ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍: സ്റ്റേറ്റ് റിവ്യൂ മിഷന്‍ വയനാട്ടില്‍

Web Desk
Posted on July 18, 2019, 9:28 pm

കല്‍പറ്റ: ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്റ്റേറ്റ് റിവ്യൂ മിഷന്‍ അംഗങ്ങള്‍ വയനാട്ടില്‍. കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെട്ട വയനാടിന്റെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ കേന്ദ്ര സംഘം (സെന്‍ട്രല്‍ റിവ്യൂ മിഷന്‍) ആഗസ്റ്റിലെത്തും. ഇതിന്റെ മുന്നോടിയായാണ് സ്റ്റേറ്റ് റിവ്യൂ മിഷന്‍ അംഗങ്ങള്‍ ജില്ലയിലെത്തിയത്. ഡോ നിത വിജയന്‍ (എസ് പി.എം ആര്‍സിഎച്ച്), ഡോ. വി.ആര്‍ രാജു (എസ്.പി.എം-എന്‍എച്ച്എം), ഡോ. നാരായണ നായിക് (ഡി.എം.ഒ കണ്ണൂര്‍), ഡോ ജയശ്രീ (ഡി.എം.ഒ കോഴിക്കോട്), ആര്‍.സി.എച്ച് ഓഫിസര്‍മാരായ ഡോ രാജേഷ്, ഡോ. കൃഷ്ണവേണി, ഡോ ജയന്തി, കണ്ണൂര്‍ ഡി.എസ.്ഒ ഡോ. എം.കെ ഷാജ്, കണ്ണൂര്‍ ഡി.ടി.ഒ ഡോ. അശ്വിന്‍, കോട്ടയം ഡി.ടി.ഒ ട്വിങ്കിള്‍ പ്രഭാകര്‍, ഡോ പി.വി അരുണ്‍ (എസ്.എന്‍.ഒ‑എച്ച് ആന്റ് ഡബ്ല്യു.സി), ഡോ. അമര്‍ ഫെറ്റില്‍ (എസ്.എന്‍ഒ‑എ.എച്ച്), ഡോ. കെ.സുരേഷ് (എസ്.എ.എം), ഡോ എ.നവീന്‍ (കോഴിക്കോട് ഡിപി.എം) എന്നിവരാണ് സംഘത്തിലുള്ളത്.

ജൂലൈ 20 വരെ സംഘം വയനാട്ടിലുണ്ടാകും. ഇന്നലെ കല്‍പറ്റ ഹരിതഗിരി ഹോട്ടലില്‍ നടന്ന അവലോകന യോഗത്തില്‍ വയനാടിന്റെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ സംഘം തരിയോട്, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും വാഴവറ്റ, പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ വെങ്ങപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലും ഇവര്‍ സന്ദര്‍ശനം നടത്തി. ഇന്നും (ജൂലൈ 19) നാളെയുമായി ജില്ലാ ആശുപത്രിയടക്കം ഇതര ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തും. അവലോകന യോഗത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡി.എം.ഒ ഡോ. ആര്‍.രേണുക, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.