Web Desk

February 13, 2021, 10:53 am

‘ഞങ്ങള്‍ ഫിറോസിനെ പേടിച്ച് ഒളിവില്‍, കൊന്ന് തിന്നുന്നതാണ് ഭേദം; കാണുന്ന പോലെയല്ല, ഫിറോസ് ക്രിമിനലാണ്’; വെളിപ്പെടുത്തലുമായി വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍

Janayugom Online

കഴിഞ്ഞ ദിവസമാണ് വിവാദ പരാമര്‍ശവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ എത്തിയത്. വയനാട്ടില്‍ നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ഇപ്പോളിതാ ഫിറോസ് കുന്നംപറമ്പിലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍. കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. ഏഴു ലക്ഷം രൂപയാണ് ചികിത്സ കഴിയുന്നതിന് മുന്‍പ് ബിനാമിയായ സെയ്ഫുള്ള പിന്‍വലിച്ചതെന്ന് ഇവര്‍ പറയുന്നു.

ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം പൊതുയിടത്തില്‍വെച്ച് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഫിറോസ് കുന്നംപറമ്പിലിന്റെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നത്. അതേ സമയം ഫിറോസ് കൂട്ടരും നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങള്‍ക്കെതിരെ അവരെ തിരിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. ഫിറോസിനെ പേടിച്ച് ഇപ്പോള്‍ അവര്‍ ഒളിവില്‍ കഴിയുന്നത്. അന്ന് സഹായിക്കുന്നതിന് പകരം കുഞ്ഞുങ്ങളെയും ഞങ്ങളെയും കൊല്ലുന്നതായിരുന്നു ഭേദമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

മാതാപിതാക്കള്‍ പറയുന്നത്…

”തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങള്‍ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവന്‍ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകള്‍ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി. പണം വന്ന് തുടങ്ങിയപ്പോള്‍, കുട്ടിയുടെ സര്‍ജറി കഴിയും മുന്‍പ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിന്‍വലിച്ചു. കൂടാതെ ഏഴു ലക്ഷം രൂപയും പിന്‍വലിച്ചു. ഫിറോസ് ഇപ്പോള്‍ കാണിക്കുന്നത് സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. ഏറ്റവും തരംതാഴ്ന്ന പരിപാടിയാണ് ഫിറോസ് കാണിക്കുന്നത്. നാട്ടുകാരെയും കൂട്ടി നിങ്ങള്‍ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റിപ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തുന്നത്. ഫിറോസ് അത്രയും അധികം രീതിയില്‍ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്കെതിരെ തിരിച്ചു. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവര്‍ത്തനം നടത്തുന്നത്. അന്ന് നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്.”

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് രോഗികളെ തല്ലിക്കൊല്ലണമെന്ന ആഹ്വാനം ഫിറോസ് നടത്തിയത്. ‘പാവപ്പെട്ട പ്രവാസികള്‍ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. ഇവരെയൊക്കെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരം ആളുകളെയൊക്കെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ അനുഭവിച്ചേ തീരൂ.്’
ആ വീഡിയോയ്ക്ക് ശേഷം വിഷയം വിവരിച്ചുകൊണ്ട് ഫിറോസ് ഒരു കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ: ‘സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാല്‍ കാണാം ആര്‍ക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവര്‍ക്ക് നല്‍കിയ പണം അവര്‍ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ല.

എന്തിന് അക്കൗണ്ടില്‍ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്. ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്. 10 ലക്ഷം നല്‍കിയിട്ടും ചികിത്സക്ക് മുന്‍പ് 10 ലക്ഷം തീര്‍ന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നല്‍കി ബാക്കി സര്‍ജറിക്കുള്ള സംഖ്യ ഞാന്‍ ആശുപത്രിയില്‍ കെട്ടിവച്ചു. സര്‍ജറി കഴിഞ്ഞു ഇപ്പോള്‍ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീന്‍ പൌഡര്‍ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാന്‍ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത്. ഒരാപത്തില്‍ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതില്‍ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങള്‍ക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്മെന്റ്് വരട്ടെ. നിങ്ങള്‍ തന്നെ കണ്ട് ബോധ്യപ്പെടു’.

ENGLISH SUMMARY:Statement agan­ist firoz kunnuparambil
You may also like this video