സംസ്ഥാന കലോത്സവത്തിന് അടുത്ത തവണ വേദിയാകുന്നത് കാസര്‍കോട്

Web Desk
Posted on December 09, 2018, 5:46 pm

സ്വന്തം ലേഖകന്‍
ആലപ്പുഴ: ചരിത്രമുറങ്ങുന്ന ആലപ്പുഴയോട് യാത്രപറഞ്ഞ് കലാകൗമാരം ഇനി ഭാഷാസംഗമ ഭൂമിയായ കാസര്‍കോഡ് സംഗമിക്കും. പുലര്‍ച്ചെ തിരശീല വീഴുന്ന കലോത്സവത്തില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ തുടരുന്ന അര്‍ദ്ധരാത്രിയിലും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ഏത് സമയവും മാറിമറിയാവുന്ന പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഇരുജില്ലകളും തമ്മില്‍.
239 ഇനങ്ങളില്‍ 231 ലും മത്സരം പൂര്‍ത്തിയായപ്പോള്‍ പാലക്കാടും കോഴിക്കോടും പോരാട്ടം തുടരുന്നു. 892 പോയിന്റുകളാണ് ഇരുജില്ലകള്‍ക്കുമുള്ളത്. 868 പോയിന്റുമായി തൃശൂരും തൊട്ടുപിന്നാലെയുണ്ട്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ പാലക്കാടാണ് മുന്നില്‍. 426 പോയിന്റ് നേടിയ പാലക്കാടിന് ഭീഷണിയായി 424 പോയിന്റുമായി കണ്ണൂരും കോഴിക്കോടും പിന്നാലെയുണ്ട്. തൃശൂരിന് 419 പോയിന്റും കൊല്ലത്തിന് 407 പോയിന്റുമാണ് ഉള്ളത്. ഹയര്‍സെക്കന്ററി ജനറല്‍ വിഭാഗത്തില്‍ 468 പോയിന്റുമായി കോഴിക്കോടാണ് മുന്നില്‍. 466 പോയിന്റുമായി പാലക്കാടും 457 പോയിന്റുമായി മലപ്പുറവും മുന്നേറ്റം തുടരുന്നു. ഹൈസ്‌കൂള്‍ സംസ്‌കൃതവിഭാഗത്തില്‍ 90 പോയിന്റുകള്‍ വീതം നേടി എറണാകുളവും കണ്ണൂരും പാലക്കാടും കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പമാണ്. ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 95 പോയിന്റുമായി പാലക്കാടും കോഴിക്കോടും മലപ്പുറവും കണ്ണൂരും വയനാടും തൃശൂരും ഒപ്പത്തിനൊപ്പം മുന്നേറുന്നു.
ഹൈസ്‌കൂള്‍ ജനറലില്‍ 95 വിഭാഗങ്ങളിലും മത്സരം പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറിയില്‍ 105 ല്‍ 99 വിഭാഗങ്ങളിലും മത്സരം പൂര്‍ത്തിയായി. ഹൈസ്‌കൂള്‍ സംസ്‌കൃത വിഭാഗത്തില്‍ 19 ല്‍ 18 ലും ഹൈസ്‌കൂള്‍ അറബി വിഭാഗത്തില്‍ 19 ല്‍ പൂര്‍ണ്ണമായും മത്സരങ്ങള്‍ പൂര്‍ത്തിയായി. സമാപന ദിവസമായ ഇന്നലെ ഭൂരിഭാഗം വേദികളിലും വന്‍ ജനസഞ്ചയം കാഴ്ചക്കാരായി എത്തി. നാടോടിനൃത്തവും സംഘനൃത്തവും നങ്ങ്യാര്‍കൂത്തും മിമിക്രിയും പൂരക്കളിയും മൂകാഭിനയവും സദസ് സമ്പന്നമാക്കിയപ്പോള്‍ കാഴ്ചക്കാര്‍ക്കും സംതൃപ്തി.