രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരേ അന്വേഷണം നടത്താന്‍ മുംബൈ കോടതി

Web Desk
Posted on September 20, 2019, 9:07 am

മുംബൈ: ഹിന്ദുത്വ നേതാവ് വീര്‍ സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരേ അന്വേഷണം നടത്താന്‍ മുംബൈയിലെ കോടതി പോലീസിന് നിര്‍ദേശം നല്‍കി. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍ നല്‍കിയ പരാതിയിലാണ് ഭോയ്‌വാഡ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കോണ്‍ഗ്രസ് നേതൃത്വം സവര്‍ക്കറെ രാജ്യദ്രോഹിയെന്ന് വിളിച്ചു എന്നാണ് രഞ്ജിത്തിന്റെ പരാതിയില്‍ പറയുന്നത്. 2016 മാര്‍ച്ച് 5, 22, 23 തീയതികളില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ‘ട്വിറ്റര്‍’ അക്കൗണ്ടിലായിരുന്നു ഈ പരാമര്‍ശം.

സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ദയവിനു യാചിച്ചെന്നും ബ്രിട്ടന്റെ അടിമയായി ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ ആഗ്രഹിച്ചെന്നും ‘ട്വീറ്റു‘കളില്‍ പറഞ്ഞിരുന്നതായി പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സവര്‍ക്കറെ അപമാനിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഈ പരാമര്‍ശം നടത്തിയത് എന്നാണ് രഞ്ജിത് പറയുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈയിലെ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനാണ് കോടതി നിര്‍ദേശം നല്‍കിയത്.