പ്രത്യേക ലേഖകൻ

May 14, 2020, 3:30 am

കോവിഡിനേക്കാൾ ക്രൂരമാകും വിശപ്പും പട്ടിണിയും

Janayugom Online

കൊറോണ വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കാൾ രൂക്ഷമായ അവസ്ഥയാണ് പട്ടിണിയും വിശപ്പും സൃഷ്ടിക്കുകയെന്ന മുന്നറിയിപ്പുണ്ടായിരിക്കുകയാണ്. വേൾഡ് ഫുഡ് പ്രോഗ്രാം അധ്യക്ഷൻ ഡെവിഡ് ബെസ്‌ലിയാണ് ഇതുസംബന്ധിച്ച് യുഎൻ സുരക്ഷാ സമിതിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിശപ്പെന്ന മഹാമാരി കൊറൊണ വൈറസിനെക്കാൾ ശക്തമായി മാനവരാശിയെ ബാധിക്കുമെന്നാണ് പറയുന്നത്. ഇത് പരിഹരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബൈബിളിൽ വിവരിക്കുന്ന പട്ടിണിയെക്കാൾ തീഷ്ണമായിരിക്കും ലോകത്ത് സംഭവിക്കുന്നത്.

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ ആഗോള തലത്തിൽ വ്യവസായ ശാലകളും കമ്പനികളും അടച്ചുപൂട്ടി. ജീവനക്കാരെയും തൊഴിലാളികളെയും സഹായിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വ്യവസായ മേഖല തുടരുന്നത്. തങ്ങളുടെ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അംഗീകരിക്കാൻ ലോകത്തെ മുതലാളിത്ത രാജ്യങ്ങൾ തയ്യാറാകുന്നില്ല. കള്ളം പറയാൻ വേണ്ടി ഇവർ കള്ളകഥകൾ മെനയുന്നു.

വൈറസ് വ്യാപനത്തിന്റെ തോത്, സാമ്പത്തിക അവസ്ഥ, പൊതുജനാരോഗ്യ സംവിധാനങ്ങളുടെ യഥാർത്ഥ അവസ്ഥ എന്നിവ സംബന്ധിച്ച വസ്തുതകൾ മുതലാളിത്ത രാജ്യങ്ങൾ മറച്ചുവച്ചു. തങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന കാരണത്താലാണ് ഇവർ വിവരങ്ങൾ മറച്ചുവച്ചത്. വാസ്തവങ്ങളെ ആവരണം ചെയ്യുന്ന രാഷ്ട്രീയ സമീപനമാണ് ഇക്കൂട്ടർ സ്വീകരിച്ചത്. ജനങ്ങളുടെ രോഷം, നൈരാശ്യം എന്നിവ ഭയന്നായിരുന്നു മുതലാളിത്ത രാജ്യങ്ങളുടെ ഈ നടപടി. മുതലാളിത്ത രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല മറിച്ച് വർഗീയ സംഘർഷങ്ങളുടെ ഭാഗമായി തകർന്നടിഞ്ഞ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ പോലും കൊറോണ വൈറസ് വ്യാപനം തകർക്കുന്നുവെന്ന മുന്നറിയിപ്പാണ് ബെസ‌്‌ലി നൽകിയത്.

സമ്പന്ന രാജ്യങ്ങൾ യുഎന്നിനുള്ള ധനസഹായം റദ്ദാക്കിയാൽ പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾ പട്ടിണിമൂലം മരിച്ചുവീഴും. യുഎന്നിന്റെ പക്കൽ പണം ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പട്ടിണി മരണങ്ങൾ ഒഴിവാക്കാനാവും. പണം ഇല്ലെങ്കിലും വിതരണ ശൃംഖല തടസപ്പെട്ടാലും കടുത്ത വിനാശമായിരിക്കും മാനവരാശിയെ കാത്തിരിക്കുന്നത്. പ്രതിദിനം മൂന്ന് ലക്ഷം പേർ പട്ടിണിമൂലം മരിക്കുന്ന സ്ഥിതിയുണ്ടാകും. മൂന്ന് മാസത്തോളം ഈ സ്ഥിതിവിശേഷം തുടർന്നേക്കാം. ഇപ്പോഴത്തെ അവസ്ഥയിൽ 36 രാജ്യങ്ങളിൽ രൂക്ഷമായ ഭക്ഷ്യക്ഷാമവും പട്ടിണിയും നിലനിൽക്കുകയും ചെയ്യും. ഇതിൽ പത്ത് രാജ്യങ്ങളിൽ ഒരു ദശലക്ഷത്തിലധികം പേർ ഇപ്പോൾതന്നെ കൊടിയ പട്ടിണിയിലാണ്. ഇന്ത്യയിലും സമാനമായ അവസ്ഥയാകും വന്നുചേരുന്നത്.

കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ മറികടക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ കൊടിയ പട്ടിണിയാകും രാജ്യത്ത് ഉണ്ടാകുന്നതെന്ന് നൊബേൽ സമ്മാന ജേതാക്കളായ അമർത്യാ സെൻ, അഭിജിത് ബാനർജി, ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ എന്നിവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന് പാവപ്പെട്ടവരുടെ പക്കൽ പണം എത്തിക്കാനുള്ള നടപടികൾ ഉണ്ടാകണം. അല്ലാത്തപക്ഷം പണം അനർഹരുടെ കൈകളിൽ എത്തിപ്പെടും. ലോക്ഡൗൺ കുറച്ചുകാലം കൂടി തുടരാനാണ് സാധ്യത. കാര്യക്ഷമമായ സാമ്പത്തിക നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ രാജ്യത്ത് പട്ടിണിയും പരിവട്ടവും രൂക്ഷമാകും. എന്നാൽ ഇത്തരത്തിലുള്ള അപായ സൂചനകൾ മോഡി സർക്കാർ ഗൗരവത്തോടെ എടുക്കുന്നില്ല. ഇപ്പോഴത്തെ പ്രതിസന്ധിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു. 50 ദിവസത്തെ ലോക്ഡൗണിന് ശേഷമാണ് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയത്.

ഇപ്പോൾ കൊറോണ രോഗികളുടെ എണ്ണത്തിലുള്ള വർധന ഏറെ ആശങ്കയുളവാക്കുന്നതാണ്. രോഗികളുടെ എണ്ണം ഇരട്ടിയാകന്നതിനുള്ള ദൈർഘ്യം ഇന്ത്യയിൽ കൂടുതലാണെന്നത് ആശാവഹമാണ്. ഈ സാഹചര്യത്തിലും രോഗികളുടെ എണ്ണം വർധിക്കുന്നു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗവ്യാപന തോത് കുറവാണ്. എന്നാൽ ഇന്ത്യയിലെ രോഗബാധിതരിൽ ഭൂരിഭാഗവും തൊഴിലാളി വിഭാഗത്തിൽപ്പെട്ടവരാണ്.

കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി വർധിച്ചു. മാർച്ച് മൂന്നിലെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 27.11 ശതമാനമായി വർധിച്ചുവെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി എന്ന സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ഇത് ഏഴ് ശതമാനമായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി തുടരുന്ന രൂക്ഷമായ തൊഴിലില്ലായ്മ ഇപ്പോൾ പാരമ്യത്തിലെത്തി. ഒരു കോടിയിലധികം ഗാർഹിക തൊഴിലാളികളാണ് ലോക്ഡൗണിനെ തുടർന്ന് തൊഴിൽരഹിതരായത്.

വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരികെ വരുന്നവരുടെ എണ്ണവും കുറയുന്നു. രാജ്യത്ത് തൊഴിലില്ലായ്മ നിരക്കുകൾ വർധിക്കുന്നതായി സർക്കാർ കണക്കുകളും സൂചിപ്പിക്കുന്നു. നഗരപ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി വർധിക്കുന്നതെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് റെഡ് സോണുകളായ ഭുരിഭാഗം പ്രദേശങ്ങളും നഗരങ്ങളാണ്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം നഗര പ്രദേശത്തെ തൊഴിലില്ലായ്മാ നിരക്ക് 29.22 ശതമാനവും ഗ്രാമങ്ങളിൽ 26. 69 ശതമാനവുമാണ്.

കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 32 ദശലക്ഷം പേരുടെ ജീവനോപാധിയാണ് പ്രതിസന്ധിയിലായത്. ഇവർ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് നിഷ്ക്രിയ വായ്പാ തോതിൽ എഴ് പോയിന്റിന്റെ വർധന ഉണ്ടായി. ഇപ്പോഴത്തെ സ്ഥിതിയിൽ രാജ്യത്തെ ഉല്പാദന, വിതരണ ശൃംഖലകൾ സുഗമമാക്കുന്നതിന് മൂന്ന് മുതൽ നാല് മാസത്തെ സമയം അനിവാര്യമാണ്.

കുടിയേറ്റ തൊഴിലാളികളിൽ 40 ശതമാനം പേരും അവരുടെ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇവർ ഇപ്പോൾ പട്ടിണിയുടെ പിടിയിലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ ലോക്ഡൗൺ രണ്ടാഴ്ച്ചകൂടി തുടർന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ട് മുതൽ നാലുവരെയുള്ള പാദങ്ങൾ വൈറസിന്റെ പിടിയിലാകുമെന്നുറപ്പ്. ഇതിന്റെ പ്രതിഫലനം അടുത്ത സാമ്പത്തിക വർഷത്തിലുമുണ്ടാകും. ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങളിലാണ് കൂടുതൽ തൊഴിൽ നഷ്ടമുണ്ടായത്.

ഇപ്പോഴത്തെ സ്ഥിതിയിൽ സമഗ്രമായ സാമ്പത്തിക പാക്കേജ് ഉണ്ടായില്ലെങ്കിൽ ഈ മേഖലയിലെ തൊഴിലാളികൾ കൊടും പട്ടിണിയിലാകും. ഇപ്പോഴത്തെ തൊഴിൽ നഷ്ടം, വ്യവസായ തകർച്ച തുടങ്ങിയ കാര്യങ്ങൾ പരിഹരിക്കുന്നതിന് സമഗ്രമായ സാമ്പത്തിക പാക്കേജാണ് അനിവാര്യമായത്. ഈ സാഹചര്യത്തിൽ പിഎം കെയേഴ്സിൽനിന്നും നല്ലൊരു ശതമാനം തുക ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ നിക്ഷേപിക്കാൻ തയ്യാറാകണം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നത് ഏറെ ഉപകാരപ്രദമാകും. എന്നാൽ പാവപ്പെട്ട തൊഴിലാളികൾക്ക് സാമ്പത്തിക സഹായം, ഭക്ഷ്യധാന്യ വിതരണം തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ വൃഥാവിലാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യ ഒരു മഹാമാരിയുടെ പ്രതിസന്ധി മാത്രമല്ല മറിച്ച് മനുഷ്യരാശിയുടെ വിനാശമാണ് നേരിടുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാരാണ് ഇപ്പോൾ പട്ടിണിയുടെ വക്കിലുള്ളത്.

ആഗോളതലത്തിൽ 821 ദശലക്ഷം പേരാണ് ഇപ്പോൾ ഭക്ഷണമില്ലാതെ ഉറങ്ങുന്നത്. 2020 അവസാനിക്കുമ്പോൾ പട്ടിണിക്കാരുടെ എണ്ണത്തിൽ 130 ദശലക്ഷം പേരുടെ വർധനയുണ്ടാകും. അതായത് 265 ദശലക്ഷം പേർ കൊടിയ പട്ടിണിയിലാകും. ലോക്ഡൗൺ, സാമ്പത്തിക മാന്ദ്യം തുടങ്ങിയ കാര്യങ്ങൾ പാവപ്പെട്ട തൊഴിലാളികളുടെ വരുമാന നഷ്ടത്തിന് കാരണമാകും. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഗണ്യമായി കുറയും. രൂക്ഷമായ തൊഴിലില്ലായ്മ ജനങ്ങളുടെ വാങ്ങൽശേഷി കുറച്ചു. ലോകത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവനോപാധിയെയും ജീവിത നിലവാരത്തെയും വൈറസ് വ്യാപനം ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.