തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാനുള്ള ബദൽ ഒരുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്

Web Desk
Posted on December 29, 2018, 7:02 pm

കോട്ടയം: രാജ്യം കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കിടയില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും താല്പര്യം സംരക്ഷിക്കാനുള്ള ബദൽ ഒരുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ ജില്ല സെക്രട്ടറി സി കെ ശശിധരൻ. സപ്ലൈകോ എംപ്ലോയിസ് അസോസിയേഷൻ എ ഐ ടി യൂ സി 17 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികൾക്കും ജീവനക്കാർക്കും ഒപ്പം നിൽക്കുന്നത് കൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടാണ് കേരളം. കേരളത്തെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് ആർ എസ് എസിന്റെയും ബിജെപിയുടെ യും നേതൃത്വത്തിൽ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരി മലയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ തന്നെയാണ് ഇതിന് അവസാനത്തെ ഉദാഹരണം.
ഇന്നത്തെ കേരളം രൂപപ്പെടുത്താൻ നിരവധി പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെയൊക്കെ ആകെത്തുകയാണ് കേരളം. അവിടേക്ക് ചാതുർവർണ്യ വും വർഗീയ തയും നിറക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സാമൂഹ്യ ജീവിതത്തിൽ വലിയ ഇടപെടൽ നടത്താൻ സിവിൽ സപ്ലൈസ് വകുപ്പിന് ആയിട്ടുണ്ട്. പൊതു കമ്പോളത്തിൽ വില നിലവാരം ഉറപ്പാക്കുന്നതുൾപ്പെടെ സാധാരണ കാരന് സഹായകമാകാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ തൊഴിലാളി കൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ സർക്കാരിന്റെ അനുഭാവ പൂർവമുള്ള ഇടപെടൽ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തിരുവാതുക്കലിൽ കെ സി മാത്യു നഗറിൽ ചേർന്ന് സമ്മേളനത്തിൽ സംഘടന സംസ്ഥാന പ്രസിഡണ്ട് പി രാജു അധ്യക്ഷത വഹിച്ചു.  പ്രസിഡന്റ് പി രാജു പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കം ആയത്. തുടർന്ന് നടന്ന സമ്മേളനത്തിൽ പി കെ ശശി സ്വാഗതം ആശംസിച്ചു. സുരേഷ് രക്തസാക്ഷി പ്രമേയവും, വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജെനറൽ സെക്രട്ടറി പൗഡികോണം അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു.