Web Desk

തിരുവനന്തപുരം‌:

January 20, 2021, 9:58 pm

കോവിഡ് കാല പ്രതിസന്ധിയെ നേട്ടമാക്കി സംസ്ഥാന പൊതുമേഖല

നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
Janayugom Online

കോവിഡ് പ്രതിസന്ധിയിലും ഇച്ഛാശക്തിയോടെ പ്രവർത്തിച്ച് നേട്ടം കൊയ്ത് സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങൾ.
2019–20 സാമ്പത്തിക വർഷം ലാഭത്തിലായത് 15 പൊതുമേഖലാ സ്ഥാപനങ്ങളാണ്. 3149 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കാലയളവിൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്.

കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ആണ് ഇതിൽ മുൻനിരയിലുള്ളത്. കെഎസ്ഡിപി 2019–20 ൽ 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. ഈ സാമ്പത്തിക വർഷം 100 കോടിയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്. കോവിഡ് ആശങ്കയായി കേരളത്തിലെത്തിയ ആദ്യഘട്ടത്തിൽ തന്നെ സാനിറ്റൈസർ നിർമ്മാണത്തിൽ സ്ഥാപനം ശ്രദ്ധയൂന്നി. കോവിഡ് രോഗനിർണയം നടത്തുന്നതിന് സ്വാബ് ശേഖരിക്കുന്ന എക്‌സാമിനേഷൻ ബൂത്ത്, സ്വാബ് കലക്ഷൻ ബൂത്ത്, ഈസി ഐസൊലേറ്റ് സംവിധാനം, ഫെയ്‌സ് മാസ്‌ക് ഡിസ്പോസൽ ബിൻ എന്നിവയുടെ നിർമ്മാണവും ആരംഭിച്ചു. പാരസെറ്റമോൾ മാത്രം നിർമ്മിച്ചിരുന്ന സ്ഥാപനം ആന്റിബയോട്ടിക്കുകൾ, ഇഞ്ചക്ഷൻ മരുന്നുകൾ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ എന്നിവ നിർമ്മിക്കുന്നു.

‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിനിന്റെ ഭാഗമായി ചെലവ് കുറഞ്ഞ രീതിയിൽ ഹാൻഡ് സാനിറ്റൈസർ ഉല്പാദിപ്പിച്ച് ട്രാവൻകൂർ ടൈറ്റാനിയവും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ‘ടൈ — സെക്യൂർ’ എന്ന പേരിൽ ഹാൻഡ് സാനിറ്റൈസറും ലിക്വിഡ് സോപ്പും വാഷ്റൂം ലോഷനും വിപണിയിൽ എത്തിച്ചു. കമ്പനിയിലെ ഉപോല്പന്നമായ ചുവന്ന ജിപ്‌സം ഉപയോഗിച്ച് കടൽക്ഷോഭം തടയാൻ നിർമ്മിച്ച ബ്ലോക്കുകൾ പുതിയ പ്രതീക്ഷയാണ്.

നവീകരണ പ്രവർത്തനങ്ങളിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാനുള്ള ദീർഘകാല പദ്ധതിയാണ് ചവറയിലെ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) വിഭാവനം ചെയ്തിരിക്കുന്നത്. കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്‌ളോട്ടേഷൻ’ നടപ്പാക്കി. 70 ടൺ ഉല്പാദന ശേഷിയുള്ള പുതിയ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങിയതോടെ പുറത്ത് നിന്ന് ഓക്സിജൻ വാങ്ങുന്നതിനുള്ള വലിയ ചെലവാണ് ഒഴിവായത്.

കൊച്ചി, നാഗ്പൂർ, ചെന്നൈ നഗരങ്ങളിലെ സ്മാർട്ട് സിറ്റി പദ്ധതിയിൽ പങ്കാളിയായതിലൂടെ കെൽട്രോണും നേട്ടത്തിന്റെ പാതയിലാണ്. ഫിഷറീസ് വകുപ്പിന് നാവിക് ഉപകരണങ്ങൾ, നാവികസേനയ്ക്കായി എക്കോ സൗണ്ടർ, വില കുറഞ്ഞ ഹിയറിങ് എയ്ഡുകൾ എന്നിവ നിർമ്മിക്കുകയും പൊലീസും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ആഭ്യന്തര സുരക്ഷാ പദ്ധതിയും നടപ്പാക്കുകയും ചെയ്യുന്നു. എയ്റോസ്പെയ്സ് പദ്ധതികൾക്കു വേണ്ടിയുള്ള ക്ലീൻ റൂമും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ നിർമ്മിക്കാനുള്ള സൗകര്യവും കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സിൽ സജ്ജമായിട്ടുണ്ട്. വെന്റിലേറ്റർ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും മലബാർ സിമന്റ്സ് ലാഭത്തിലായി. 1.2 കോടി ലാഭം നേടിയ സ്ഥാപനം ആറ് കോടിയുടെ പ്രവർത്തന ലാഭവും നടപ്പ് സാമ്പത്തിക വർഷം കൈവരിച്ചു.

പരമ്പരാഗതമേഖലയും വളർച്ചയുടെ പാതയിൽ

സംസ്ഥാനത്തെ ആധുനിക വ്യവസായങ്ങൾക്കൊപ്പം പരമ്പരാഗതമേഖലയും വളർച്ചയുടെ പാതയിലാണ്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന്റെ (കെഎസ്ടിസി) കീഴിലുള്ള രണ്ട് മില്ലുകളും നാല് സഹകരണ സ്പിന്നിങ് മില്ലുകളും നവംബറിൽ പ്രവർത്തന ലാഭം കൈവരിച്ചു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ പ്രവർത്തനലാഭം നേടി. നവംബറിൽ ലാഭവും സ്വന്തമാക്കി. കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മിൽ, ഉദുമ ടെക്‌സ്‌റ്റൈൽ മിൽ, പിണറായി ഹൈടെക് വീവിങ്ങ് മിൽ എന്നിവിടങ്ങളിൽ ഉല്പാദനം ആരംഭിച്ചത് മേഖലയ്ക്ക് ശക്തി പകർന്നിട്ടുണ്ട്. മലബാർ സ്പിന്നിംഗ് ആന്റ് വീവിംഗ് മിൽസ്, മാൽകോടെക്‌സ്, കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ എന്നിവിടങ്ങളിൽ നിന്ന് നൂൽ കയറ്റുമതിയും നടക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാസ്‌ക് നിർമ്മാണങ്ങളിൽ കെഎസ്ടിസി മില്ലുകൾ പങ്കാളികളായി.

അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഫെറസ് ഫൗണ്ടറി നിർമ്മാണശാല ഓട്ടോകാസ്റ്റ് പുതിയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ചരക്ക് തീവണ്ടികൾക്കായുള്ള കാസ്നബ് ബോഗികൾ ഉത്തര റയിൽവേയ്ക്കായി നിർമ്മിച്ചു നൽകി. മാരുതിയുടെ ആവശ്യത്തിനുള്ള ബ്രേക്ക് ഓർഡറും ഓട്ടോകാസ്റ്റിന് നൽകി. തദ്ദേശീയ നാവിഗേഷൻ സംവിധാനമായി ഐആർഎൻഎസ്എസ് അടിസ്ഥാനമാക്കി വാഹന ട്രാക്കിങ് സംവിധാനം യുണൈറ്റഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആസ്തി ഇല്ലാതായി പ്രതിസന്ധിയിലായിരുന്ന ടിസിസി, 2019–20 ൽ 55.87 കോടി ലാഭം നേടി. കാസ്റ്റിക് സോഡ പ്ലാന്റ്, കാസ്റ്റിക് കോൺസെൻട്രേഷൻ യൂണിറ്റ്, ഹൈഡ്രോക്ലോറിക് ആസിഡ് സിന്തസിസ് യൂണിറ്റ് എന്നിവ തുടങ്ങി.
കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ആരംഭിച്ച കേരള നീം ജി ഇലക്ട്രിക് ഓട്ടോയ്ക്ക് മികച്ച പ്രചാരമാണ് ലഭിക്കുന്നത്. നേപ്പാളിലേക്ക് 33 ഇ‑ഓട്ടോകൾ കയറ്റുമതി ചെയ്തതിനു പിന്നാലെ എല്ലാ ജില്ലകളിലും ഷോറൂം തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ലിഥിയം ടൈറ്റാനേറ്റ് ബാറ്ററി ഉല്പാദിപ്പിക്കാനുള്ള ബൃഹദ്പദ്ധതി ഉടൻ തുടങ്ങും. കെൽ ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോർ നിർമ്മാണത്തിലേക്കും കടക്കുകയാണ്. ഓട്ടോകാസ്റ്റ് ലിമിറ്റഡ് പ്രവർത്തനങ്ങൾക്കായുള്ള വൈദ്യുതി ഉല്പാദനത്തിനായി സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതി ആരംഭിച്ചു.

കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ആവേശത്തോടെ പങ്കാളികളായി. 42 സ്ഥാപനങ്ങളിലായി 259.53 ഏക്കർ ഭൂമിയാണ് കൃഷി യോഗ്യമായി ഉള്ളത്. ഇതിൽ 150.325 ഏക്കർ സ്ഥലത്ത് കൃഷി നടക്കുന്നുണ്ട്. വിളവെടുപ്പ് നടത്തിയ 21 സ്ഥാപനങ്ങളിൽ നിന്നായി അഞ്ച് ലക്ഷത്തിലേറെ രൂപയാണ് കൃഷിയിൽ നിന്നുള്ള വരുമാനം.

ENGLISH SUMMARY: State Pub­lic Sec­tor Over­com­ing Covid Peri­od Crisis

YOU MAY ALSO LIKE THIS VIDEO