സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളക്ക് വർണ്ണാഭമായ തുടക്കം

Web Desk
Posted on November 03, 2019, 2:10 pm

തൃശ്ശൂർ: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളക്ക് വർണ്ണാഭമായ തുടക്കം. കുന്നംകുളത്ത് നടക്കുന്ന ശാസ്ത്രോത്സവത്തിൽ 350 ഓളം ഇനങ്ങളിലായി 12,000ത്തിലധികം കുട്ടിശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. രാവിലെ നഗരസഭ ടൗൺഹാളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തി.

പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചാണ് മേള നടത്തുന്നത്. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി പ്രവൃത്തിപരിചയ മേളകളാണ് അഞ്ച് നാളുകളിലായി നടക്കുന്നത്. എല്ലാ വേദികളിലും മത്സരങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടുമുതൽ വേദികളിൽ പ്രദർശനങ്ങൾ നടക്കും.

മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രി വി.എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് കെ.രാജൻ, എം.പിമാരായ രമ്യ ഹരിദാസ്, ടി.എൻ പ്രതാപൻ, എം.എൽ.എമാരായ കെ.വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, ഗീതാഗോപി, അനിൽ അക്കര, കെ.യു അരുണൻ, ബി.ഡി ദേവസി, യു.ആർ പ്രദീപ്, വി.ആർ സുനിൽ കുമാർ, ഇ.ടി ടൈസൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി.എം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.