Web Desk

തിരുവനന്തപുരം

July 21, 2021, 9:42 pm

ഉത്തരവാദ വ്യവസായം മികവ് തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി

Janayugom Online

ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മേഖലയിൽ മികവ് തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി അംഗീകാരം നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പരിസ്ഥിതി, തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ സ്ഥാപനങ്ങളെയാകും പരിഗണിക്കുക. ഇതിനുള്ള വിശദമായ മാർഗരേഖ കെഎസ്ഐഡിസി തയ്യാറാക്കും. കെഎസ്ഐഡിസി 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭാവി വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകേണ്ട മേഖലകൾ നിർണയിക്കും. ഇത് പ്രകാരം പുതിയ സംരംഭകരേയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കാൻ പരിപാടി തയ്യാറാക്കും. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ ഊർജനിരക്ക്, മികച്ച മാനവശേഷി തുടങ്ങിയ ഘടകങ്ങൾ കേരളത്തിന് അനുകൂലമാണ്. ഇവ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചായിരിക്കും വ്യവസായ നിക്ഷേപത്തിനുള്ള സാഹചര്യം ഒരുക്കുക.

മികച്ച വിപണിയും ഉറപ്പു വരുത്തും. വ്യവസായ വളർച്ചയ്ക്ക് ഊന്നേണ്ട മേഖലകളിൽ സംരംഭകർക്ക് ആനുകൂല്യങ്ങളും നൽകും. മന്ത്രി പറഞ്ഞു. കെഎസ്ഐഡിസിയുടെ 60 വർഷത്തെ നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് എംഡി രാജമാണിക്യം അവതരിപ്പിച്ചു. പ്രകൃതിയെ സംരക്ഷിച്ചുള്ള വ്യവസായ വികസന നയമായിരിക്കും കെഎസ്ഐഡിസി മുന്നോട്ട് വയ്ക്കുകയെന്നും രാജമാണിക്യം പറഞ്ഞു. വെർച്വൽ സമ്മേളനത്തിൽ ജീവനക്കാരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കമ്പനി സെക്രട്ടറി കെ സുരേഷ് കുമാർ, കെഎസ്ഐഡിസി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ എസ് ഷംനാദ്, ജനറൽ മാനേജർമാരായ ജി അശോക് ലാൽ, ജി ഉണ്ണികൃഷ്ണൻ, ആർ പ്രശാന്ത്, മാനേജർ ലക്ഷ്മി ടി പിള്ള, കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

Eng­lish sum­ma­ry; Star rat­ing for com­pa­nies that excel in the respon­si­ble industry

you may also like this video;