August 11, 2022 Thursday

Related news

August 9, 2022
August 8, 2022
August 6, 2022
August 3, 2022
August 1, 2022
July 30, 2022
July 27, 2022
July 21, 2022
July 20, 2022
July 17, 2022

വ്യവസായ,ആരോഗ്യ,വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയ വളർച്ച

Janayugom Webdesk
തിരുവനന്തപുരം
February 6, 2020 11:13 pm

വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞവർഷം സംസ്ഥാനം നേടിയത് മികച്ച വളർച്ച. വ്യവസായ വളർച്ച 2018–19ൽ 13.2 ശതമാനമാണെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2014–15ൽ അഭ്യന്തര വരുമാനത്തിൽ വ്യവസായ മേഖലയുടെ വിഹിതം 9.8 ശതമാനമായിരുന്നത് 2018–19ൽ 13.2 ശതമാനമായി ഉയർന്നു. ദേശീയ ഫാക്ടറി ഉൽപ്പാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനത്തിൽ നിന്നും 1.6 ശതമാനമായി ഉയർന്നു. ഇതിന്റെ മുഖ്യകാരണം പൊതുമേഖലയിലെ കുതിപ്പാണ്. ചെറുകിട വ്യവസായ മേഖലയിൽ 13,826 പുതിയ യൂണിറ്റുകളാണ് 2018–19ൽ ആരംഭിച്ചതിലൂടെ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ ഐറ്റി മേഖലയിലും ശ്രദ്ധേയമായ വളർച്ചയുണ്ടായിട്ടുണ്ട്. ഇന്റർനെറ്റ് ലഭ്യതാ നിരക്ക് 54 ശതമാനാണ്.

ഇത് ദേശീയശരാശരിയെക്കാൾ വളരെ ഉയർന്നതാണ്. 2015–16ലെ 7.28ൽ നിന്നും മത്സ്യോൽപ്പാദനം 8.02 ടണ്ണായും വർദ്ധിച്ചു. എൻആർഎ ഡെപ്പോസിറ്റ് 38.5 ശതമാനമാണ്. സി ഡി റേഷ്യോ 65.61 ആണ്. ഗൾഫ് പ്രതിസന്ധിമൂലം തിരികെ വരുന്നവരുടെ എണ്ണം നമ്മുടെ പണവരുമാനത്തിൽ നേരത്തെ പ്രതിഫലിച്ചു തുടങ്ങിയിരുന്നില്ല. എന്നാൽ ഇനിമേൽ ഇത് വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നുവേണം കരുതാൻ. ജനങ്ങൾ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ജനസൗഹൃദപരമായ ആരോഗ്യ‑വിദ്യാഭ്യാസ സംവിധാനങ്ങൾ സൃഷ്ടിക്കാനും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. 2019–20 കാലഘട്ടത്തിൽ 37.2 ലക്ഷം കുട്ടികളാണ് കേരളത്തിലെ സ്കൂളുകളിൽ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പ്രവേശനം നേടിയത്. ഇതിൽ 11.7 ലക്ഷം വിദ്യാർത്ഥികളും പ്രവേശനം നേടിയത് സർക്കാർ പൊതുവിദ്യാലയങ്ങളിലാണെന്ന പ്രത്യേകതയുമുണ്ട്.

3.2 ലക്ഷം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ കോളജുകളിൽ പ്രവേശനം നേടിയതിൽ 2.2 ലക്ഷം പേർ വിദ്യാർത്ഥിനികളാണ്. എൻജിനീയറിംങ് ബിരുദാന്തര ബിരുദത്തിന് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ 64.9 ശതമാനവും പെൺകുട്ടികളാണ്. രോഗ നിർണ്ണയത്തിന് മുഖ്യപങ്ക് വഹിക്കുന്ന പ്രാഥമിക ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനുമായി താഴെതട്ടിലേക്കുള്ള രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സർക്കാരിന് കഴിഞ്ഞു. സർക്കാർ ധനസഹായത്തിലുള്ള സൗജന്യവും സാർവത്രികവും സമഗ്രവുമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിലൂടെ മാതൃ-ശിശു മരണനിരക്കുകൾ വികസിത രാജ്യങ്ങളിലെ നിരക്കിലേക്കെത്തിക്കാനും ജനങ്ങളുടെ ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും സർക്കാരിന് കഴിഞ്ഞു.

