Friday
06 Dec 2019

സംസ്ഥാന തെര‍ഞ്ഞെടുപ്പ് ഫലങ്ങളും രാഷ്ട്രീയ വെല്ലുവിളികളും

By: Web Desk | Friday 25 October 2019 10:15 PM IST


ന്നലെ നടത്തിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും അസ്ഥാനത്താണെന്ന് വന്നാല്‍ അവ വെള്ളം തൊടാതെ വിഴുങ്ങുക; ഇന്നലെ പറഞ്ഞതെന്തും ഇന്ന് മാറ്റിപ്പറയുക; ഏതു കല്ലുവച്ച നുണയേയും സത്യമാക്കി സ്ഥാപിക്കുക എന്നിവയെല്ലാം പൊതുവില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സവിശേഷ സ്വഭാവമായി ചരിത്രം അടയാളപ്പെടുത്തുന്നു. അത്തരം അധാര്‍മിക പാടവങ്ങളില്‍ അപാര നൈപുണ്യമാണ് ബിജെപി നേതാക്കന്മാര്‍ക്കെന്ന് അവര്‍ ആവര്‍ത്തിച്ചു തെളിയിക്കുന്നു. അവരില്‍ അഗ്രഗണ്യരായിരിക്കും അത്തരം പാര്‍ട്ടികളുടെ തലപ്പത്ത് അവരോധിതരാകുക. വ്യാഴാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതികരണങ്ങള്‍ ആ യാഥാര്‍ഥ്യത്തിനാണ് ഒരിക്കല്‍കൂടി അടിവരയിടുന്നത്. ഹരിയാന, മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഭരണഘടനയുടെ 370 അനുഛേദമടക്കം വ്യവസ്ഥ ചെയ്യുന്ന ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള തന്റെ സര്‍ക്കാരിന്റെ നടപടികളുടെ മേലുള്ള റഫറണ്ടം ആയിരിക്കുമെന്നാണ് മോഡി പ്രചാരണത്തിലുടനീളം ഉദ്ഘോഷിച്ചിരിക്കുന്നത്.

വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം അതേപ്പറ്റി ‘കമാ’ന്ന് ഒരക്ഷരം പറയാന്‍ പോലും മോഡി സന്നദ്ധനായില്ല. ഇരുസംസ്ഥാനങ്ങളിലും വോട്ടിംഗ് ശതമാനത്തിലും സീറ്റിന്റെ എണ്ണത്തിലും ഉണ്ടായ കുറവിന് യാതൊരു വിശദീകരണവും നല്‍കാതെ തിരിച്ചടികള്‍ക്ക് ഉത്തരവാദികള്‍‍ അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ അനുഭവക്കുറവാണെന്ന് പരോക്ഷമായി പറഞ്ഞുവെയ്ക്കുകയായിരുന്നു മോഡി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരിക്കല്‍പോലും സംസ്ഥാന സര്‍ക്കാര്‍ പരാമര്‍ശ വിഷയമേ ആയിരുന്നില്ല. കേവലം ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്ന ഹരിയാനയില്‍ തന്റെ പാര്‍ട്ടി മൂന്നുശതമാനം വോട്ട് വര്‍ധന കൈവരിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. കശ്മീര്‍ പ്രശ്നത്തില്‍ റഫറണ്ടം എന്ന വാദം അപ്പാടെ വിഴുങ്ങിയ മോഡി മറ്റൊരു കല്ലുവച്ച നുണയാണ് വോട്ടിംഗ് ശതമാനത്തെപ്പറ്റി നിരത്തുന്നത്. ഹരിയാന അസംബ്ലിയിലെ തൊണ്ണൂറില്‍ 40 സീറ്റുകളില്‍ വിജയിക്കാ­­നെ ബിജെപിക്ക് കഴിഞ്ഞുള്ളു. 75 സീറ്റില്‍ വിജയി­ക്കുമെന്ന് വീരവാദംമുഴക്കിയ അമിത്ഷായുടെ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ 36 ശതമാനം വോട്ടുകളെ നേടാനായുള്ളു എ­ന്ന് ലഭ്യമായ കണക്കുകള്‍‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58.02 ശതമാനം വോട്ടുകള്‍ നേടിയ സ്ഥാനത്താണ് 22 ശതമാനത്തിലേറെ വോട്ടു വിഹിതത്തിലെ ഈ കൂപ്പുകുത്തല്‍. പ്രധാനമന്ത്രിയാകട്ടെ ഈ വസ്തുത‍ അപ്പാടെ അവഗണിച്ച് തന്റെ പാര്‍ട്ടിയുടെ വോട്ടുവിഹിതം മൂന്നു ശതമാനം കണ്ട് ഉ­യര്‍ന്നതായി വിചിത്രമായ അവകാശവാദമാണ് ഇന്നലെ ഉന്നയിച്ചത്.

