപൂര്‍ണവുമായ ഒരു പ്രളയത്തിനാണ് കേരളം സാക്ഷിയായത്. മലയാളവര്‍ഷം 1099 ല്‍ ഉണ്ടായ ഒരു പ്രളയമാണ് ഇതിന് സമാനമായി പഴമക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചും കേരളത്തിലെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബഹുജന സംഘടനകളും ഒരുമിച്ചും ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങുകയുണ്ടായി. ഇക്കൂട്ടത്തില്‍ കേരളത്തിലെ മത്സ്യതൊഴിലാളികള്‍ നടത്തിയ ഉജ്ജ്വലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സംഘടനകളുടെയും അഭിനന്ദനങ്ങള്‍ പിടിച്ചുപറ്റി. അപ്രതീക്ഷിതമായി അനുഭവിക്കേണ്ടി വന്ന ഒരു ദുരന്തത്തെ സൈനികരും സിവിലിയന്‍സും എല്ലാവരുംകൂടി കൈകോര്‍ത്തുപിടിച്ച് നേരിട്ടതുകൊണ്ട് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെയാണ്.
മഴ ദുര്‍ബലമായതോടുകൂടി ഡാമുകളുടെ ഷട്ടറുകള്‍ കുറച്ചെങ്കിലും അടയ്ക്കുകയും ഒഴുക്കുവെള്ളത്തോടൊപ്പം പെയ്ത്തു വെള്ളത്തിന്റെയും അളവു കുറയുകയും ചെയ്തപ്പോള്‍ ദുരിതാശ്വാസ-ശുചീകരണ പ്രവര്‍ത്തനങ്ങളിലേക്ക് വ്യക്തികളും സംഘടനകളും തിരിഞ്ഞു തുടങ്ങി. നിയമ വ്യാഖ്യാനങ്ങളും സാങ്കേതിക പിഴവുകളും നിരത്തി സര്‍ക്കാരിന്റെ സദുദ്യമത്തെ നിശിതമായി വിമര്‍ശിക്കാനും വിട്ടുനില്‍ക്കാനും പ്രതിപക്ഷ പരിശ്രമങ്ങളും ആരംഭിച്ചു. അതിനിടയില്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ പാടില്ലായെന്ന കേന്ദ്ര നയത്തെ സംബന്ധിച്ചുള്ള വിവാദങ്ങളും രംഗം കൊഴുപ്പിച്ചു. പേമാരി ശമിച്ചു തുടങ്ങിയ ഓഗസ്റ്റ് 22 ന് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പുറപ്പെടുവിച്ച കണക്കനുസരിച്ച് ഇത്തവണ കേരളത്തില്‍ 162 ശതമാനം മഴ ലഭിച്ചു. പേമാരിയും ഉരുള്‍പൊട്ടലും കാരണം 350 ലധികം ആളുകള്‍ മരണപ്പെട്ടു. 3274 ക്യാമ്പുകളിലായി അഭയം തേടിയത് 10,28000 ജനങ്ങളാണ്. അതില്‍ ഏറെയും സ്ത്രീകള്‍. 70,000 വീടുകള്‍ പൂര്‍ണമായും നശിച്ചു. കേടുപാടുകള്‍ വന്നത് എത്രയോ ലക്ഷം. 40,000 ഹെക്ടര്‍ ഭൂപ്രദേശത്തെ കൃഷിയാണ് നശിച്ചത്.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും ധാരാളം സഹായങ്ങള്‍ കേരളത്തിലേക്ക് സമാന്തരമായി തന്നെ പ്രവഹിച്ചു തുടങ്ങിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് രണ്ടു തവണകളിലായി 600 കോടി അടിയന്തര ദുരിതാശ്വാസ സഹായം നല്‍കി. പ്രവാസി വ്യവസായികളും സംസ്ഥാനത്തെ വ്യാപാരി വ്യവസായി സമൂഹവും കയ്യയച്ചു സഹായിച്ചു. സിപിഐ കേരളഘടകം ഓഗസ്റ്റ് 13 നും 21 നുമായി ഒരുകോടി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. സിപിഎം അവരുടെ ഘടകങ്ങള്‍ മുഖേന സംഭരിച്ച സാമാന്യം മെച്ചപ്പെട്ട ഒരു തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നു പ്രഖ്യാപിച്ചു. കെപിസിസി 1000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു പ്രഖ്യാപിച്ചു. അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കേരളത്തിനുള്ള സഹായധനം പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രളയത്തിലും ആര്‍ദ്രതയില്ലാത്ത മനസ്സുമായി നില്‍ക്കുന്ന ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക ആസ്തിയുള്ള പാര്‍ട്ടിയാണ് ബിജെപി. അഞ്ചുനൂറ്റാണ്ടിലധികം അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസിനെ പിന്നിലാക്കിക്കൊണ്ടാണ് കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് ഏറ്റവും വലിയ ആസ്തിയുള്ള പാര്‍ട്ടിയായി ബിജെപി മാറിയത്. കേരളത്തിലെ പ്രളയക്കെടുതിയില്‍ ഒരു ദുഃഖവും ആശങ്കയും രേഖപ്പെടുത്താത്ത ഒരേ ഒരു ദേശീയ നേതാവ് ബിജെപിയുടെ അധ്യക്ഷന്‍ അമിത്ഷാ മാത്രം. ഐക്യരാഷ്ട്രസഭയും യുഎഇയും മാലദ്വീപും കേരളത്തെ സഹായിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ അതിനു തടസ്സവാദങ്ങള്‍ ഉന്നയിക്കുകയാണ് ഇപ്പോള്‍ ബിജെപിക്കാരുടെ ഒരുപറ്റം ദേശീയ നേതാക്കള്‍. പ്രളയത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയം കലര്‍ത്തി ഒരു സംസ്ഥാനത്തെ ജനങ്ങളോട് പകവീട്ടുന്നതുപോലെ പെരുമാറുകയാണോ ഇവര്‍ എന്നുപോലും സംശയിച്ചു പോകുന്നു. കേന്ദ്ര ഗവണ്‍മെന്റ് 2016 മേയ് മാസം പ്രഖ്യാപിച്ച നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ അനുസരിച്ച് വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം ഇന്ത്യ സ്വീകരിക്കാന്‍ പാടില്ലായെന്ന ബാലിശമായ ഒരു വാദമാണിവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ അത്യന്തം ഗുരുതരമായ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ വിദേശ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന ധനസഹായം സ്വീകരിക്കാന്‍ പ്രസ്തുത പ്ലാനിന്റെ 9-ാം വകുപ്പ് അനുവദിക്കുന്നുണ്ട് എന്ന് നിരവധി വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം ബോധപൂര്‍വം മൗനം പാലിക്കുകയാണ്. തന്നെയുമല്ല പുനര്‍ നിര്‍മാണത്തിനും പുനരധിവാസത്തിനും വിദേശഫണ്ട് സ്വീകരിക്കാവുന്നതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും കേന്ദ്രത്തിനു മിണ്ടാട്ടമില്ല. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ചില കേന്ദ്ര ഏജന്‍സികള്‍ കേരളത്തെ സാമ്പത്തികമായി സഹായിക്കാന്‍ തയ്യാറാണെന്നാണ് അറിയുന്നത്. പക്ഷെ ഉന്നതങ്ങളിലെ അനുമതി ലഭിക്കാത്തതിനാല്‍ അവര്‍ക്കതിന് കഴിയുന്നില്ല.
പുര കത്തുമ്പോള്‍ വാഴവെട്ട് ശീലമാക്കിയവരെപ്പോലെ, നാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കുകയും പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും ബോധപൂര്‍വം സൃഷ്ടിക്കുകയും ചെയ്ത കുറച്ചു വാഴവെട്ടുകാരും നമ്മുടെയിടയിലുണ്ടെന്നും നമ്മള്‍ തിരിച്ചറിയേണ്ടതായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്കു കൊണ്ടുപോയ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും വരെ അനധികൃതമായി കടത്താന്‍ ശ്രമിച്ച സര്‍ക്കാരുദ്യോഗസ്ഥരുള്‍പ്പെടെയുള്ള ക്രിമിനലുകളും അവര്‍ക്കു കൂട്ടിനുണ്ട്. നിരവധി സല്‍പ്രവൃത്തികള്‍ക്ക് കൂട്ടായ്മയുണ്ടാക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും കളവുകള്‍ പ്രചരിപ്പിക്കുകയും ചെയ്ത സൈബര്‍ ക്രിമിനലുകളും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്ന പാമ്പുകളെപ്പോലെ സുലഭമാണ്.
