28 March 2024, Thursday

Related news

July 27, 2023
November 11, 2022
November 4, 2022
September 3, 2022
September 2, 2022
August 22, 2022
July 28, 2022
July 10, 2022
April 28, 2022
January 19, 2022

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; സുരക്ഷയോടെ വീടുകള്‍ സ്മാര്‍ട്ടാക്കാനും വിദ്യ, പറക്കും തളികപോലെ വിക്രാന്തും

ഷാജി ഇടപ്പള്ളി/ ആര്‍ ബാലചന്ദ്രന്‍
കൊച്ചി
November 11, 2022 9:27 pm

ന്യുജൻ കാലത്ത് ഭവനങ്ങൾ എങ്ങനെ സ്മാർട്ടാക്കി സംരക്ഷിക്കാമെന്നതിനുള്ള ഉത്തരവുമായാണ് പത്തനംതിട്ട ഗവൺമെന്റ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളായ അശ്വിൻ എസ് ആനന്ദും, അശ്വിൻ എസ് നായരും ശാസ്ത്രമേളയിലെത്തിയത്. ഭവനഭേദനം, തീപിടിത്തം പോലുള്ള അത്യാഹിതങ്ങൾ ചെറുത്ത് വീടിനെ സംരക്ഷിക്കുന്നതെങ്ങനെയെന്ന് ഇവർ പറഞ്ഞുതരും. ചില സെൻസറുകളുടെ കൂടെ ബാറ്ററി, അടക്കമുള്ള അത്യാധുനിക ഉപകരണങ്ങൾ ഘടിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. അപകടങ്ങളോ മറ്റോ ഉണ്ടായാൽ അത് ഉടമസ്ഥനേയും പൊലീസ് സംവിധാനങ്ങളെയും അറിയിക്കും. അങ്ങനെ വീടിന് പൂർണ സുരക്ഷയൊരുക്കാൻ ഇതുവഴി സാധിക്കുമെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷ സംബന്ധിച്ച വിവരങ്ങൾ വിരൽത്തുമ്പുകളിലെത്തിക്കാനും സാധിക്കും. അതിന് മൊബൈൽ സംവിധാനം പ്രയോജനപ്പെടുത്തുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി. വീടിന്റെ പ്രധാന മുറികളിൽ സ്ഥാപിച്ച സെൻസറുകളാണ് ഇതിന് സഹായിക്കുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ സുരക്ഷയൊരുക്കാൻ കഴിയുമെന്നാണ് വിദ്യാർത്ഥികൾ നൽകുന്ന വാഗ്ദാനം. 2500 രൂപ മുതൽ 5000 രൂപവരെയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

പറക്കും തളികപോലെ വിക്രാന്തും

ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ വളർച്ചകൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന പ്ലസ്ടു വിദ്യാർത്ഥികളാണ് ആലപ്പുഴ തണ്ണീർമുക്കം സ്വദേശികളായ ഗൗതമനും ശ്രീചന്ദും. ഇന്ത്യയുടെ അത്യാധുനിക വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ മറ്റൊരു പതിപ്പിന്റെ മാതൃക അവതരിപ്പിച്ചാണ് അവര്‍ ശാസ്ത്രമേളയിലെത്തിയത്. ഫ്ലൈയിങ് എയർക്രാഫ്റ്റ് കാരിയർ എന്ന പേരിൽ തടിയിൽ രൂപകൽപ്പനചെയ്ത മോഡലായിരുന്നു ഇരുവരും അവതരിപ്പിച്ചത്. ഈ എയർക്രാഫ്റ്റ് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് അനുയോജ്യമാണെന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. തണ്ണീർമുക്കം ഗവൺമെന്റ് എച്ച് എസ്എസിനെ പ്രതിനിധീകരിച്ചാണ് ഇവർ മേളയിലെത്തിയത്.
വിമാനവാഹിനിക്കപ്പൽ മാതൃകയിൽ രൂപപ്പെടുത്തിയെടുത്ത ഇതിന് ചുറ്റും നാല് പങ്കായങ്ങളുണ്ട്. അതാണ് മുകളിലേക്ക് ഉയർന്ന് പറക്കാൻ എയർക്രാഫ്റ്റ് കാരിയറിനെ സഹായിക്കുന്നത്. ഇതിലെ ആണവ റിയാക്ടറിൽ നിന്നുള്ള ഊർജമുപയോഗിച്ചാണ് പ്രവർത്തനം. കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥിയാണ് ഗൗതമൻ. ബയോളജി സയൻസ് വിഷയമാണ് ശ്രീചന്ദ് പഠിക്കുന്നത്. ഇരുവർക്കും മിലിട്ടറിയിൽ ജോലിചെയ്യണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ആദ്യഘട്ടമാണ് ഇവർ അവതരിപ്പിച്ച പ്രോജക്ട്. ആശയവും രൂപകൽപ്പനയും ഇരുവരും ചേർന്നാണ് നടപ്പിലാക്കിയത്.

Eng­lish Summary:State School Sci­ence Fair; Smart homes with secu­ri­ty and tech­nol­o­gy, ins vikrant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.