12 June 2024, Wednesday

സംസ്ഥാനതല കർഷക ദിനാചരണം; കാർഷിക മേഖലയെ ആധുനീകരിക്കും: മുഖ്യമന്ത്രി

Janayugom Webdesk
ആലപ്പുഴ
August 17, 2021 9:29 pm

കാർഷികരംഗത്തെ ആധുനീകരണത്തിന് മികവാർന്ന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടന്ന സംസ്ഥാനതല കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് പല ഭാഗങ്ങളിലും ആധുനിക കാർഷിക രീതികളുണ്ട്. നാം അതിനടുത്തേക്ക് എത്തുന്നതേയുള്ളൂ. കാർഷിക രംഗത്ത് ലോകത്ത് നടക്കുന്ന കാര്യങ്ങളുമായി ചേർത്ത് നോക്കിയാൽ നാം വളരെ പുറകിലാണ്. ഇത് തിരുത്താനുള്ള നിരവധി നടപടികൾ കഴിഞ്ഞ സർക്കാർ സ്വീകരിച്ചിരുന്നു. കൂടുതൽ മികവോടെ ഇവ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018ലെ മഹാപ്രളയത്തെ അതിജീവിച്ച് കാർഷിക മേഖല വലിയ മുന്നേറ്റം കൈവരിച്ചു. 2016ൽ 1.70 ലക്ഷം ഹെക്ടർ സ്ഥലത്താണ് നെൽ കൃഷി ചെയ്തെങ്കിൽ 2018ൽ 2.25 ലക്ഷം ഹെക്ടറായി ഉയർന്നു. 2021ൽ സംസ്ഥാനത്ത് 2.31 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്യാനായി. തരിശു കിടക്കുന്ന സ്ഥലങ്ങളിലൊക്കെ കൃഷിയിറക്കും. മെത്രാൻ കായൽ അടക്കമുള്ള പ്രദേശങ്ങളിൽ നെൽകൃഷി വ്യാപകമാക്കും. കൃഷി ഭക്ഷ്യമുണ്ടാക്കൽ പ്രക്രിയക്ക് പുറമേ മനുഷ്യനെ നവീകരിക്കുന്ന ഒരു പ്രക്രിയ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും കഴിയുന്ന പുത്തൻ രീതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. മൂല്യവർധിത ഉല്പന്നങ്ങൾക്ക് വിദേശവിപണിയൊരുക്കും. നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി 10 ദിവസത്തിനകം സംസ്ഥാനത്ത് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ (എഫ്‌പിഒ) സ്ഥാപിക്കും. ഒരുമാസത്തിനകം 25 എഫ്‌പിഒകളും ഒരു വർഷത്തിനകം 100 ലധികം എഫ്‌പിഒകളും സ്ഥാപിക്കും. കഞ്ഞിക്കുഴിയിലെ കൃഷി കേരളത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കർഷകത്തൊഴിലാളികളെയും മന്ത്രി ആദരിച്ചു.

എ എം ആരിഫ് എംപി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കാർഷികോല്പാദന കമ്മിഷണർ ഇഷിത റോയ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, കൃഷി വകുപ്പ് ഡയറക്ടർ കെ വാസുകി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ ശ്രീരേഖ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ്‌‌കുമാർ എന്നിവർ പങ്കെടുത്തു.

 

കോർപ്പറേറ്റ് അനുകൂല കാർഷിക നയങ്ങൾ കർഷകർക്ക് ദോഷകരമായി

 

തിരുവനന്തപുരം: അന്താരാഷ്ട്ര വാണിജ്യകരാറുകളും കോർപ്പറേറ്റ് അനുകൂല കാർഷിക നയങ്ങളും കർഷകരെ ദോഷകരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിങ്ങം ഒന്നിന് കർഷകദിനത്തോടനുബന്ധിച്ച് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രാകൃതമായ ജീവിതാവസ്ഥകളിൽ നിന്നും ആധുനികതയിലേക്കുള്ള മനുഷ്യന്റെ വളർച്ചയിൽ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിർഭാവമാണ്. അന്നവും ഭാഷയും സംസ്കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നവഉദാരവൽക്കരണ നയങ്ങളുടെ ആരംഭം മുതൽ കാർഷിക മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അനേകലക്ഷം കർഷകർ സാമ്പത്തിക പ്രയാസങ്ങൾ കാരണം ആത്മഹത്യചെയ്യുന്ന അവസ്ഥ വന്നു. അതിജീവനത്തിനായി അവർ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം ഇന്നും തുടരുകയാണ്. ഇത്തരമൊരു സ്ഥിതി കർഷകദിനത്തിന്റെ പ്രാധാന്യം ഇരട്ടിപ്പിക്കുകയാണ്. കർഷകരുടെ പുരോഗതിക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ചു നിൽക്കണമെന്നും കേരളത്തിന്റെ കാർഷിക അഭിവൃദ്ധിക്കായി കൈ­കോർക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Eng­lish Sum­ma­ry:  State Lev­el Farm­ers’ Day; Agri­cul­ture sec­tor to be mod­ern­ized: CM

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.