February 5, 2023 Sunday

ഇടുക്കി സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

Janayugom Webdesk
ഇടുക്കി
November 1, 2020 6:09 pm

ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരംഭിച്ച സൈബര്‍ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ പൊലീസ് സേനക്കുണ്ടായത് സമാനതകളില്ലാത്ത വളര്‍ച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റാന്വേഷണ മികവിന്റെ കാര്യത്തിലും സാങ്കേതിക വിദ്യയുടെ കാര്യത്തിലും സാമൂഹിക ഉത്തരവാദിത്വത്തോടെ പെരുമാറുന്ന കാര്യത്തിലും കേരളാ പൊലീസ് ഇന്ന് ഏറെ മുന്നിലാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള പൊലീസ് മികച്ച മാതൃകയാണ് കാഴ്ച്ച വക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സൈബര്‍ പോലീസ് സ്റ്റേഷന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി എം എം മണി പറഞ്ഞു. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 14 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ക്കൊപ്പമാണ് ഇടുക്കി പോലീസ് സ്റ്റേഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഒരു സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ടീമാണ് സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി ആര്‍ സ്വാഗതം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനു ശേഷം മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു. സുരേഷ് ഡി (എഎസ്ഐ), സയ്യിദ് മുഹമ്മദ് കെ എം(ഗ്രേഡ് എസ് ഐ), സുമതി സി(വനിതാ സെല്‍ എസ് എ), മഹേഷ് കെ (സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, ഗ്രേഡ്), ജെയിംസ് എന്‍ പി (ഗ്രേഡ് എ എസ് ഐ),മാധു എം കെ (സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, ഗ്രേഡ്),വിനോദ് കുമാര്‍ ടി(ഗ്രേഡ് എസ് ഐ ) സലിം സി എ(ഗ്രേഡ് എസ് ഐ), സുനില്‍ വി എസ്(ഗ്രേഡ് എസ് ഐ), വിനോദ് കെ എം (റിസര്‍വ്വ് എ എസ് ഐ), ഉണ്ണികൃഷ്ണന്‍ എം എസ്(സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍), ടെസി മോള്‍ ജോസഫ് (വനിതാ സിവില്‍ പൊലീസ് ഓഫീസര്‍), അമ്പിളി കെ കെ(വനിതാ സിവില്‍ പൊലീസ് ഓഫീസര്‍),കെ വി സിജിമോള്‍ (വനിതാ സിവില്‍ പൊലീസ് ഓഫീസര്‍), സിന്ധു ജി (വനിതാ സിവില്‍ പൊലീസ് ഓഫീസര്‍), പ്രതാപ്.

എന്‍(സിവില്‍ പൊലീസ് ഓഫീസര്‍) എന്നിവര്‍ക്കാണ് ബഹുമതികള്‍ ലഭിച്ചത്. ചടങ്ങില്‍ എ ഡി ജി പി ( ലോ & ഓര്‍ഡര്‍) ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹേബ്, ദക്ഷിണമേഖലാ ഐ ജി ഹര്‍ഷിത അട്ടല്ലൂരി, എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്കുമാര്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം അമ്മിണി ജോസ്, ഇടുക്കി അഡീഷണല്‍ എസ് പി സുരേഷ് കുമാര്‍ എസ്, മൂന്നാര്‍ എ എസ് പി സ്വപ്നില്‍ മധുകര്‍ മഹാജന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry; starting-for-idukki-cyber-police-staion

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.