ഇത്രയധികം ദുരന്തം വിതച്ച പ്രളയം നമുക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നോ എന്ന ചര്‍ച്ച ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമാണ്. കേരളത്തില്‍ ഇന്ന് വലുതും ചെറുതുമായ 72 ഡാമുകള്‍ ഉണ്ട്. 44 നദികളും. നദികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളപ്പൊക്കം തടയുകയെന്ന ഒരു ഉദ്ദേശ്യം കൂടി ഡാമുകളുടെ നിര്‍മാണത്തില്‍ ഉണ്ട്. വെള്ളപ്പൊക്കം തടയുന്നതോടൊപ്പം വൈദ്യുതി ഉല്‍പ്പാദനം, കൃഷിക്കുള്ള ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് അണക്കെട്ടുകളുടെ പ്രധാന ലക്ഷ്യം. അണക്കെട്ടുകളുടെ നിര്‍മാണം നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നു എന്ന പാരിസ്ഥിതിക പ്രവര്‍ത്തകരുടെ വിമര്‍ശനം ഈ സന്ദര്‍ഭത്തില്‍ വളരെ ഗൗരവമായി നാം കാണണം. പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ നടത്തിയ നിരീക്ഷണം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. ”നര്‍മദയിലേയോ ഉത്തരാഖണ്ഡിലേയോ കേരളത്തിലേയോ അണക്കെട്ടുകള്‍ക്ക് അതതു സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല.” ”വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാന്‍ ഡാമുകളല്ല പരിഹാരം, മറിച്ച് നദികളിലെ വെള്ളം വികേന്ദ്രീകരിച്ച് ഒഴുക്കുന്നതിനുള്ള ജല മാനേജ്‌മെന്റാണ് നമുക്കാവശ്യം.”
മലകളില്‍ നിന്നുത്ഭവിക്കുന്ന നദികളില്‍ക്കൂടി ഒഴുകിയെത്തുന്ന വനമേഖലകളിലെ മണ്ണ് നമ്മുടെ അണക്കെട്ടുകളില്‍ വന്നടിഞ്ഞ് അണക്കെട്ടുകളുടെ സംഭരണശേഷി എത്രയോ കുറഞ്ഞുപോയിട്ടുണ്ട്. വര്‍ഷത്തിലൊരിക്കലോ മൂന്നുവര്‍ഷത്തിലൊരിയ്ക്കലോ റിസര്‍വോയറുകളില്‍ ഡ്രഡ്ജിംഗ് നടത്താന്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളും ഗവണ്‍മെന്റും തയ്യാറായില്ലെങ്കില്‍ റിസര്‍വോയറിന്റെ സംഭരണശേഷിക്കനുസരിച്ചുള്ള വെള്ളമില്ലെങ്കിലും ഡാം കവിഞ്ഞൊഴുകും. വൃഷ്ടി പ്രദേശം ഉള്‍പ്പെടെയുള്ള മലമേഖലകളിലെ വനനശീകരണം മണ്ണൊലിപ്പു കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും. അണക്കെട്ടുകളുടെ റിസര്‍വോയറുകളെക്കാള്‍ വലിയ പ്രകൃതിദത്ത ജലസംഭരണിയാണ് കേരളത്തിന്റെ വയലുകളും തണ്ണീര്‍ത്തടങ്ങളും. നിയമം കൊണ്ടു പോലും തടയാന്‍ കഴിയാതെ നികത്തപ്പെടുന്ന ആ പ്രകൃതിദത്ത ജലസംഭരണികള്‍ വരും തലമുറയുടെ ഓര്‍മകളില്‍ നിന്നുപോലും മായുകയാണ്. കയ്യേറപ്പെടുന്ന പുഴ പുറമ്പോക്കുകളും കായല്‍ പുറമ്പോക്കുകളും അതിന്റെ തനിമയോടെ കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ ഉള്‍പ്പെട്ടാല്‍ വരുംതലമുറ ഇന്നിനെ നമിക്കും.
ഈ പ്രതിഭാസങ്ങളെയെല്ലാം അതിജീവിച്ച് ഒരു നവകേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി നാം ഒരുമിച്ച് നീങ്ങേണ്ടുന്ന സന്ദര്‍ഭമാണിത്. മലയാളികളെല്ലാം ഒരുമാസത്തെ ശമ്പളം സംസ്ഥാന ഗവണ്‍മെന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥന കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി നടത്തുകയുണ്ടായി. അതും പത്തു തവണകളായി. പൊതുവില്‍ എല്ലാവരും സ്വാഗതം ചെയ്ത ഒരു നിര്‍ദ്ദേശമായിരുന്നു അത്. അതിന്റെ വിനിയോഗത്തില്‍ സുതാര്യത ഉണ്ടോയെന്ന് സംശയിക്കുന്നവരോട് പരിതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. സമൂഹം നടത്തുന്ന വിമര്‍ശനങ്ങളെ സ്വയം വിമര്‍ശനമായി കണ്ടുകൊണ്ട് വിമര്‍ശകരെയും സഹകരിപ്പിച്ചു കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് നമ്മള്‍ പ്രകടിപ്പിക്കേണ്ടുന്നത്.

Related News