ഇടുതപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ നിരന്തരം അപവാദപ്രചരണം നടത്തിയ ബിജെപിയും, യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. എൽഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമാണ്. പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് കെട്ടിപ്പൊക്കിയ നുണപ്രചരണങ്ങളെ അതിജീവിച്ചാണ് ഇടതു ജനാധിപത്യമുന്നണി ഈ വിജയം നേടിയതെന്നും എം എൻ സ്മാരകത്തിൽ നടത്തിയ വാർത്താസമ്മേളത്തിൽ കാനം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളോടൊപ്പം നിന്നു നടത്തിയ പ്രവർത്തനങ്ങളോടുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. പാവപ്പെട്ടവരുടെ ജീവിതം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എൽഡിഎഫ് പ്രവർത്തിച്ചത്. അതിന് പോറലേൽപ്പിക്കാൻ ചോരതന്നെ കൊതുകിന് കൗതുകം എന്നമട്ടിൽ പ്രതിപക്ഷ കക്ഷികൾ നടത്തിയ ശ്രമങ്ങളെയും ജനങ്ങൾ തള്ളിപ്പറഞ്ഞിരിക്കുന്നു.
എൽഡിഎഫ് കൈവരിച്ച വിജയത്തെ വിലകുറച്ചുകാണാനും അപവാദ പ്രചാരണം തുടരാനുമാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇരുന്നൂറ് സീറ്റുകളിലെങ്കിലും ബിജെപിയുടെ നിലമെച്ചപ്പെടാൻ അവസരം ഒരുക്കിയത് ആരാണെന്ന കാര്യം പരിശോധിക്കേണ്ടത് കോൺഗ്രസാണ്. ഇടതുപക്ഷ ജനാധിപത്യമ മുന്നണിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ഫലം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രാദേശിക വിഷയങ്ങളാണ് ചർച്ചയാകുന്നതെന്നും, ജില്ലാ പഞ്ചായത്തിലാണ് രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ തവണ ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വിജയംനേടിയ എൽഡിഎഫ് ഇക്കുറി 10 ജില്ലാ പഞ്ചായത്തുകളിൽ വിജയംനേടിയതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് എന്താണ് പറയാനുള്ളത്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വിശദമായി പരിശോധിക്കും. സിപിഐ ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിശകലനംചെയ്ത് ഭാവി പരിപാടികൾക്ക് പാർട്ടി രൂപംനൽകും.
ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എൽഡിഎഫിൽ ചേർന്നതുകൊണ്ട് സിപിഐക്ക് മുന്നണിയിലെ രണ്ടാംസ്ഥാനം നഷ്ടമാകുമെന്ന മിഥ്യാധാരണ മാധ്യമങ്ങൾ ഇനിയെങ്കിലും ഒഴിവാക്കണമെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി കാനം പറഞ്ഞു. ഗണിതശാസ്ത്രമറിയാത്തവരാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻമൊകേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
English summary; statement by kanam rajendran
You may also like this video;