ഭക്ഷ്യവിതരണത്തിൽ പുതുമാതൃക

കേരളത്തിലെ റേഷൻ കാർഡുകളുടെ എണ്ണം 2018–19 ലെ 81.1 ലക്ഷത്തിൽ നിന്നും 2019 ആഗസ്റ്റ് വരെ 86 ലക്ഷമായി വർദ്ധിച്ചു. 2018–19ൽ സിവിൽസപ്ലൈസ് കോർപ്പറേഷൻ 19 മാവേലിസ്റ്റോറുകളം രണ്ട് പീപ്പിൾസ് ബസാറുകളും, 17 മാവേലി സൂപ്പർ സ്റ്റോറുകളും പുതുതായി ആരംഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്കായി 26.6 ലക്ഷം വിദ്യാർത്ഥികൾക്ക് അഞ്ച് ലക്ഷം ക്വിന്റൽ അരിയും 2.8 ലക്ഷം ക്വിന്റൽ പ്രത്യേക അരിയും കോർപ്പറേഷൻ വിതരണം ചെയ്തു.

വനവിസ്തൃതിയിൽ മുന്നേറ്റം

സംസ്ഥാനത്തിന്റെ വന വിസ്തൃതിയിൽ 2.12 ശതമാനം വർദ്ധനവുണ്ടായതായി 2019ലെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019ലെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2017ലെ കണക്കെടുപ്പിനേക്കാൾ 823 ചതുരശ്ര കിലോമീറ്റർ വർദ്ധനവ് വനമേഖലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വനമേഖലയ്ക്ക് പുറത്തുള്ള തോട്ടവിളകൾക്കുണ്ടായ വർദ്ധനവാണിതിന് കാരണം. അതിക്രമങ്ങളിൽ നിന്നും, കാട്ടുതീയിൽ നിന്നും വനമേഖലയെ സംരക്ഷിക്കുക, നശിച്ചുപോയ വനങ്ങൾ പുനഃസ്ഥാപിക്കുക, ദുർബലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, വനമേഖലകളെ സംയോജിപ്പിക്കുക, പങ്കാളിത്ത വനപരിപാലനം നടപ്പിലാക്കുക, നദീസംരക്ഷണം എന്നീ പ്രവൃത്തികളാണ് വനപരിപാലനത്തിന്റെ പേരിൽ നടത്തിവരുന്നുണ്ട്.

കാർഷികോൽപാദനം വർധിച്ചു

കാർഷിക മേഖലയുടെ വളർച്ച കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2.5 ശതമാനമായി താഴുകയായിരുന്നു. 2016–17 — 2018–19 കാലത്ത് 0. 6 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. കാർഷിക മേഖലയുടെ തിരിച്ചടിക്ക് കാരണം തുടർച്ചയായ പ്രളയവും നാണ്യവിള വിലത്തകർച്ചയുമാണ്. തുടർച്ചയായി കുറഞ്ഞ് 2016–17ൽ 1.7 ലക്ഷം ഹെക്ടറിൽ എത്തിയ നെൽകൃഷി 2018–19ൽ 2.03 ലക്ഷം ഹെക്ടറായി ഉയർന്നു. ഉൽപ്പാദനം 4.4 ലക്ഷം ടണ്ണിൽ നിന്ന് 5.8 ലക്ഷം ടണ്ണായി ഉയർന്നു. 2018–19 വാർഷിക പദ്ധതിയിൽ കൃഷിവകുപ്പിന് സംസ്ഥാന വിഹിതമായി വകയിരുത്തിയിരുന്ന 744.42 കോടി രൂപയിൽ 621.03 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: state achieved the high­est growth in indus­try, health and education

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.