19 April 2024, Friday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024
April 4, 2024

സ്റ്റാർട്ടപ്പ്: മികച്ച പ്രകടനത്തില്‍ കേരളം വീണ്ടും മുന്നില്‍

നേട്ടം തുടര്‍ച്ചയായ മൂന്നാംതവണ
Janayugom Webdesk
July 4, 2022 8:05 pm

സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന്. കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ 2021 ലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരത്തിന് കേരളം അർഹമായത്.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ‑വ്യവസായ മന്ത്രി പീയുഷ് ഗോയൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ (ഡിപിഐഐടി) സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര സർക്കാരിന്റെ വ്യവസായ‑വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായാണ് മൂന്നാം പതിപ്പ് ഏർപ്പെടുത്തിയത്.

കേന്ദ്ര മന്ത്രി പീയുഷ് ഗോയലിൽ നിന്നും സംസ്ഥാന സർക്കാരിനു വേണ്ടി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) ഉദ്യോഗസ്ഥർ പുരസ്കാരം ഏറ്റുവാങ്ങി. റിയാസ് പി എം, അശോക് കുര്യൻ പഞ്ഞിക്കാരൻ, വരുൺ ജി എന്നിവർ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് ചാമ്പ്യൻ പുരസ്കാരങ്ങളും ഏറ്റുവാങ്ങി. സംസ്ഥാന സർക്കാരിനും സ്റ്റാർട്ടപ്പ് മേഖലയിലെ പങ്കാളികൾക്കും ഇത് അഭിമാന നിമിഷമാണെന്ന് കെഎസ്‌യുഎം സിഇഒ ജോൺ എം തോമസ് പറഞ്ഞു.

കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരും മികച്ച പ്രകടനത്തിനുള്ള പുരസ്കാരം പങ്കിട്ടു. ഉല്പന്ന രൂപകൽപ്പനയ്ക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള ഡിജിറ്റൽ ഹബ്ബായി കെഎസ് യുഎമ്മിനെ പോലുള്ള ദൗത്യങ്ങൾ സംസ്ഥാന സർക്കാർ പരിപോഷിപ്പിക്കുന്നതിനെ വിദഗദ്ധസമിതി പ്രശംസിച്ചു.

പ്രാദേശിക ഭാഷകളിലെ വിവര വിനിമയത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ ലഭ്യമാക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊലീസ് വകുപ്പ്, കായിക‑യുവജനകാര്യ കാര്യാലയം തുടങ്ങി പത്തിലധികം സർക്കാർ വകുപ്പുകളുമായി സംസ്ഥാന സർക്കാർ കൈകോർത്തിട്ടുണ്ട്.

സ്ഥാപന പിന്തുണ, വിപണിയിലേക്കുള്ള പ്രാപ്യത, നൂതനത്വ‑സംരംഭകത്വ പരിപോഷണം, ഇൻകുബേഷൻ, മാർഗനിർദേശം, ഫണ്ടിങ് പിന്തുണ, കാര്യനിർവഹണ ശേഷി എന്നീ വിഭാഗങ്ങളിലായിരുന്നു സമിതി കേരളത്തെ വിലയിരുത്തിയത്. രജിസ്റ്റർ ചെയ്ത 3800 സ്റ്റാർട്ടപ്പുകൾക്കു പുറമേ വനിതകൾ നേതൃത്വം നൽകുന്ന ഇരുപതിലധികം സ്റ്റാർട്ടപ്പുകളും കേരളത്തിനുണ്ട്.

Eng­lish summary;Startup: Ker­ala leads again with excel­lent performance

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.