ബിജെപിക്കും എന്‍ഡിഎ സര്‍ക്കാരിനുമേറ്റ ഈ തിരിച്ചടി മറച്ചുവയ്ക്കുന്നത് തുടര്‍ന്നുവരാന്‍ പോകുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മാന്യതയുടെ പരിവേഷം പകര്‍ന്നു നല്‍കുന്നതിനു മാത്രമാണ്. കോണ്‍ഗ്രസ് അതിന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ സംഘടനാപരവും രാഷ്ട്രീയവുമായ ഏറ്റവും കടുത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന ഇക്കാലത്ത് ഹരിയാന അസംബ്ലിയില്‍ 31 സീറ്റുകള്‍ നേടാനായി എന്നത് അതിന്റെ നേതൃത്വത്തെതന്നെ അമ്പരപ്പിച്ചിരിക്കണം. പത്ത് സീറ്റുകള്‍ നേടിയ ജനനായക ജനതാപാര്‍ട്ടിയുമായി ചേര്‍ന്ന് ഒരു ബദല്‍ സര്‍ക്കാരിനുള്ള സാധ്യതകളുടെ പഴുതടച്ചാണ് ബിജെപി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുതിരക്കച്ചവട നീക്കം. ഉമാഭാരതിയടക്കം നേതാക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പ്രഖ്യാപിത കുറ്റവാളിയായ ഗോപാല്‍ കണ്ഡ അടക്കം സ്വതന്ത്രരുമായി ചേര്‍ന്ന് അധികാരം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. രാഷ്ട്രീയ ധാര്‍മ്മികതയ്ക്കും തത്വാധിഷ്ഠിത രാഷ്ട്രീയത്തിനും തങ്ങളുടെ രാഷ്ട്രതന്ത്രത്തില്‍ സ്ഥാനമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് മോഡി-ഷാ ദ്വയം.

മോഡി-ഷാ ദ്വയം മുന്നോട്ടുവയ്ക്കുന്ന കുടില രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിപക്ഷം ഉയര്‍ന്നുവരണമെന്ന ജനാഭിലാഷമാണ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം. മോഡി ഭരണം രാജ്യത്തിനും ജനങ്ങള്‍ക്കുംമേല്‍ അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ പ്രതിലോമ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രതിരോധം ഉയര്‍ന്നുവരണമെന്ന ജനങ്ങളുടെ അഭിലാഷമാണ് ഹരിയാന, മഹാരാഷ്ട്ര തെര‍ഞ്ഞെടുപ്പു ഫലങ്ങള്‍ അനാവരണം ചെയ്യുന്നത്. മോഡി ദുര്‍ഭരണത്തിന് അറുതിവരുത്താന്‍ ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ സന്നദ്ധമാണ്. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ കരുത്തുറ്റ ഒരു പ്രതിപക്ഷ നിര ഉയര്‍ന്നു വരുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന കാതലായ രാഷ്ട്രീയ പ്രശ്നം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തവരില്‍ 55 ശതമാനവും എന്‍ഡിഎക്ക് എതിരായിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂട. ഭരണകൂട ഭീകരതയെ നേരിടാന്‍ കരുത്തില്ലാത്ത, മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സാമ്പത്തിക നീതിയിലും വിശ്വസിക്കുന്ന, ഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ രാഷ്ട്രീയമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. രാജ്യം അഭിമുഖീകരിക്കുന്ന അഭൂതപൂര്‍വമായ സാമ്പത്തിക തകര്‍ച്ച, ഭരണഘടനാ സ്ഥാപനങ്ങളുടെ അസ്ഥിരീകരണം, വ്യാപകമായ മനുഷ്യാവകാശലംഘനങ്ങള്‍ എന്നിവ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ശക്തികള്‍ക്കും ഒരുമിച്ച് അണിനിരക്കാവുന്ന വേദിയാക്കി മാറ്റാന്‍ നമുക്ക് കഴിയണം.